Football
manchestercity
Football

പെപ് ഗ്വാർഡിയോളയുടെ 'ബെസ്റ്റ് പ്ലെയർ' ഡിബ്രുയിനേയും ഹാളണ്ടുമല്ല; ഈ യുവതാരമാണ്

Web Desk
|
4 March 2024 8:35 AM GMT

ഡർബിയിൽ രണ്ടാം പകുതിയിൽ യുണൈറ്റഡിന്റെ ശക്തമായ പ്രതിരോധ കോട്ട ഭേദിച്ച് ഇരട്ട ഗോളുകളാണ് 23 കാരൻ നേടിയത്.

ലണ്ടൻ: വർത്തമാനകാല ഫുട്‌ബോളിലെ ഏറ്റവും മികച്ച ടീമാണ് മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ വർഷം പ്രീമിയർലീഗും ചാമ്പ്യൻസ് ലീഗും എഫ് എ കപ്പുമെല്ലാം നേടിയ നീലപട, ഇത്തവണയും ഇതാവർത്തിക്കാനുള്ള ജൈത്രയാത്രയിലാണ്. സീസൺ തുടക്കത്തിൽ അൽപം വിയർത്തെങ്കിലും നിലവിലെ ചാമ്പ്യൻമാർ പ്രീമിയർ ലീഗിൽ ശക്തമായ നിലയിലാണ്. ഒരുപോയന്റ് വ്യത്യാസത്തിലാണ് ലിവർപൂളിന് പിന്നിൽ രണ്ടാമത് നിൽക്കുന്നത്. ഇന്നലെ മാഞ്ചസ്റ്റർ ഡർബിയിൽ ഒരുഗോളിന് പിന്നിൽനിന്ന ശേഷം യുണൈറ്റഡിനെ കീഴടക്കി ശക്തമായ തിരിച്ചുവരവും നടത്തി.

ഇപ്പോഴിതാ തന്റെ പ്രിയതാരമാരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകൻ പെപെ ഗ്വാർഡിയോള. ടീമിന്റെ ഗോളടി മെഷീൻ എർലിങ് ഹാളണ്ടോ അസിസ്റ്റ് കിങും പ്ലേമേക്കറുമായ കെവിൻ ഡിബ്രുയിനേയുമല്ല, യുവതാരം ഫിൽ ഫോഡനെയാണ് ബെസ്റ്റ് പ്ലെയറായി സ്പാനിഷ് കോച്ച് തെരഞ്ഞെടുത്തത്. ഈ സീസണിൽ ഹാളണ്ടിനേക്കാൾ അപകടകാരിയായി സിറ്റിനിരയിൽ കളിക്കുന്നത് ഇംഗ്ലീഷ് താരമാണ്.

സീസണിൽ ഇതുവരെ 18 ഗോളുകളാണ് എല്ലാ മത്സരങ്ങളിൽ നിന്നുമായി സിറ്റിക്കായി നേടിയത്. പത്ത് അസിസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഏതു പൊസിഷനിലും കളിപ്പിക്കാവുന്ന താരമാണ് ഫോഡനെന്ന് ഗ്വാർഡിയോള പറയുന്നു. ഡർബിയിൽ രണ്ടാം പകുതിയിൽ യുണൈറ്റഡിന്റെ ശക്തമായ പ്രതിരോധ കോട്ട ഭേദിച്ച് രണ്ട് ഗോളുകളാണ് 23 കാരൻ നേടിയത്. പൂർണമായി പ്രതിരോധത്തിലൂന്നി കളിച്ച എതിരാളികൾക്കെതിരെ ബോക്‌സിന് പുറത്തുനിന്നുതിർത്ത അത്യുഗ്രൻ ഷോട്ടിലൂടെയാണ് സിറ്റിയെ സമനിലയിലെത്തിച്ചത്. പിന്നാലെ പേരുകേട്ട യുണൈറ്റഡ്് പ്രതിരോധത്തെ കീഴ്‌പ്പെടുത്തി വീണ്ടുമൊരു സുന്ദരഗോളിലൂടെ രണ്ടാംഗോളും വിജയവും സമ്മാനിച്ചു. പരിക്കിൽ നിന്ന് ഭേദമായി തിരിച്ചെത്തിയ ശേഷം ഹാളണ്ട് ഗോൾനേടാൻ പ്രയാസപ്പെട്ടപ്പോൾ ആ ദൗത്യം ഏറ്റെടുത്തിരുന്നത് ഇംഗ്ലീഷ് താരമായിരുന്നു. 2014ന് ശേഷം ആദ്യമായാണ് യുണൈറ്റഡ് ആദ്യ പകുതിയിൽ ഗോൾനേടിയ ശേഷം തോൽവി വഴങ്ങുന്നത്.

Similar Posts