ചെൽസി വെല്ലുവിളി ജയിച്ച് ലിവർപൂൾ; ഇഞ്ച്വറി ടൈം ഗോളിൽ മാഞ്ചസ്റ്റർ സിറ്റി
|ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആവേശപ്പോരാട്ടങ്ങളുടെ ദിനം. ഇഞ്ചോടിഞ്ച് പോരിൽ ചെൽസിയെ മറികടന്ന് ലിവർപൂളും ഇഞ്ച്വറി ടൈം ഗോളിൽ വോൾവ്സിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റിയും വിലപ്പെട്ട 3 പോയന്റുകൾ സ്വന്തമാക്കി. എട്ടുമത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ 21 പോയന്റുമായി ലിവർപൂൾ ഒന്നാമതും 20 പോയന്റുള്ള സിറ്റി രണ്ടാമതുമാണ്.
സ്വന്തം തട്ടകമായ ആൻഫീൽഡിൽ ചെൽസി ഉയർത്തിയ കനത്ത വെല്ലുവിളി മറികടന്നാണ് ലിവർപൂളിന്റെ വിജയം. 29ാം മിനിറ്റിൽ മുഹമ്മദ് സലാഹിന്റെ പെനൽറ്റി ഗോളിൽ ലിവർപൂളാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 48ാം മിനിറ്റിൽ നിക്കൊളാസ് ജാക്സണിലൂടെ ചെൽസി തിരിച്ചടിച്ചു. വൈകാതെ 51ാം മിനുറ്റിൽ കർട്ടിസ് ജോൺസ് കുറിച്ച ഗോളിന്റെ ബലത്തിൽ ചെങ്കുപ്പായക്കാർ വിജയം പിടിച്ചെടുക്കുകയായിരുന്നു. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ചെൽസിയായിരുന്നു മുന്നിൽ. പക്ഷേ ലിവർപൂൾ പ്രതിരോധം നന്നായി പണിയെടുത്തതാണ് ചെൽസിക്ക് വിനയായത്.
ഏഴാം മിനുറ്റിൽ ജോർഗൻ സ്ട്രാൻഡ് ലാർസനിലുടെ മുന്നിലെത്തിയ വോൾവ്സ് സിറ്റിക്ക് ഷോക്ക് നൽകിയാണ് തുടങ്ങിയത്. തുടർന്ന് പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞ വോൾവ്സ് വല്ലപ്പോഴും മാത്രമാണ് എതിർഗോൾമുഖത്തേക്ക് പാഞ്ഞത്. 33ാം മിനുറ്റിൽ ജോസ്കോ ഗ്വാർഡിയോൾ ഉജ്ജ്വലമായ ലോങ് റേഞ്ചറിലൂടെ സിറ്റിക്കായി ഗോൾ മടക്കി. രണ്ടാം പകുതിയിലും പ്രതിരോധത്തിലൂന്നിയ വോൾവ്സ് സിറ്റിയെ കുഴക്കി. വിജയഗോളിനായി നിരന്തര പരിശ്രമങ്ങൾ നടത്തിയ സിറ്റിയുടെ ശ്രമങ്ങൾ ഇഞ്ച്വറി സമയത്താണ് പൂവണിഞ്ഞത്. ജോൺ സ്റ്റോൺസാണ് സിറ്റിക്കായി ഒരിക്കൽ കൂടി രക്ഷകനായത്. മത്സരത്തിന്റെ 78 ശതമാനവും പന്ത് കൈവശം വെച്ച സിറ്റി 22 ഷോട്ടുകളും ഉതിർത്തു.