'ഇല്ല, ലിവർപൂൾ വിൽക്കുന്നില്ല'; നീക്കം ഉപേക്ഷിച്ച് ഉടമകൾ
|ക്ലബ് വാങ്ങാനുള്ള ചർച്ചയുടെ ഭാഗമായി ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് വൃത്തങ്ങൾ ലിവർപൂൾ ഉടമകളുമായി ചർച്ച നടത്തിയതായി വാർത്തയുണ്ടായിരുന്നു
ലണ്ടൻ: ലിവർപൂളിനെ വിൽക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി ക്ലബ് ഉടമകൾ. ക്ലബിനെ വിൽക്കാൻ പദ്ധതിയില്ലെന്ന് ക്ലബിന്റെ പ്രധാന ഉടമകളിൽ ഒരാളായ യു.എസ് നിക്ഷേപകൻ ജോൺ ഹെന്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിക്ഷേപകർക്കായുള്ള അന്വേഷണം തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
ലിവർപൂൾ ഉടമകളായ ഹെന്റിയുടെ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ്(എഫ്.എസ്.ജി) കഴിഞ്ഞ നവംബറിൽ നിക്ഷേപകരെ ക്ഷണിച്ച് പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. മികച്ച ഓഫർ ലഭിക്കുകയാണെങ്കിൽ വിൽപനയും ആലോചിക്കുന്നുണ്ടെന്നും എഫ്.എസ്.ജി സൂചിപ്പിച്ചിരുന്നു. ഗ്രൂപ്പ് ചെയർമാൻ ടോം വെർണർ ഇക്കാര്യം പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ക്ലബ് വിൽക്കാനുള്ള നീക്കം ഉപേക്ഷിച്ചതായാണ് ഹെന്റിയുടെ വിശദീകരണം വ്യക്തമാക്കുന്നത്.
'ഞങ്ങൾ ലിവർപൂൾ വിൽക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. അതേസമയം, നിക്ഷേപകരെ സ്വാഗതം ചെയ്യുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുതിയ നീക്കമുണ്ടായേക്കാം. എന്നാൽ, വിൽപനയുണ്ടാകില്ല'-'ബോസ്റ്റൺ സ്പോർട്സ് ജേണലി'ന് നൽകിയ അഭിമുഖത്തിൽ ജോൺ ഹെന്റി വ്യക്തമാക്കി.
ലിവർപൂൾ വിൽപനയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് അറിയാമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നടപടിക്രമങ്ങൾക്ക് ഔദ്യോഗിക മാനം കൊണ്ടുവരിക മാത്രമാണ് തങ്ങൾ ചെയ്തതെന്നും ഹെന്റി കൂട്ടിച്ചേർത്തു.
ലിവർപൂളിനെ സ്വന്തമാക്കാൻ ഖത്തർ നീക്കം നടത്തുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ലിവർപൂൾ ഉടമകളുമായി ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്(ക്യു.എസ്.ഐ) ചർച്ച നടത്തിയതായും വാർത്തയുണ്ടായിരുന്നു.
2021ന്റെ തുടക്കത്തിൽ യു.എസ് ശതകോടീശ്വരൻ ജെറി കർദിനാളിന്റെ റെഡ്ബേഡ് കാപിറ്റൽ എന്ന നിക്ഷേപ ഗ്രൂപ്പ് ഫെൻവേയുടെ 10 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ റെഡ്ബേഡ് ലിവർപൂൾ സ്വന്തമാക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, പിന്നീടാണ് സീരീ എ കരുത്തരായ എ.സി മിലാനെ കമ്പനി വാങ്ങുന്നത്.
2010 ഒക്ടോബറിലാണ് ടോം ഹിക്സ്-ജോർജ് ഗില്ലെറ്റിൽനിന്ന് ഫെൻവേ ഗ്രൂപ്പ് ലിവർപൂളിനെ സ്വന്തമാക്കുന്നത്. 300 മില്യൻ പൗണ്ട് മുടക്കിയായിരുന്നു ക്ലബ് വാങ്ങുന്നത്.
Summary: Liverpool's American owner John Henry clarifies he is not selling the club, but but does expect some investment