Football
മാഞ്ചസ്റ്റർ സിറ്റി ഇന്ന് ബയേൺ മ്യൂണിക്കിനെ അവരുടെ മൈതാനത്ത് നേരിടും
Football

മാഞ്ചസ്റ്റർ സിറ്റി ഇന്ന് ബയേൺ മ്യൂണിക്കിനെ അവരുടെ മൈതാനത്ത് നേരിടും

Web Desk
|
19 April 2023 12:47 PM GMT

ആദ്യ പാദ മത്സരത്തിലെ ഗംഭീര വിജയം ആവർത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ​മാഞ്ചസ്റ്റർ സിറ്റി ഇന്ന് ബയേൺ മ്യൂണിക്കിനെ അവരുടെ മൈതാനത്ത് നേരിടും. ആദ്യ പാദ മത്സരത്തിലെ ഗംഭീര വിജയം ആവർത്തിക്കാനാണ് മാഞ്ചസ്റ്റർ സിറ്റി കളിക്കുന്നതെങ്കിൽ‍, ശക്തമായ തിരിച്ചു വരവാണ് ബയേൺ ലക്ഷ്യം വെക്കുന്നത്. രാത്രി 12:30- നാണ് മത്സരം നടക്കുക.

ആദ്യ പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ​ഗോളിനാണ് ബയേൺ മ്യൂണിക്കിനെ തകർത്തത്. റോഡ്രി, ബെർണാ‍ഡോ സിൽവ, ഹാളണ്ട് എന്നിവരാണ് ഈ മത്സരത്തിൽ സിറ്റിക്കായി ​ഗോളുകൾ നേടിയത്. ഇന്നത്തെ മത്സരത്തിലും ഇവരും ​ഗ്രീലിഷ്, ​ഗുണ്ടോ​ഗൻ, ഡിബ്രൂയിൻ എന്നീ താരങ്ങളിലാണ് ടീമിന്റെ മുഴുവൻ പ്രതീക്ഷയും. ഹാളണ്ടിന്റെ തുടരുന്ന ​ഗോളടി മേളവും ടീമിന് കൂടുതൽ കരുത്ത് പകരും.

സ്വന്തം മൈതാനത്താണ് മത്സരം നടക്കുന്നതെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മൂന്ന് ​ഗോളിനു മുകളിൽ നേടി വിജയിക്കുക പ്രയാസകരമാണെന്ന് അവർക്കറിയാം. എങ്കിലും ഒരു ശക്തമായ തിരിച്ചു വരവിന് അവർ ഇന്നു പരിശ്രമിച്ചേക്കും. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് ടീമിന് ചാമ്പ്യൻസ് ലീ​ഗ് സെമിഫൈനലിലേക്ക് മുന്നേറാനാകുമെന്ന് തോമസ് മുളളർ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യ പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിനു ശേഷം തമ്മിൽ തല്ലിയ സാദിയോ മാനെയും ലിറോയ് സനെയും തമ്മിലുളള പ്രശ്നം പരിഹരിക്കാനായതും ടീം ക്യാമ്പിന് ആത്മവിശ്വാസം നൽകുന്നുണ്ട്.

മാഞ്ചസ്റ്റർ സിറ്റി ബയേൺ മ്യൂണിക്ക് മത്സരത്തിലെ വിജയികൾ ഇന്നലെ ചെൽസിയോട് വിജയിച്ച റയൽ മാ‍ഡ്രിഡിനെയാണ് സെമിഫെെനലിൽ നേരിടുക. ഇന്ന് നടക്കുന്ന മറ്റൊരു ക്വാർട്ടർ ഫൈനലിൽ ഇന്റർ മിലാൻ പോർച്ചു​ഗീസ് ക്ലബ്ബായ ബെൻഫിക്കയെ നേരിടും. ആദ്യ പാദ മത്സരത്തിൽ ഇന്റർ മിലാൻ എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് വിജയിച്ചിരുന്നു. ഇന്ന് വിജയിക്കാനായാൽ സെമിഫെെനൽ പോരാട്ടത്തിൽ എ.സി മിലാനെയാണ് ഇന്റർ മിലാൻ നേരിടേണ്ടത്. അങ്ങനെയെങ്കിൽ ചാമ്പ്യൻസ് ലീഗ് സെമിഫെെനലിൽ ഒരു മിലാൻ ‍ഡെർബി ആരാധകർക്ക് വീക്ഷിക്കാനാകും.


Similar Posts