യൂറോ കുപ്പായമഴിപ്പിച്ച പരിശീലകര്‍
|ഫ്രാന്‍സ് പരാജയപ്പെട്ടതിന് പിന്നാലെ പരിശീലകന്‍ ദിദിയർ ദെഷാംപ്സിനെതിരെ കടുത്ത വിമർശനമുയർന്നു. കളിക്കളത്തില്‍ താരങ്ങളെ വിന്യസിച്ചതിലും തിരിച്ചുവിളിച്ചതിലും കോച്ചിന് പിഴവുണ്ടായെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി
യൂറോയില്‍ വമ്പന്‍ ടീമുകള്‍ പുറത്തായതിന് പിന്നാലെ പല പരിശീലകരെയും വിവാദങ്ങളും വിമർശനങ്ങളും വേട്ടയാടി. ടീമിനൊപ്പം ചിലരുടെ അവസാന യൂറോ കൂടിയായിരുന്നു ഇത്. പോർച്ചുഗല്‍, ക്രൊയേഷ്യ, ഫ്രാന്‍സ്, ജർമനി, ഹോളണ്ട്, ബെല്‍ജിയം, തുടങ്ങിയ പ്രമുഖർ ഇതിനോടകം യാത്ര അവസാനിപ്പിച്ചു. ചിലർ പൊരുതിയെങ്കില്‍, മറ്റുചിലർ അമിതാത്മവിശ്വാസത്താല്‍ പ്രതീക്ഷകള്‍ കൈവിട്ടു. പ്രീ ക്വാർട്ടറില്‍ ചെക് റിപ്പബ്ലിക്കിനോട് മറുപടിയില്ലാത്ത രണ്ട് ഗോളിന് തോറ്റതോടെയാണ് ഹോളണ്ട് പുറത്താകുന്നത്. പിന്നാലെ പരിശീലകന് ഫ്രാങ്ക് ഡി ബോർ പടിയിറങ്ങി. കഴിഞ്ഞ വർഷം സെപ്തംബർ 23 നായിരുന്നു ഹോളണ്ട് മുന്‍താര കൂടിയായ ഫ്രാങ്ക് ഡി ബോർ പരിശീലക കുപ്പായം അണിയുന്നത്. വെറും 9 മാസങ്ങള്‍ക്ക് ശേഷമാണ് പിടിയിറക്കം. 2022ന്റെ അവസാനം വരെ ടീമുമായി കരാർ ഉണ്ടായിരുന്നു.
ക്വാർട്ടറില്‍ ഇംഗ്ലണ്ടിന് മുന്നില്‍ കീഴടങ്ങിയതോടെ മുന്‍ ചാമ്പ്യന്മാരായ ജർമനിയുടെ യൂറോ പ്രതീക്ഷകളും അവസാനിച്ചു. ടീമിന് കിരീടം നേടിക്കൊടുത്ത് സന്തോഷത്തോടെ പോകാമെന്ന ജോക്കിം ലോയുടെ ആഗ്രഹവും നടന്നില്ല. 15 വർഷം ടീമിനെ കളി പഠിപ്പിച്ചു, ലോകകപ്പ് ഉള്‍പ്പെടെ സുപ്രധാന കിരീടങ്ങള്‍ നേടിക്കൊടുത്തു. ഒടുവില്‍ ടീമിനൊപ്പമുള്ള യാത്ര ജോക്കിം ലോ മതിയാക്കി. സ്വിറ്റ്സർലന്റിനോട് പ്രീ ക്വാർട്ടറില്‍ തോറ്റായിരുന്നു ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് യൂറോ കപ്പില്‍ നിന്ന് വിടവാങ്ങിയത്. ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിലും ജയിക്കാനായില്ല. പിന്നാലെ പരിശീലകന്‍ ദിദിയർ ദെഷാംപ്സിനെതിരെ കടുത്ത വിമർശനമുയർന്നു. കളിക്കളത്തില്‍ താരങ്ങളെ വിന്യസിച്ചതിലും തിരിച്ചുവിളിച്ചതിലും കോച്ചിന് പിഴവുണ്ടായെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. എങ്കിലും ദെഷാംപ്സ് ടീമിന്റെ പരിശീലകനായി തുടരും.
ഇറ്റലിയോട് തോറ്റ് പുറത്തായതോടെ ബെല്‍ജിയം കോച്ച് റോബർട്ടോ മാർട്ടിനസിനെതിരെയും ചോദ്യങ്ങള്‍ ഉയർന്നു. 2022 ലോകകപ്പ് വരെ കരാറുണ്ടെങ്കിലും റോബർട്ടോ മാർട്ടിനസ് ക്ലബ്ബ് ഫുട്ബോളിന് ഊന്നല്‍ നല്‍കുന്നതായാണ് വിവരം. ഇറ്റലിക്കെതിരെ ടീം നന്നായി കളിച്ചെന്നും, എതിരാളികള്‍ തങ്ങളേക്കാള്‍ നന്നായി കളിച്ചത് കൊണ്ട് തോറ്റെന്നുമായിരുന്നു റോബർട്ടോ മാർട്ടിനസിന്റെ പ്രതികരണം, ടീമില്‍ കോച്ചിന്റെ ഭാവി എന്താകുമെന്ന ചോദ്യത്തോട് പ്രതികരിക്കേണ്ട സമയം ഇതല്ല എന്നുമാത്രമായിരുന്നു മറുപടി.