ക്ലബ് വിടരുതെന്ന് ആരാധകർ; മനസ്സ് തുറക്കാതെ ഗ്വാർഡിയോള
|ലണ്ടൻ: വ്യവസായ വിപ്ലവ കാലത്ത് മാഞ്ചസ്റ്റർ നഗരം പേരുകേട്ടത് തുണി വ്യവസായത്തിനാണ്. എന്നാൽ ഫുട്ബോൾ ലോകമെങ്ങും പടർന്നുതുടങ്ങിയതോടെ മാഞ്ചസ്റ്റർ എന്നാൽ അത് യുനൈറ്റഡിന്റെ ചെങ്കുപ്പായക്കാരായി മാറി. 1880കളിൽ തന്നെ നീല നിറത്തിൽ മാഞ്ചസ്റ്റർ സിറ്റിയും രൂപപ്പെട്ടിരുന്നുവെങ്കിലും 2008ൽ അബൂദബി യുനൈറ്റഡ് ഗ്രൂപ്പ് ഫണ്ടൊഴുക്കി തുടങ്ങിയതോടെയാണ് സിറ്റിയുടെ കഥ മാറിത്തുടങ്ങിയത്. 2011ൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ വീഴ്ത്തി പ്രീമിയർലീഗ് കിരീടം നേടിയ സിറ്റിയെ വേറൊരു ലെവലിലേക്ക് എടുത്തുയർത്തിയത് പെപ് ഗ്വാർഡിയോളയാണ്.
2016ൽ ഇത്തിഹാദിൽ വന്നിറങ്ങിയ പെപ് ഗ്വാർഡിയോള നാലുതുടർകിരീടങ്ങളടക്കം ആറ് പ്രീമിയർ ലീഗ് കിരീടങ്ങൾ സിറ്റിയുടെ പേരിലെഴുതി. കൂടാതെ എഫ്.എ കപ്പിലും ചാമ്പ്യൻസ് ലീഗിലും മുത്തമിട്ടു. എട്ടുസീസണുകൾകൊണ്ട് 15 കിരീടങ്ങളാണ് ഗ്വാർഡിയോള സിറ്റിയിലെത്തിച്ചത്. ബാർസയിൽ നാല് വർഷവും ബയേൺ മ്യൂണികിൽ മൂന്ന് വർഷവും ചിലവിട്ട ഗ്വാർഡിയോളയുടെ സിറ്റിയുഗം ഈ വർഷം അവസാനിക്കുമെന്നാണ് അഭ്യൂഹങ്ങൾ പറയുന്നത്.
ഇതിനിടയിൽ തങ്ങളുടെ എല്ലാമായ പെപ് ക്ലബ് വിടരുതെന്ന ആവശ്യവുമായി ഗാലറിയിൽ ബാനറുയർത്തിരിക്കുകയാണ് സിറ്റി ആരാധകർ. പെപ്പിന്റെ സ്വന്തം കറ്റാലൻ ഭാഷയിൽ പോകരുതെന്ന് അഭ്യർത്ഥിക്കുന്ന ബാനറാണുയർന്നത്. സ്റ്റേഡിയത്തിൽ കൂറ്റൻ ബാനറുയർത്താൻ ഒരു ലക്ഷത്തിലേറെ രൂപയാണ് ആരാധകർ ചിലവിട്ടത്.
ഇതിനെക്കുറിച്ച് പെപിനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘‘ആ ബാനറിന്റെ ബില്ല് കൊണ്ടുവരൂ. ഞാനത് അടച്ചോളാം. ഞാനെന്ത് പറയാനാണ്. ഒരുപാട് നന്ദി. ആദ്യ ദിവസം തന്നെ ഇവിടവുമായി ഞാൻ പ്രണയത്തിലായതാണ്’’.
എന്നാൽ ഇതിനപ്പുറത്ത് ക്ലബിൽ നിൽക്കുമെന്നോ പോകുമെന്നോ പെപ് വ്യക്തമാക്കിയിട്ടില്ല.