ആഫ്രിക്കൻ നേഷൻസ് കപ്പിനിടെ സലാഹിന് പരിക്ക്; ആശങ്ക
|കരുത്തരുടെ പോരാട്ടത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതമാണ് നേടിയത്.
ലണ്ടൻ: ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഘാനയുമായുള്ള മത്സരത്തിനിടെ ഈജിപ്ത് താരം മുഹമ്മദ് സലാഹിന് പരിക്ക്. ഇടങ്കാലിന് പരിക്കേറ്റ സലാഹ് ആദ്യ പകുതിയുടെ അവസാനം കളം വിട്ടു. ആഫ്‌കോണിൽ കിരീടം പ്രതീക്ഷിച്ചിറങ്ങുന്ന ഈജിപ്തിന് 31കാരന്റെ പരിക്ക് വലിയ തിരിച്ചടിയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുന്നേറുന്ന ലിവർപൂളിനും സലാഹിന്റെ നഷ്ടം പ്രതിസന്ധി തീർക്കും. ഈസീസണിൽ ലിവർപൂളിന്റെ ടോപ് സ്‌കോററാണ് താരം.
അതേസമയം, ഘാന-ഈജിപ്ത് ബലാബലം സമനിലയിൽ കലാശിച്ചു. കരുത്തരുടെ പോരാട്ടത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതമാണ് നേടിയത്. ഘാനക്കായി മുഹമ്മദ് കുദൂസ്(45+3,71) ഇരട്ട ഗോളുമായി തിളങ്ങി. ഒമർ മർഷൂദ്(69), മുസ്തഫ മുഹമ്മദ്(74) എന്നിവരാണ് ഈജിപ്തിനായി ലക്ഷ്യം കണ്ടത്.
ആദ്യ പകുതിയിൽ ഈജിപ്ത് ആധിപത്യം പുലർത്തിയെങ്കിലും ലീഡ് സ്വന്തമാക്കാനായിരുന്നില്ല. ഒടുവിൽ മുഹമ്മദ് കുദൂസിന്റെ ബ്രില്യൻസിൽ ഘാന മുന്നിലെത്തി. 69ാം മിനിറ്റിൽ ഇനാകി വില്യംസിന്റെ ബാക് പാസിൽ ഒമർ മർഷൂദ് ഈജിപ്തിന് സമനില സമ്മാനിച്ചു. എന്നാൽ രണ്ട് മിനിറ്റിനകം തിരിച്ചടിച്ച് ഘാനയെ വീണ്ടും കുദൂസ് മുന്നിലെത്തിച്ചു. 74ാം മിനിറ്റിൽ ട്രെസഗസ്റ്റിന്റെ പാസിൽ മുസ്തഫ മുഹമ്മദ് മത്സരത്തിലെ നാലാം ഗോളും നേടി.
അവസാന ക്വാർട്ടറിൽ വിജയത്തിനായി ഇരു ടീമുകളും പൊരുതിയെങ്കിലും ലക്ഷ്യം കാണനായില്ല. രണ്ട് മത്സരങ്ങളിൽ രണ്ട് സമനില മാത്രമുള്ള ഈജിപ്ത് നിലവിൽ ഗ്രൂപ്പ് ബിയിൽ രണ്ടാമതാണ്. ഒരു തോൽവിയും സമനിലയുമുള്ള ഘാന നാലാമതും. ഗ്രൂപ്പിൽ മുന്നേറാൻ ഇരുടീമുകൾക്കും അടുത്ത മത്സരം നിർണായകമാണ്.