ചാമ്പ്യൻസ് ലീഗ്: ആദ്യ പാദം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ
|ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം.
മാഞ്ചസ്റ്റർ: ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി ജയിച്ചത്. മറ്റൊരു മത്സരത്തിൽ ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളകൾക്ക് ബെൻഫിക്കയെ തോൽപ്പിച്ചു.
എത്തിഹാദിൽ ഒരു ഷോട്ട് പോലും ഉതിർക്കാതെയുള്ള പ്രതിരോധക്കളിയാണ് അത്ലറ്റിക്കോ മാഡ്രിഡ് പയറ്റിയത്. പതിനൊന്ന് താരങ്ങളും പ്രതിരോധിച്ച് ബസ് പാർക്കിങ് നടത്തിയപ്പോൾ വീണുകിട്ടയ അവസരങ്ങളിലൊന്ന് സിറ്റി മുതലാക്കി. എഴുപതാം മിനിട്ടിൽ ഫിൽ ഫോഡൻ നൽകിയ പന്ത് കെവിൻ ഡിബ്രുയിൻ വലയിലെത്തിച്ചു. ഒറ്റഗോൾ ബലത്തിൽ സിമിയോണിക്ക് മേൽ പെപ്പിന്റെ വിജയം. ഡിബ്രുയിന്റെ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളാണിത്. അടുത്ത ആഴ്ച മാഡ്രിഡിലാണ് രണ്ടാം പാദ ക്വാർട്ടർ മത്സരം.
ലിവർപൂളിനെതിരായ ബെൻഫിക്കയുടെ തോൽവി അത്രകണ്ട് മോശമായിരുന്നില്ല. ഇബ്രാഹിമാ കൊനാറ്റെയുടെയും സാദിയോ മാനെയുടെയും ഗോളിൽ ആദ്യ പകുതിയിൽ ലിവർപൂൾ രണ്ട് ഗോളിന് ലീഡെടുത്തു. ഡാർവിൻ ന്യൂനെസിലൂടെ ബെനഫിക്ക രണ്ടാം പകുതിയിൽ ഗോൾ മടക്കി. എന്നാൽ എൺപത്തിയേഴാം മിനിറ്റിൽ ലൂയിസ് ഡയസ് ഗോൾ നേടിയതോടെ ലിവർപൂൾ വിജയമുറപ്പിച്ചു.
17ാം മിനുറ്റിൽ റൊബേർട്സന്റെ കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ ഇബ്രാഹിം കൊനാറ്റെ ആണ് ലിവർപൂളിന് ലീഡ് നൽകിയത്. കൊനാറ്റെയുടെ ലിവർപൂൾ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. 34ാം മിനുറ്റിലായുരുന്നു മാനെയുടെ ഗോൾ. കൊനാറ്റയുടെ പിഴവ് മുതലെടുത്ത് നുനെസ് ആണ് 49ാം മിനുറ്റിൽ ബെൻഫികയ്ക്ക് ഒരു ഗോൾ നൽകിയത്. ഈ ഗോൾ ബെൻഫികയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ജയിക്കാനായില്ല. 87ാം മിനുറ്റിൽ ലൂയിസിന്റെ ഗോൾ കൂടെ വന്നതോടെ ലിവര്‍പൂളിന് ജയം. ആൻഫീൽഡിലാണ് രണ്ടാം പാദം. അതിനാല്‍ ബെന്‍ഫിക്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.