‘ഇതുകൊണ്ട് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെങ്കിൽ എനിക്ക് വലിയ വിഷമമില്ല’ -ബാഴ്സയെ ‘കുത്തി’ ഗുന്ദോഗൻ
|ലണ്ടൻ: ബാഴ്സലോണയിൽ നിന്നുള്ള അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ പ്രതികരണവുമായി ജർമൻ താരം ഇൽകയ് ഗുന്ദോഗൻ. വലിയ സ്വപ്നങ്ങളുമായി ബാഴ്സയിലേക്ക് പോയ താരം ഒരു വർഷത്തിന് ശേഷം പഴയ തട്ടകമായ മാഞ്ചസ്റ്റർ സിറ്റിയുമായി വീണ്ടും കരാർ ഒപ്പിട്ടിരുന്നു.
‘‘ഒരു വർഷത്തിന് ശേഷം ഇത് വിടപറയാനുള്ള സമയമാണ്. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായാണ് ഇവിടെയെത്തിയത്. ക്ലബിന്റെ ബുദ്ധിമുട്ടേറിയ സീസണിൽ പൊരുതാനായി ഞാൻ എല്ലാം നൽകി.
വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലാണ് ഞാൻ ക്ലബ് വിടുന്നത്. പക്ഷേ എന്റെ പുറത്താകൽ ക്ലബിന്റെ സാമ്പത്തിക സ്ഥിതിയെ സഹായിക്കുമെങ്കിൽ അത് എനിക്ക് വലിയ വിഷമുമുണ്ടാക്കുന്നില്ല. ബാഴ്സക്കൊപ്പം ഉയർച്ചയും താഴ്ച്ചയും നിറഞ്ഞ അവിസ്മരണീയമായ അനുഭവങ്ങളാണുണ്ടായത്.
നിങ്ങൾക്ക് മികച്ചൊരു സീസൺ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. ഈ ക്ലബ് ലോകത്തെ ഏറ്റവും മികച്ചവരായി വീണ്ടും മാറട്ടെ. ഈ ആരാധകർ അതർഹിക്കുന്നു’’ -ഗുന്ദോഗൻ എക്സിൽ കുറിച്ചു.
അതേ സമയം ഗുന്ദോഗൻ ബാഴ്സയുടെ സാമ്പത്തിക സ്ഥിതിയെ പരാമർശിച്ചത് പ്രതിഷേധസ്വരമാണെന്നാണ് പലരും വിലയിരുത്തുന്നത്.