പ്രീമിയർ ലീഗിൽ ആദ്യ നാലിൽ ഇടം പിടിക്കാൻ ലിവർപൂൾ
|ഒരു വർഷത്തിനു ശേഷമാണ് താരം ലിവർപൂളിനായി ഗോൾ കണ്ടെത്തുന്നത്
ഇന്നലെ എലാൻഡ് റോഡിൽ ലീഡ്സിനെ 6-1 ന് തോൽപ്പിച്ചതോടെ പ്രീമിയർ ലീഗിൽ ആദ്യ നാലിലെത്താനാകുമെന്ന പ്രതീക്ഷ കാക്കാൻ ലിവർപൂളിനായി. വിജയം യുർഗൻ ക്ലോപ്പിനും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
ഈ സീസണിൽ ലിവർപൂളിന് മനോഹരമായ ദിവസങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ തങ്ങളുടെ മങ്ങിയ ടോപ്പ്-ഫോർ പ്രതീക്ഷകൾ സജീവമാക്കാൻ ലഭിച്ച ഇന്നലത്തെ വിജയം അവർക്ക് ആസ്വദിക്കാനാകും. ഡിയോഗോ ജോട്ട ഇന്നലെ രണ്ടു ഗോളുകൾ ലിവർപൂളിനായി നേടി. ഒരു വർഷത്തിനു ശേഷമാണ് താരം ലിവർപൂളിനായി ഗോൾ കണ്ടെത്തുന്നത്. ജോട്ടയോടൊപ്പം സൂപ്പർ താരം മുഹമ്മദ് സലായും ഇന്നലെ ഇരട്ട ഗോളുകൾ നേടിയിരുന്നു. കോഡി ഗാക്പോയും പകരക്കാരനായി ഇറങ്ങിയ ഡാർവിൻ ന്യൂനെസും മത്സരത്തിൽ ലിവർപൂളിനായി മറ്റു ഗോളുകൾ കണ്ടെത്തി.
Diogo Jota hadn't scored for Liverpool since last April.
— GOAL (@goal) April 17, 2023
He scored twice against Leeds tonight 😎 pic.twitter.com/AcDuZVCDHS
നിലവിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തുള്ള ന്യൂകാസ്റ്റിലിനേക്കാൾ ഒമ്പത് പോയിന്റ് കുറവാണ് എട്ടാമതുളള ലിവർപൂളിന്, എന്നാൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനേക്കാൾ ഒരു മത്സരം കുറവാണ് ലിവർപൂൾ കളിച്ചിരിക്കുന്നത്. 2020 ഡിസംബറിന് ശേഷമുള്ള അവരുടെ ഏറ്റവും വലിയ എവേ ലീഗ് വിജയം ടീമിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതകൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്. ഈ സീസണിൽ പ്രീമിയർ ലീഗിൽ എട്ട് മത്സരങ്ങൾ ഇനിയും ലിവർപൂളിന് ബാക്കിയുണ്ട്.
ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായാൽ ക്ലബ്ബിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടികളാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിൽ പുതിയ സ്പോൺസർമാരെ കണ്ടു പിടിക്കുക പ്രയാസകരമാകും. കൂടാതെ സലാഹ് ഉൾപ്പെടെയുളള താരങ്ങളെയും ടീമിൽ നിലനിർത്താൻ ലിവർപൂളിനു കഴിഞ്ഞെന്നു വരില്ല.