Football
റയൽ മാഡ്രിഡ് അടപടലം; ചാമ്പ്യൻസ് ലീഗിൽ സിറ്റി - ഇന്റർ ഫൈനൽ
Football

റയൽ മാഡ്രിഡ് അടപടലം; ചാമ്പ്യൻസ് ലീഗിൽ സിറ്റി - ഇന്റർ ഫൈനൽ

André
|
17 May 2023 9:20 PM GMT

ഇരട്ട ഗോളുമായി ബെർണാർഡോ സിൽവ കളംനിറഞ്ഞപ്പോൾ ആദ്യപകുതിയിൽ റയൽ രണ്ടു ഗോളിന് പിറകിലായിരുന്നു

മാഞ്ചസ്റ്റർ: രണ്ടാം പാദ സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാലു ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ബെർണാർഡോ സിൽവയുടെ ഇരട്ട ഗോളുകളുടെ ബലത്തിലാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സംഘം കലാശപ്പോരിന് ടിക്കറ്റെടുത്തത്. തുർക്കിയിലെ ഇസ്തംബൂളിൽ ജൂൺ പത്തിന് നടക്കുന്ന ഫൈനലിൽ ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാൻ ആണ് സിറ്റിയുടെ എതിരാളികൾ.

കഴിഞ്ഞയാഴ്ച നടന്ന ആദ്യപാദത്തിൽ റയലിനെ അവരുടെ തട്ടകത്തിൽ 1-1 സമനിലയിൽ തളച്ച മാഞ്ചസ്റ്റർ സിറ്റി, ഹോം ഗ്രൗണ്ടിൽ തങ്ങളുടെ സ്വതസിദ്ധമായ കളി കെട്ടഴിച്ചാണ് അർഹിച്ച ജയം സ്വന്തമാക്കിയത്. എർലിങ് ഹാളണ്ടിന്റെ രണ്ട് മികച്ച ഗോൾ ശ്രമങ്ങൾ റയൽ കീപ്പർ തിബോ കോർട്വ വിഫലമാക്കിയെങ്കിലും 23-ാം മിനുട്ടിൽ കെവിൻ ഡിബ്രുയ്‌ന നൽകിയ പന്തിൽ നിന്ന് ബെർണാർഡോ സിൽവ മികച്ചൊരു ഫിനിഷിലൂടെ ആതിഥേയരെ മുന്നിലെത്തിച്ചു. 37-ാം മിനുട്ടിൽ റീബൗണ്ടിൽ നിന്നു ലഭിച്ച പന്തിൽ കൃത്യതയാർന്ന ഹെഡ്ഡറുതിർത്ത് ബെർണാർഡോ ലീഡ് രണ്ടാക്കി ഉയർത്തി.

ആദ്യപകുതിയിലെ പ്രതിരോധശൈലി വിട്ട് രണ്ടാം പകുതിയിൽ റയൽ ആക്രമിച്ചെങ്കിലും ഗോൾ വഴങ്ങാൻ സിറ്റി കൂട്ടാക്കിയില്ല. 76-ാം മിനുട്ടിൽ ഡിബ്രുയ്‌ന എടുത്ത ഫ്രീകിക്കിനിടെ റയൽ ഡിഫന്റർ എഡർ മിലിറ്റാവോ സ്വന്തം വലയിൽ പന്തെത്തിച്ചതോടെ സിറ്റി ആഘോഷം തുടങ്ങി. കഠിനാധ്വാനം ചെയ്തിട്ടും ഗോൾ കണ്ടെത്താൻ കഴിയാതിരുന്ന എർലിങ് ഹാളണ്ടിന് പകരം അവസാന നിമിഷങ്ങളിൽ ഗ്രൗണ്ടിലെത്തിയ യൂലിയൻ അൽവാരസ് റയലിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയുമടിച്ചു.

മിലാൻ നഗരത്തിലെ ചിരവൈരികളായ എ.സി മിലാനെ രണ്ട് പാദങ്ങളിലായി 3-0 ന് കീഴടക്കിയാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫൈനൽ യോഗ്യത നേടിയത്. ഒരു പതിറ്റാണ്ടു മുമ്പ് ജോസെ മൗറിഞ്ഞോയുടെ കീഴിൽ യൂറോപ്യൻ ചാമ്പ്യന്മാരായതിനു ശേഷമുള്ള ഇന്ററിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശമാണിത്.

Similar Posts