Football
modrich
Football

‘എംബാപ്പെ കഠിനാധ്വാനം ചെയ്യുന്നത് ഞങ്ങൾ കാണുന്നുണ്ട്’; വിമർശനങ്ങൾക്കിടെ പിന്തുണയുമായി മോഡ്രിച്ച്

Sports Desk
|
28 Nov 2024 10:04 AM GMT

മാഡ്രിഡ്: ചാമ്പ്യൻസ്‍ലീഗിൽ ലിവർപൂളിനെതിരായ തോൽവിക്ക് പിന്നാലെ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെക്ക് രൂക്ഷ വിമർശനം. മത്സരത്തിൽ പെനൽറ്റി പാഴാക്കിയ എംബാപ്പെ മത്സരത്തിലുടനീളം മോശം പ്രകടനമാണ് നടത്തിയത്. പി.എസ്.ജിയിൽ നിന്നും ഈ സീസണിൽ റയൽ മാ​ഡ്രിഡിലേക്ക് വന്ന എംബാപ്പെക്ക് ഇതുവരെയും തന്റെ പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല. നേര​ത്തേ എൽ ക്ലാസികോ അടക്കമുള്ള സു​പ്രധാന മത്സരങ്ങളിലും എംബാപ്പെ നിറം മങ്ങിയിരുന്നു.

താരത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെ എംബാപ്പെക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സഹതാരം ലൂക്ക മോഡ്രിച്ച്. ‘‘എംബാപ്പെ പരിശീലന സമയങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നത് ഞങ്ങൾ കാണുന്നുണ്ട്. ചിലപ്പോൾ അദ്ദേഹം പ്രതീക്ഷിച്ച പോലുള്ള പ്രകടനം നടത്തുന്നു. ചിലപ്പോൾ ഇല്ല. ഇന്നദ്ദേഹം പെനൽറ്റി പാഴാക്കി. പക്ഷേ അദ്ദേഹം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്’’ -​മോഡ്രിച്ച് പറഞ്ഞു.

നിലവിലെ ജേതാക്കളായ റയൽ ചാമ്പ്യൻസ് ലീഗ് പട്ടികയിൽ24ാംസ്ഥാനത്താണ്. അഞ്ചുമത്സരങ്ങൾ കളിച്ച റയൽ രണ്ടെണ്ണം മാത്രം വിജയിച്ചപ്പോൾ മൂന്നെണ്ണത്തിൽ പരാജയപ്പെട്ടു. ആദ്യത്തെ എട്ട് സ്ഥാനങ്ങളിലെത്താൻ ടീമിന് ഇപ്പോഴും അവസരമുണ്ടെന്നും അതിനായി പരിശ്രമിക്കുമെന്നും മോഡ്രിച്ച് കൂട്ടിച്ചേർത്തു.

15 വർഷങ്ങൾക്ക് ശേഷമാണ് റയൽ ലിവർപൂളിനോട് പരാജയപ്പെടുന്നത്. ലിവർപൂളിനായി മാക് അലിസ്റ്ററും(52) കോഡി ഗാക്പോയുമാണ് (76) ഗോൾ കണ്ടെത്തിയത്. മത്സരത്തിൽ ലിവർപൂളിന് അനുകൂലമായി ലഭിച്ച പെനാൽറ്റി മുഹമ്മദ് സലാഹും പാഴാക്കിയിരുന്നു. തകർപ്പൻ ഫോമിലുള്ള ലിവർപൂളിനെതിരെ റയൽ തീർത്തുംനിറംമങ്ങുന്നതാണ് മൈതാനം കണ്ടത്. സൂപ്പർതാരം വിനീഷ്യസ് ജൂത്‍യറില്ലാതെയാണ് റയൽ ഇറങ്ങിയത്. ഗോൾകീപ്പർ തിബോ കോർട്ടോയുടെ സേവുകളാണ് റയലിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

Similar Posts