12 കളികളിൽ നിന്ന് 11 ഗോളുകൾ; സലാഹിന്റെ ചിറകിലേറി വീണ്ടും ലിവർപൂൾ
|ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
പ്രീമിയർ ലീഗിലെ ഗ്ലാമർ പോരാട്ടത്തിൽ ആഴ്‌സണലിനെ എതിരില്ലാത്ത നാലു ഗോളിന് കശക്കി ലിവർപൂൾ. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ സാദിയോ മാനേ, ഡിയോഗോ ജോട്ട, മുഹമ്മദ് സലാഹ്, തകുമി മിനാമിനോ എന്നിവരാണ് ചെമ്പടയ്ക്കായി ഗോളുകൾ നേടിയത്. കിണഞ്ഞു ശ്രമിച്ചെങ്കിലും ഒരു തവണ പോലും എതിർ പ്രതിരോധ നിരയെ വകഞ്ഞ് ലക്ഷ്യം കാണാൻ ആഴ്‌സണലിനായില്ല.
തുടർച്ചയായ പത്തു മത്സരങ്ങളിൽ തോൽവിയറിയാതെ വന്ന സംഘത്തെയാണ് യുർഗൻ ക്ലോപ്പിന്റെ കുട്ടികൾ കെട്ടുകെട്ടിച്ചത്. 39-ാം മിനിറ്റിൽ അലക്‌സാണ്ടർ ആർണോൾഡിന്റെ ഫ്രീകിക്കിന് തലവച്ചാണ് മാനേ ആദ്യ ഗോൾ കണ്ടെത്തിയത്. എതിർതാരം നുനോ ടവരെസിൽ നിന്ന് സംഭവിച്ച പിഴവ് മുതലെടുത്ത് ജോട്ട 52-ാം മിനിറ്റിൽ വീണ്ടും വലകുലുക്കി. 73-ാം മിനിറ്റിൽ അതിവേഗ കൗണ്ടർ വഴിയാണ് സലാ ഗോൾ കണ്ടെത്തിയത്. സബ്‌സ്റ്റിറ്റ്യൂട്ടായി ഇറങ്ങി 48-ാം സെക്കൻഡിലായിരുന്നു മിനാമിനോയുടെ ഗോൾ.
ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ആഴ്‌സണൽ അഞ്ചാമതാണ്. 12 കളികളിൽ നിന്ന് 29 പോയിന്റുമായി ചെൽസിയാണ് ലീഗിൽ ഒന്നാമത്. അത്രയും കളികളിൽ നിന്ന് 25 പോയിന്റുമായി ലിവർ രണ്ടാമതും. മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 11 കളികളിൽ നിന്ന് 23 പോയിന്റുണ്ട്. 14 കളികളിൽ നിന്ന് 20 പോയിന്റാണ് ആഴ്‌സണലിന്റെ സമ്പാദ്യം.
ചിരവൈരികൾ തമ്മിലുള്ള പോരാട്ടത്തിൽ മികച്ച ഫുട്‌ബോളാണ് ക്ലോപ്പിന്റെ സംഘം പുറത്തെടുത്തത്. അതിവേഗ നീക്കങ്ങൾ കൊണ്ടും ക്രിയേറ്റിവിറ്റി കൊണ്ടും ലിവർ എതിരാളികളേക്കാൾ ബഹുദൂരം മുമ്പിൽ നിന്നു. കളിയുടെ 63 ശതമാനം സമയവും പന്ത് കൈവശം വച്ച അവർ 19 തവണ ഗോളിലേക്ക് ഷോട്ടുതിർത്തു. അഞ്ചു തവണ മാത്രമാണ് ആഴ്‌സണലിന് ഗോൾ ലക്ഷ്യമാക്കി ഷോട്ട് പായിക്കാനായത്.