55 മില്യണ്‍ യൂറോ... ബിഗ് ട്രാന്‍സ്ഫര്‍; ഫെറാൻ ടോറസ് ബാഴ്സയില്‍
|2020 ആഗസ്റ്റിലാണ് സ്പാനിഷ് ക്ലബ്ബ് വലന്‍സിയയില്‍ നിന്ന് സൂപ്പര്‍ താരം ഫെറാന്‍ ടോറസ് സിറ്റിയിലെത്തുന്നത്
മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് താരം ഫെറാൻ ടോറസിനെ സ്വന്തം തട്ടകത്തിലെത്തിച്ച് ബാഴ്സലോണ. ഫെറാന്‍ ടോറസുമായി ക്ലബ് 55 മില്യണ്‍ യൂറോയ്ക്കാണ് കരാറിൽ എത്തിയത്. ഉടൻ തന്നെ ബാഴ്സലോണ ഈ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കും. ബാഴ്സലോണയുമായി നാലു വർഷത്തെ കരാർ ആകും ഫെറാന്‍ ടോറസ് ഒപ്പുവെക്കുക.
2020 ആഗസ്റ്റിലാണ് സ്പാനിഷ് ക്ലബ്ബ് വലന്‍സിയയില്‍ നിന്ന് സൂപ്പര്‍ താരം ഫെറാന്‍ ടോറസ് സിറ്റിയിലെത്തുന്നത്. 43 മല്‍സരങ്ങളില്‍ സിറ്റിക്കായി ബൂട്ടുകെട്ടിയ ടോറസ് ക്ലബിന് വേണ്ടി 16 ഗോളുകള്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. ഫെറാൻ ടോറസ് ബാഴ്സയിലെത്തിയതിന് പിന്നാലെ ബാഴ്സലോണയിൽ നിന്ന് മറ്റ് ക്ലബിലേക്ക് ജനുവരിയിൽ ഒരു ബിഗ് ട്രാന്‍സ്ഫര്‍ നടക്കാനും സാധ്യതയുണ്ട്.
55മില്ല്യണ്‍ യൂറോയ്ക്ക് ടീമിലെത്തിച്ച ടോറസിനെ പക്ഷേ ഉടനെ കളിക്കളത്തിലിറക്കാന്‍ ബാഴ്സയ്ക്കാകില്ല. ഇത്തവണത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി ബാഴ്‌സയ്ക്ക് വില്‍ക്കാനുള്ള താരങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്തതിന് ശേഷം മാത്രമേ ടോറസിന് ബാഴ്‌സ ജേഴ്‌സി അണിയാന്‍ കഴിയൂ. എങ്കിലും ജനുവരിയിൽ തന്നെ താരം ബാഴ്സലോണക്കായി കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ ബാഴ്സലോണ ഫ്രീ ട്രാൻസ്ഫറിൽ സൈൻ ചെയ്ത ഡാനി ആല്വസും ഈ സീസണോടെ ബാഴ്സലോണക്കായി കളിക്കും.
അതേസമയം സമീപകാല ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയിലൂടെയാണ് സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ കടന്നുപോകുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ ബാഴ്‌സലോണ യൂറോപ്പ ലീഗിൽ കളിക്കേണ്ട ഗതികേടിലാണ്. ശരിക്കും പറഞ്ഞാല്‍ ശൂന്യതയിൽ നിന്ന് ബാഴ്സലോണ പുതിയൊരു തുടക്കം കുറിക്കുയാണെന്ന് തന്നെ പറയാം.
മെസിയും ഗ്രീസ്‌മാനും പോലെയുള്ള വമ്പന്‍ തോക്കുകളെ നഷ്ടപ്പെടുത്തിയതിനൊപ്പം അഗ്യൂറോയും ഫാറ്റിയും പെഡ്രിയും പരിക്കിന്‍റെ പിടിയിലാവുകയും ചെയ്‌തതാണ് ബാഴ്സയുടെ സ്ഥിതി ഇത്ര ദയനീയമാക്കിയത്. ഏക പ്രതീക്ഷായിരുന്ന മെംഫിസ് ഡീപേയ്ക്കാകട്ടെ ചാമ്പ്യൻസ് ലീഗിൽ ഒറ്റ ഗോൾ പോലും സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞുമില്ല. ആറ് കളികള്‍ കളിച്ച ബാഴ്സയ്ക്ക് ഡൈനമോകീവിനെതിരെ മാത്രമായിരുന്നു വിജയിക്കാനായത്. സ്കോര്‍ ചെയ്തതാകട്ടെ രണ്ടുഗോൾ മാത്രവും.
ഇതോടെ രണ്ട് പതിറ്റാണ്ടിനിടയില്‍ ആദ്യമായി ബാഴ്സ ചാമ്പ്യൻസ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ഇതിനുമുമ്പ് 2000-2001 സീസണിലായിരുന്നു അവസാനമായി ബാഴ്സ നോക്കൗട്ട് കാണാതെ പുറത്തായത്.