സിറ്റിക്കും ലിവർപൂളിനും നിർണ്ണായകം
|ആദ്യപാദത്തിൽ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ സലാഹിന്റെ ഏക ഗോളിന് ലിവർപൂൾ വിജയിച്ചിരുന്നു
അന്താരാഷ്ട്ര മത്സരങ്ങൾ കഴിഞ്ഞുളള ഇടവേളക്ക് ശേഷം ഇന്ന് പ്രീമിയർ ലീഗിനു വീണ്ടും കിക്കോഫ്. ഇന്ന് വൈകീട്ട് അഞ്ചിനു നടക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള മത്സരം ഇരു ടീമുകൾക്കും നിർണ്ണായകമാണ്. ഒന്നാമതുളള ആഴ്സനലുമായി എട്ട് പോയിന്റ് പുറകിലാണ് നിലവിൽ സിറ്റി. പക്ഷേ ആഴ്സനലിനെക്കാൾ ഒരു മത്സരം കുറവാണ് സിറ്റി കളിച്ചിരിക്കുന്നത്. 27- മത്സരങ്ങളിൽ നിന്ന് 61- പോയിന്റാണ് നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്കുളളത്. ഇന്നത്തെ മത്സരം തോറ്റാൽ അവരുടെ കിരീട പ്രതീക്ഷകൾക്ക് കാര്യമായി മങ്ങലേൽക്കും. അതേ സമയം സിറ്റിയുടെ തട്ടകത്തിലെ മികച്ച വിജയം ലിവർപൂൾ താരങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ആദ്യപാദത്തിൽ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ സലാഹിന്റെ ഏക ഗോളിന് ലിവർപൂൾ വിജയിച്ചിരുന്നു
ആറാമതുളള ലിവർപൂളിനും മത്സരം വളരെ നിർണ്ണായകമാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെട്ടാൽ വലിയ പ്രത്യാഘാതങ്ങളാണ് ടീമിനെ കാത്തിരിക്കുന്നത്. ഏറ്റവും അധികം നഷ്ടം വരുക സാമ്പത്തിക മേഖലയിലാണ്. താരങ്ങളുടെ കൊഴിഞ്ഞു പോക്കിനും ഇത് വഴിവെക്കും. കൂടാതെ ലിവർപൂൾ ദീർഘകാലമായി ലക്ഷ്യമിടുന്ന ജൂഡ് ബെല്ലിംഗ്ഹാം ഉൾപ്പെടെയുളള താരങ്ങളുടെ ട്രാൻസ്ഫറുകളും നടക്കില്ല.
It's that time again!
— Premier League (@premierleague) April 1, 2023
It's @ManCity v @LFC and we cannot wait 🤩#MCILIV pic.twitter.com/wj94LRWaDF
നിലവിൽ നാലാം സ്ഥാനത്തുള്ള ടോട്ടൻഹാമിനെക്കാൾ ഏഴ് പോയിന്റ് പിന്നിലാണ് ലിവർപൂൾ. രണ്ട് മത്സരങ്ങൾ അവരേക്കാൾ കുറവാണ് കളിച്ചതെങ്കിലും അടുത്ത മൂന്ന് മത്സരങ്ങളിൽ പ്രീമിയർ ലീഗ് വമ്പൻമാരെയാണ് ലിവർപൂൾ നേരിടേണ്ടത്. ഇന്ന് മാഞ്ചസ്റ്റർ സിറ്റിയുമായുളള മത്സരത്തിനു ശേഷം ടീനിന് അടുത്ത മത്സരങ്ങൾ ചെൽസിക്കും ആഴ്സനലിനും എതിരെയാണ്.
മാഞ്ചസ്റ്റർ സിറ്റിക്കായി പരിക്കേറ്റ ഫിൽ ഫോഡൻ കളിച്ചേക്കില്ല. എന്നാൽ പരിക്കേറ്റ് പുറത്തായ സൂപ്പർ താരം ഏർലിംഗ് ഹാലൻഡ് കളിച്ചേക്കുമെന്ന സൂചന പരിശീലകൻ പെപ് ഗാർഡിയോള പങ്കുവെച്ചു. ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ അഞ്ചു ഗോൾ നേടിയ താരം ഈ സീസണിൽ തകർപ്പൻ ഫോമിലാണ്. 28- ഗോളുമായി താരം നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ്.
The #PL returns with 7️⃣ Saturday fixtures 😍 pic.twitter.com/HZM61hM4nP
— Premier League (@premierleague) April 1, 2023