അടി, തിരിച്ചടി, ചുവപ്പുകാർഡ്: ആർസനൽ-മാഞ്ചസ്റ്റർ സിറ്റി പോരാട്ടം സമനിലയിൽ
|മാഞ്ചസ്റ്റർ: ഇത്തിഹാദിൽ നടന്ന നാടകീയ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ആർസനലും രണ്ട് ഗോൾ വീതമടിച്ച് മത്സരം അവസാനിപ്പിച്ചു. പത്തുപേരായി ചുരുങ്ങിയിട്ടും പ്രതിരോധം ശക്തമാക്കി 2-1ന്റെ ലീഡുമായി നിന്ന ആർസനലിനെ 97ാം മിനുറ്റിൽ ജോൺ സ്റ്റോൺസ് നേടിയ ഗോളിൽ സിറ്റി പിടിച്ചുകെട്ടുകയായിരുന്നു. എതിരാളികളുടെ തട്ടകത്തിൽ സ്വപ്നവിജയം നേടുകയെന്ന ആർസനൽ മോഹം അതോടെ പൊലിഞ്ഞു.
മത്സരത്തിന്റെ ഒൻപതാം മിനുറ്റിൽ തന്നെ എർലിങ് ഹാളണ്ടിലൂടെ സിറ്റിയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ ആദ്യ ഇലവനിൽ ആദ്യമായി സ്ഥാനം പിടിച്ച കലഫിയോരിയിലൂടെ 22ാം മിനുറ്റിൽ ആർസനൽ തിരിച്ചടിച്ചു. ആദ്യപകുതി അവസാനിക്കാനിരിക്കേ കോർണറിന് തലവെച്ച് ഗബ്രിയേൽ ആർസനലിന് ലീഡ് നൽകി. എന്നാൽ ആ സന്തോഷം അധികം നീണ്ടില്ല. രണ്ടാം മഞ്ഞക്കാർഡും വാങ്ങി പീരങ്കിപ്പടയുടെ മുന്നേറ്റ നിര താരം ലിയാണ്ട്രോ ട്രൊസാർഡ് പുറത്തേക്ക്.
രണ്ടാം പകുതിയിൽ പൂർണമായും പ്രതിരോധത്തിലേക്ക് വലഞ്ഞ ആർസനലിനെയാണ് മൈതാനത്ത് കണ്ടത്. സിറ്റി തുടർ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആർസനൽ പ്രതിരോധത്തിൽ തട്ടിപ്പൊലിഞ്ഞു.ജാഗ്രതയോടെ ഗോൾവല കാത്ത ഡേവിഡ് റയയും ആർസനലിന്റെ രക്ഷകനായി.
സ്വന്തം തട്ടകത്തിൽ തോൽവിയെന്ന യാഥാർഥ്യത്തിലേക്ക് സിറ്റി ആരാധകർ നീങ്ങവേയാണ് പകരക്കാനായിവന്ന സ്റ്റോൺസ് ഗോൾ നേടിയത്. അവസാന നിമിഷങ്ങളിൽ മൈതാനത്ത് കൈയ്യാങ്കളിയും മുളപൊട്ടി.
മത്സരത്തിന്റെ 78 ശതമാനം സമയവും സിറ്റിയാണ് പന്ത് കൈവശം വെച്ചത്. രണ്ടാം പകുതിയിൽ ആർസനലിന്റെ പകുതിയിൽ സിറ്റി 109 പാസുകളിട്ടപ്പോൾ സിറ്റിയുടെ പകുതിയിൽ ആർസനൽ പൂർത്തിയാക്കിയത് വെറും രണ്ടുപാസുകൾ മാത്രം. അഞ്ച് മത്സരങ്ങളിൽ 13 പോയന്റുള്ള സിറ്റി ഒന്നാമതും 11 പോയന്റുള്ള ആർസനൽ നാലാമതുമാണ്.