Football
ടീമിൽ നിൽക്കണം; സലാഹിന് മുമ്പിൽ ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ ഓഫർ വച്ച് ലിവർപൂൾ
Football

'ടീമിൽ നിൽക്കണം'; സലാഹിന് മുമ്പിൽ ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ ഓഫർ വച്ച് ലിവർപൂൾ

Sports Desk
|
20 Aug 2021 5:00 AM GMT

2017ൽ ലിവർപൂളിലെത്തിയ സലാഹ് ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടനേട്ടങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു.

ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹിനെ എന്തുവില കൊടുത്തും ടീമിൽ നിലനിർത്താൻ ലിവർപൂൾ. ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ തുക തന്നെ താരത്തിനായി മുടക്കാമെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. നിലവിൽ പ്രതിവാരം 200,000 പൗണ്ടാണ് താരത്തിന്റെ പ്രതിഫലം.

29കാരനായ സലാഹിന് 2023 വരെയാണ് ക്ലബിൽ കരാറുള്ളത്. എന്നാൽ അടുത്ത രണ്ടു വർഷം കൂടി താരത്തിന്റെ സേവനം ഉപയോഗപ്പെടുത്താനാണ് ക്ലബിന്റെ നീക്കം. ഇതിനായി വമ്പൻ തുക സലാഹിന് മുമ്പിൽ ലിവർപൂൾ വച്ചതായി ബ്രിട്ടീഷ് മാധ്യമമായ ദ അത്‌ലറ്റികാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ വിർജിൽ വാൻഡൈകാണ് ക്ലബിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരം-പ്രതിവാരം 220,000 പൗണ്ട്.

2017ൽ ലിവർപൂളിലെത്തിയ സലാഹ് ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടനേട്ടങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു. 204 കളികളിൽ നിന്ന് 126 ഗോളാണ് സലാഹ് നേടിയത്. 49 അസിസ്റ്റുമുണ്ട്. ഈ സീസണിലും മിന്നും ഫോമിലാണ് താരം. നോർവിച്ചിനെതിരെയുള്ള ഉദ്ഘാടന മത്സരത്തിൽ രണ്ട് ഗോളാണ് സ്‌ട്രൈക്കർ നേടിയത്. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ചെമ്പടയുടെ ജയം.

2013-14 സീസണിൽ ചെൽസിയിലാണ് സലാഹ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരിയർ ആരംഭിച്ചത്. പിന്നീട് ഇറ്റാലിയൻ ക്ലബ്ബായ റോമ താരത്തെ സ്വന്തമാക്കി. അവിടെ നിന്നാണ് ലിവർപൂളിലേക്ക് ചേക്കേറിയത്.

Related Tags :
Similar Posts