'സഹലിന്റെ പ്രകടനം നോക്കൂ, അവൻ ആളാകെ മാറി': പ്രശംസയുമായി സുനിൽ ഛേത്രി
|മോഹൻ ബഗാനായി കളം നിറഞ്ഞുകളിക്കുന്ന സഹലിന് കയ്യടി കൂടുകയാണ്
കൊൽക്കത്ത: ഇന്ത്യൻ താരം സഹൽ അബ്ദുൽ സമദിനെ പ്രശംസിച്ച് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. മോഹൻ ബഗാനിൽ എത്തിയപ്പോൾ സഹൽ ആളാകെ മാറിയെന്നാണ് ഛേത്രി പറയുന്നത്. വിദേശകളിക്കാരുടെ പ്രകടനം ഉള്പ്പെടെ നോക്കുകയാണെങ്കിൽ സഹൽ വേറിട്ട് നിൽക്കുന്നുവെന്നും ഛേത്രി പറയുന്നു.
ഛേത്രിയുടെ വാക്കുകൾ ഇങ്ങനെ: കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ സഹൽ അബ്ദുൽ സമദ് എത്രത്തോളം മാറിയെന്ന് പലർക്കും മനസിലായിട്ടില്ലെന്ന് തോന്നുന്നു. മികച്ചൊരു ആഭ്യന്തര സീസൺ ലഭിക്കാതെ ബുദ്ധിമുട്ടിയിടത്ത് നിന്നാണ് സഹലിന്റെ ഈ മാറ്റം. ഐ.എസ്.എല്ലിൽ മോഹൻ ബഗാന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രകടനം നോക്കുകയാണെങ്കിൽ വിദേശതാരങ്ങളിൽ നിന്നടക്കം അദ്ദേഹം വേറിട്ട് നിൽക്കുന്നുണ്ട്. ഈ പ്രകടനം തുടരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്- ഛേത്രി വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സിൽ നിന്നാണ് സഹൽ അബ്ദുൽ സമദ് മോഹൻ ബഗാനിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒട്ടും ദഹിക്കാത്ത തീരുമാനമായിരുന്നു അത്. എങ്കിലും തന്റെ തനത് പൊസിഷനിൽ കളിക്കാൻ അവസരം കിട്ടും എന്ന ഉറപ്പിന്മേലാണ് താരം ബ്ലാസ്റ്റേഴ്സ് ഉപേക്ഷിച്ചത്. ആ നീക്കം ഫലംകാണുകയും ചെയ്തു.
മോഹൻ ബഗാനായി നാല് മത്സരങ്ങളാണ് സഹൽ ഇതുവരെ കളിച്ചത്. ഗോളൊന്നും നേടാനായില്ലെങ്കിലും കളം നിറഞ്ഞ് കളിച്ച്, മൂന്ന് അസിസ്റ്റുകളാണ് താരം നൽകിയത്. ഏഴോളം ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. നാല് ഷോട്ടുകൾ ഉതിർത്തപ്പോൾ അതിലൊന്ന് ലക്ഷ്യത്തിലേക്ക് ആയിരുന്നു.
രാജ്യത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ സഹൽ അബ്ദുൾ സമദ് 2017 മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. ക്ലബ്ബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡും സഹലിന്റെ പേരിലാണ്. 97 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ സഹൽ കളിച്ചത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയ താരം 9 അസിസ്റ്റുകളും കരസ്ഥമാക്കി. കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലെത്തിയ 2021-22 സീസണിൽ ഉജ്ജ്വല പ്രകടനമായിരുന്നു സഹലിന്റെത്.