ലിവർപൂളിൽ യുവജനോത്സവം; അത്ഭുതപ്പെടുത്തുന്ന അക്കാദമി താരങ്ങൾ
|കരബാവോ കപ്പ് ഫൈനലിലും എഫ്എ കപ്പ് നിർണായക മത്സരത്തിലും ലിവർപൂൾ ജയിച്ച് കയറിയത് കൗമാരകരുത്തിലാണ്
ഭാവിയിലേക്കുള്ള ടീമിനെയൊരുക്കുകയെന്നത് ഫുട്ബോൾ ക്ലബുകളുടെയും പരിശീലകരുടേയും സുപ്രധാന ദൗത്യമാണ്. അക്കാദമി തലത്തിലെ വണ്ടർ കിഡ്സിന് സീനിയർ ടീമിലേക്ക് അതിവേഗ റിക്രൂട്ട്മെന്റാണ്. എല്ലാ ക്ലബുകളും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ടെങ്കിലും സമീപകാലത്ത് അത്ഭുതപ്പെടുത്തിയത് ലിവർപൂൾ അക്കാദമി കൗമാരപടയാണ്. യുർഗൻ ക്ലോപിന്റെ കുട്ടിപട്ടാളം ലഭിച്ച അവസരങ്ങളിൽ മിന്നും പ്രകടനമാണ് നടത്തിയത്. സൂപ്പർ താരങ്ങളായ മുഹമ്മദ് സലാഹ്, ഡാർവിൻ ന്യൂനസ്, അലക്സാണ്ടർ അർണോൾഡ്, കർട്ടിസ് ജോൺസ്, ഗോൾകീപ്പർ അലിസൺ ബെക്കർ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലായതോടെ കൗമാര താരങ്ങളെയാണ് പകരം ക്ലോപ് പ്രധാന മത്സരങ്ങളിലടക്കം കളത്തിലേക്ക് ഇറക്കിവിട്ടത്.
ചെൽസിക്കെതിരായ കരബാവോ കപ്പ് ഫൈനലായിരുന്നു പ്രധാന പരീക്ഷണ വേദി. ചെൽസിയുടെ വൺബില്യൺ പൗണ്ട് യുവനിരയെ ഫൈനലിൽ വീഴ്ത്തിയത് ഈ യങ് ലിവർപൂൾ സംഘമായിരുന്നു. 20 വയസിൽ താഴെയുള്ള അഞ്ച് താരങ്ങളാണ് ചെൽസിക്കെതിരായ കലാശ പോരിൽ സ്ഥാനം പിടിച്ചത്. ടീമിന്റെ ശരാശരി പ്രായം 22 വയസ്. കിരീടനേട്ടത്തിന് ശേഷം നേരെ പോയത് എഫ് എ കപ്പ് കളിക്കാൻ. ഇവിടെയും യുവനിരക്കായിരുന്നു പരിഗണന. 18കാരൻ ലെവിസ് കൗമാസ് മുന്നേറ്റത്തിലും 16കാരൻ ട്രെയ് ന്യോനി മധ്യനിരയിലും സ്ഥാനം പിടിച്ചു. പ്രതിരോധതാരം കോണർ ബ്രാഡ്ലി അലക്സാണ്ടർ അർണോൾഡിന് പകരം സ്ഥിരം ഇലവനിൽ കളിക്കുന്ന താരമാണ്. 19കാരൻ ബോബി ക്ലാർക്കാണ് ഇംപാക്ടുണ്ടാക്കിയ മറ്റൊരു താരം. ക്ലോപിന്റെ ഗെയിം പ്ലാൻ കളത്തിൽ കൃത്യമായി നടപ്പിലാക്കിയ യുവതാരങ്ങൾ എതിരില്ലാത്ത മൂന്ന് ഗോളിന് സതാംപ്ടണെ തോൽപിച്ച് മുൻ ചാമ്പ്യൻമാരെ എഫ് എ കപ്പ് ക്വാർട്ടറിലെത്തിച്ചു. ആശങ്കയേതുമില്ലാതെ കളിവേഗം നിയന്ത്രിച്ചും പ്രസ് ചെയ്തും കൈയടി നേടി.
സീനിയർ ടീമിലെ സ്ഥിര സാന്നിധ്യമാണ് 21 കാരൻ ജാറൽ ക്വാർഷ. അഞ്ചാം വയസിലാണ് അക്കാദമിയെലത്തുന്നത്. ബ്രാഡ്ലി ഒൻപതാം വയസിലും. ജെയിംസ് മക്കെണൽ സണ്ടർ ലാണ്ടിൽ നിന്ന് 15ാംവയസിലാണ് ലിവർപൂളിലെത്തിയത്. മാക് അലിസ്റ്ററിന് പകരം ഗോൾകീപ്പറുടെ റോളിലെത്തിയ ഐറിഷ് താരം കേൽഹറും അവിശ്വസിനീയ പ്രകടനമാണ് പുറത്തെടുത്തത്. ചെൽസിക്കെതിരായ കളിയിൽ താരത്തിന്റെ സേവുകളാണ് ടീമിന്റെ വിജയത്തിലേക്ക് നയിച്ചത്.
നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ് ക്ലോപിന്റെ സംഘം. എഫ്എ കപ്പിലും ചാമ്പ്യൻസ് ലീഗിലുമെല്ലാം പ്രതീക്ഷയോടെ മുന്നേറുകയാണ്. സീസണിൽ ഒരുകിരീടം ഇതിനകം ആൻഫീൽഡിലെത്തിക്കുകയും ചെയ്തു. ഈ സീസണോടെ ക്ലബ് വിടാനൊരുങ്ങുന്ന എക്കാലത്തേയും മികച്ച പരിശീലകൻ യുർഗൻ ക്ലോപിന് അവിസ്മരണീയ യാത്രയയപ്പിനാണ് വിർജെൽ വാൻഡെകും സംഘവും ഒരുങ്ങുന്നത്.