മാഞ്ചസ്റ്ററിനെ വലിച്ചുകീറി ലിവർപൂൾ; ജയം ഏഴു ഗോളിന്
|92 വർഷത്തിനിടെ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഏറ്റവും വലിയ പരാജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്ത് ലിവർപൂൾ. ലീഗിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന ലിവർപൂൾ സ്വന്തം തട്ടകമായ ആൻഫീൽഡിൽ വെച്ചാണ് യുനൈറ്റഡിന് ദയനീയ പരാജയം സമ്മാനിച്ചത്. കോഡി ഗാക്‌പോ, ഡാർവിൻ നൂനസ്, മുഹമ്മദ് സലാഹ് എന്നിവരുടെ ഇരട്ട ഗോളുകളും പകരക്കാരനായി കളത്തിലെത്തിയ റോബർട്ടോ ഫിർമിനോയുടെ ഗോളുമാണ് കളിയുടെ വിധിയെഴുതിയത്. പ്രീമിയർ ലീഗ് ചരിത്രത്തിലെ മാഞ്ചസ്റ്ററിന്റെ ഏറ്റവും കനത്ത തോൽവികളിലൊന്നാണിത്.
കോച്ച് എറിക് ടെൻ ഹാഗിനു കീഴിൽ ഈയിടെ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്ററും പ്രീമിയർ ലീഗിൽ ആദ്യ ആറ് സ്ഥാനങ്ങളിലെത്താൻ അധ്വാനിക്കുന്ന ലിവർപൂളും തമ്മിലുള്ള മത്സരം തുടക്കം മുതൽക്കേ ആവേശകരമായിരുന്നു. എവേ മത്സരം കളിക്കുന്ന യുനൈറ്റഡ് തുടക്കത്തിൽ കൂടുതൽ അവസരങ്ങളുണ്ടാക്കിയെങ്കിലും ആദ്യപകുതിയുടെ അവസാന ഘട്ടത്തിൽ കോഡി ഗാക്‌പോ ഗോളടിച്ചതോടെ കളിയുടെ ഗതിമാറി. ആൻഡി റോബർട്ട്‌സന്റെ തന്ത്രപൂർവമുള്ള ത്രൂപാസ് സ്വീകരിച്ച് ഡച്ച് താരം തൊടുത്ത ഷോട്ട് യുനൈറ്റഡ് കീപ്പർ ഡേവിഡ് ഡിഹയക്ക് അവസരമൊന്നും നൽകിയില്ല. (1-0).
ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ മാഞ്ചസ്റ്ററിന് കാലുറപ്പിക്കാൻ കഴിയുംമുമ്പേ ലിവർപൂൾ അടുത്ത തിരിച്ചടി കൊടുത്തു. പ്രതിരോധത്തിലെ പിഴവുകൾ തുറന്നുകാട്ടിയ നീക്കങ്ങൾക്കൊടുവിൽ ഹാർവി ഇലിയട്ടിന്റെ ക്രോസിൽ നിന്ന് നൂനസ് ലീഡുയർത്തി. (2-0). 50-ാം മിനുട്ടിൽ സലാഹിൽ നിന്ന് പന്ത് സ്വീകരിച്ച് ടൈറ്റ് ആംഗിളിൽ നിന്ന് പന്ത് വലയിലെത്തിച്ച് ഗാക്‌പോ ലീഡുയർത്തി. (3-0).
66-ാം മിനുട്ടിൽ യുനൈറ്റഡ് പ്രതിരോധത്തിന്റെ ദൗർബല്യം മുതലെടുത്ത് സലാഹും സ്‌കോർ പട്ടികയിൽ പേര് ചേർത്തു. (4-0) ഇതോടെ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ യുനൈറ്റഡിനെതിരെ ഗോൾ നേടുന്ന ആദ്യ ലിവർപൂൾ താരം എന്ന റെക്കോർഡ് ഈജിപ്തുകാരൻ സ്വന്തം പേരിലാക്കി. 75-ാം മിനുട്ടിൽ ജോർദൻ ഹെൻഡേഴ്‌സന്റെ ക്രോസിൽ നിന്ന് ഹെഡ്ഡറുതിർത്ത് നൂനസ് തന്റെ രണ്ം ഗോൾ കണ്ടെത്തി. (5-0).
83-ാം മിനുട്ടിൽ ഫിർമിനോയുടെ അസിസ്റ്റിൽ നിന്നാണ് സലാഹ് തന്റെ രണ്ടാം ഗോൾ നേടിയത് (6-0). 88-ാം മിനുട്ടിൽ ഫിർമിനോയ്ക്ക് ഗോളിനുള്ള അവസരമൊരുക്കിയതും സലാഹ് ആയിരുന്നു. (7-0).
വൻ മാർജിനിൽ തോറ്റെങ്കിലും പോയിന്റ് ടേബിളിൽ യുനൈറ്റഡിന്റെ മൂന്നാം സ്ഥാനത്തിന് ഇളക്കമൊന്നും തട്ടിയിട്ടില്ല. 25 മത്സരങ്ങളിൽ നിന്ന് 49 പോയിന്റാണ് അവർക്കുള്ളത്. ലിവർപൂൾ ഇത്രയും മത്സരങ്ങലിൽ നിന്ന് 42 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്.
തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളുടെ കൂട്ടത്തിലേക്കാണ് ഇന്നത്തെ മത്സരത്തോടെ യുനൈറ്റഡ് ഒന്നു കൂടി എഴുതിച്ചേർത്തത്. 1926 ൽ ബ്ലാക്ക്ബേൺ റോവേഴ്സിനോടും 1930 ൽ ആസ്റ്റൻ വില്ലയോടും 1931 ൽ വൂൾവറാംപ്ടൺ വാണ്ടറേഴ്സിനോടും അവർ ഇതേ സ്കോറിന് തോറ്റിട്ടുണ്ട്.