ഏഴു ഗോൾ ത്രില്ലറിൽ ചെമ്പടയെ തുരത്തി ചെകുത്താൻമാർ; എഫ് എ കപ്പ് സെമിയിൽ
|പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുമെന്നുറപ്പിച്ച സമയത്താണ് അന്തിമ വിസിലിന് മുൻപുള്ള അവസാന കൗണ്ടർ അറ്റാക്കിലൂടെ വിജയഗോൾ നേടിയത്.
ലണ്ടൻ: ഓൾഡ് ട്രാഫോർഡിൽ ചുവന്ന ചെകുത്താൻമാരുടെ ഗർജ്ജനത്തിൽ ചെമ്പടയുടെ സ്വപ്‌നങ്ങൾ തകർന്നടിഞ്ഞു. എഫ്എ കപ്പ് ഏഴുഗോൾ ത്രില്ലർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ മൂന്നിനെതിരെ നാലുഗോളുകൾക്കാണ് കീഴടക്കിയത്. ആദ്യവസാനം അടിച്ചും തിരിച്ചടിച്ചും ഇരുടീമുകളും കളംനിറഞ്ഞ മത്സരത്തിൽ അധിക സമയത്തിന്റെ അവസാന മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അമാദ് ഡയലോ നേടിയ(120+1) ഗോളിലാണ് ആതിഥേയർ വെംബ്ലിയിലേക്കുള്ള സെമി ടിക്കറ്റെടുത്തത്. ലിവർപൂളിനോട് ഈസീസണോടെ വിടപറയുന്ന വിഖ്യാത പരിശീലകൻ യുർഗൻ ക്ലോപിനായി എഫ് എ കപ്പ് സ്വന്തമാക്കാനുള്ള താരങ്ങളുടെ സ്വപ്‌നങ്ങളും ഓൾഡ് ട്രാഫോർഡിൽ തകർന്നടിഞ്ഞു. 10ാം മിനിറ്റിൽ മാക് ടോമിനിയിലൂടെ ചെകുത്താൻമാരാണ് ആദ്യംഗോൾവേട്ടക്ക് തുടക്കമിട്ടത്. എന്നാൽ പിന്നീട് ചെമ്പട മത്സരത്തിന്റെ ആധിപത്യമേറ്റെടുത്തു. 44ാം മിനിറ്റിൽ അർജന്റൈൻ താരം അലെക്‌സിസ് മാക് അലിസ്റ്ററിലൂടെ(44) സമനില പിടിച്ചു. തൊട്ടടുത്ത മിനിറ്റിൽ മുഹമ്മദ് സലാഹിലൂടെ(2-1) ലീഡ് നേടിയാണ് ആദ്യ പകുതിയിലേക്ക് തിരിച്ചുനടന്നത്.
രണ്ടാം പകുതിയിൽ മാറ്റങ്ങൾ പലതും നടത്തിയെങ്കിലും എറിക് ടെൻ ഹാഗിന് സമനിലയിലേക്കെത്താനായില്ല. സ്വന്തം കാണികൾക്ക് മുന്നിൽ വീണ്ടുമൊരു തോൽവിയെന്ന് തോന്നിപ്പിച്ച സമയത്താണ് പകരക്കാരനായി ഇറങ്ങിയ ബ്രസീലിയൻ ആന്റണി (87) സമനില നേടി യുണൈറ്റഡിന് ജീവൻ തിരിച്ചുനൽകിയത്. എക്‌സ്ട്രാ ടൈമിൽ വീണ്ടും ലിവർപൂൾ പ്രഹരമെത്തി. ഇത്തവണ ഹാവി എലിയറ്റാണ്(105) സന്ദർശകരെ മുന്നിലെത്തിച്ചത്. എന്നാൽ മാർക്കസ് റാഷ്‌ഫോഡിലൂടെ(112) വീണ്ടും യുണൈറ്റഡ് ഒപ്പംപിടിച്ചതോടെ മത്സരം വീണ്ടും വീറുറ്റതായി.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുമെന്നുറപ്പിച്ച സമയത്താണ് അന്തിമ വിസിലിന് മുൻപുള്ള അവസാന കൗണ്ടർ അറ്റാക്കിലൂടെ എറിക് ടെൻ ഹാഗിന്റെ സംഘം വിജയഗോൾ നേടിയത്. ഗർണാചോയും അമാദ് ഡയലോയും നടത്തിയ കൗണ്ടർ നീക്കത്തിനൊടുവിൽ മികച്ചൊരു ഷോട്ടിലൂടെ ഡയലോ വലചലിപ്പിക്കുകയായിരുന്നു. ഗോൾകീപ്പറെ നിഷ്പ്രഭമാക്കി യുവതാരമെടുത്ത ക്ലിനിക്കൽ ഷോട്ട് പോസ്റ്റിലുരുമ്മി ഗോൾലൈൻ കടന്നു. തുടരെ പരാജയപ്പെടുന്ന ഒരുടീമിനുള്ള പുത്തൻ ഊർജ്ജം കൂടിയായി. വിജയമാഘോഷിച്ചതിന് ജഴ്‌സിയൂരിയ യുവതാരത്തിന് രണ്ടാം മഞ്ഞകാർഡിനെ തുടർന്ന് ചുവപ്പ് കാർഡ് വാങ്ങി കളംവിടേണ്ടിവന്നു.