ലിവർപൂൾ വിൽപനയ്ക്ക്; സുവര്‍ണകാലത്തിന് അന്ത്യമാകുന്നു?
|2010ൽ 300 മില്യൻ പൗണ്ട് മുടക്കിയാണ് ഫെർവേ ഗ്രൂപ്പ് ലിവർപൂളിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്
ലണ്ടൻ: പ്രീമിയർ ലീഗിലെ മുൻനിര ക്ലബായ ലിവർപൂളിനെ വിൽപനയ്ക്ക് വച്ച് ഫെൻവേ സ്‌പോർട്‌സ് ഗ്രൂപ്പ്(എഫ്.എസ്.ജി). 12 വർഷം കൊണ്ട് ക്ലബിന്റെ അടിമുടി മാറ്റത്തിൽ നിർണായക പങ്കുവഹിച്ച ശേഷമാണ് ക്ലബ് വിൽക്കാൻ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. യു.എസ് ആസ്ഥാനമായുള്ള കായിക വാർത്താ പോർട്ടലായ 'ദ അത്‌ലറ്റിക്' ആണ് വാർത്ത പുറത്തുവിട്ടത്.
വിൽപനാ നടപടിക്രമങ്ങളിൽ സഹായിക്കാനായി നിക്ഷേപ ബാങ്കുകളായ ഗോൾഡ്മാൻ സാച്ച്‌സിനെയും മോർഗാൻ സ്റ്റാൻലിയെയും ലിവർപൂൾ ഉടമകൾ കൂടെക്കൂട്ടിയിട്ടുണ്ട്. എന്നാൽ, പുതിയ റിപ്പോർട്ടുകളെ കുറിച്ച് പ്രതികരിക്കാൻ എഫ്.എസ്.ജി തയാറായിട്ടില്ല. ഇതിനുമുൻപും ലിവർപൂളിൽ പുതിയ ഓഹരി ഉടമകളെ കണ്ടെത്താൻ ഫെൻവേ ശ്രമിച്ചിരുന്നു.
ക്ലബിന്റെ ഉടമസ്ഥതയിൽ തുടരുമെന്നും പുതിയ നിക്ഷേപം ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നുമാണ് എഫ്.എസ്.ജിയുമായി ബന്ധമുള്ള ചില വൃത്തങ്ങൾ സൂചിപ്പിച്ചത്. എന്നാൽ, ക്ലബ് വാങ്ങാൻ താൽപര്യമുള്ള കമ്പനികൾക്ക് വിൽപനയുമായി ബന്ധപ്പെട്ട് രേഖകൾ കഴിഞ്ഞ മാസം തന്നെ ഫെൻവേ ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്. ക്ലബ് പൂർണമായും വിൽക്കാൻ തന്നെയാണ് പദ്ധതിയിടുന്നതെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.
2021ന്റെ ആരംഭത്തിൽ യു.എസ് ശതകോടീശ്വരൻ ജെറി കർദിനാളിന്റെ ഉടമസ്ഥതയിലുള്ള റെഡ്‌ബേഡ് കാപിറ്റൽ എഫ്.എസ്.ജിയുടെ 10 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. ആ സമയത്ത് 543 മില്യൻ പൗണ്ട്(ഏകദേശം 5,100 കോടി രൂപ) ആയിരുന്നു ഇതിന്റെ മൂല്യം. റെഡ്‌ബേഡ് ലിവർപൂൾ സ്വന്തമാക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, അടുത്തിടെയാണ് സീരീ എ കരുത്തരായ എ.സി മിലാനെ കമ്പനി സ്വന്തമാക്കിയത്.
2010 ഒക്ടോബറിലാണ് ടോം ഹിക്‌സ്-ജോർജ് ഗില്ലെറ്റിൽനിന്ന് ഫെൻവേ ഗ്രൂപ്പ് ലിവർപൂളിനെ വാങ്ങുന്നത്. അന്ന് 300 മില്യൻ പൗണ്ട് മുടക്കിയാണ് ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്. ഇപ്പോൾ ക്ലബ് വിൽക്കുകയാണെങ്കിൽ എഫ്.എസ്.ജിക്ക് നാല് ബില്യൻ പൗണ്ട് വരെ സ്വന്തമാക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.
ഫെൻവേയ്ക്കു കീഴില്‍ ലിവര്‍പൂളിന്‍റെ സുവര്‍ണകാലമായിരുന്നുവെന്നു തന്നെ പറയാം. കഴിഞ്ഞ 12 വര്‍ഷത്തിനിടെ കായികരംഗത്തും അടിസ്ഥാനസൗകര്യ രംഗത്തും വലിയ കുതിച്ചുചാട്ടത്തിനാണ് ലിവർപൂൾ സാക്ഷ്യംവഹിച്ചത്. ടീമിന്റെ എക്കാലത്തെയും മികച്ച പരിശീലകനായ യുർഗൻ ക്ലോപ്പിനെ ടീം മാനേജറായി നിയമിച്ചത് ഫെൻവേയായിരുന്നു. സൂപ്പർ താരങ്ങളെ ക്ലബിലെത്തിക്കാനുമായി.
പ്രീമിയർ ലീഗും ചാംപ്യൻസ് ലീഗും ഉൾപ്പെടെ ഒൻപത് കിരീടങ്ങളും സ്വന്തം പേരിൽ തുന്നിച്ചേർക്കാനായി. 2019-20 സീസണിലായിരുന്നു ക്ലബിന്റെ ചരിത്രത്തിലെ തന്നെ ആദ്യ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്. ഇതോടൊപ്പം 61,0000 കാണികളെ ഉൾക്കൊള്ളാവുന്ന തരത്തിൽ ഹോംഗ്രൗണ്ടായ ആൻഫീൽഡിനെ ഉടൻ വികസിപ്പിക്കാനിരിക്കുകയാണ്.
Summary: Fenway Sports Group put Liverpool up for sale