ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ചെല്‍സിയെ മുട്ടുകുത്തിച്ച് സിറ്റി
|വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി.
ആവേശം അണപൊട്ടിയ മത്സരത്തിൽ സിറ്റിയ്ക്ക് വേണ്ടി 53-ാം മിനിറ്റിൽ ബ്രസീൽ താരം ഗബ്രിയേൽ ജെസ്യൂസാണ് ചെൽസിയുടെ തോൽവിക്ക് വഴിയൊരുക്കിയത്. ഇതോടെ പ്രീമിയർ ലീഗിൽ പരാജയമറിയാതെയുള്ള ചെൽസിയുടെ കുതിപ്പിന് അവസാനമായി.
മത്സരത്തിലുടനീളം സിറ്റിയാണ് മുന്നിട്ട് നിന്നത്. ചെൽസിയുടെ പ്രതിരോധതാരം കാൻസലോയുടെ ഗോൾശ്രമമാണ് ഗോളിലേക്ക് വഴി തെളിച്ചത്. ബോക്സിന് പുറത്തുനിന്ന് കാൻസലോ തൊടുത്ത പന്ത് ജെസ്യൂസിന്റെ കാലിലേക്കാണ് എത്തിയത്. പാസ് സ്വീകരിച്ച ജെസ്യൂസ് ചെൽസിയുടെ പ്രതിരോധതാരങ്ങളായ തിയാഗോ സിൽവയെയും റൂഡിഗറിനെയും കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഗോൾകീപ്പർ മെൻഡിയ്ക്ക് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.
നിലവിൽ ലിവർപൂളാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ആറ് മത്സരം കളിച്ച ടീമിന് 13 പോയിന്റാണ് നിലവിൽ.ചെൽസിക്കും 13 പോയിന്റാണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ ബലത്തിലാണ് സിറ്റി രണ്ടാം സ്ഥാനത്തെത്തിയത്.