സിറ്റിയെ പൂട്ടി ഇന്റർ, ജയത്തോടെ തുടങ്ങി പി.എസ്.ജിയും ഡോർട്ട്മുണ്ടും
|ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ സ്വന്തം തട്ടകമായ ഇത്തിഹാദിൽ സമനിലയിൽ കുരുക്കി ഇന്റർമിലാൻ. അതേ സമയം നിലവിലെ റണ്ണേഴ്സ് അപ്പായ ബൊറൂസ്യ ഡോർട്ട്മുണ്ടും കരുത്തരായ പി.എസ്.ജിയും ജയത്തോടെ തുടങ്ങി.
സ്വന്തം തട്ടകത്തിൽ പതിവുപോലെ പന്തടക്കത്തിലും മുന്നേറ്റങ്ങളിലും സിറ്റി തന്നെയാണ് മുന്നിട്ടുനിന്നത്. എന്നാൽ മുന്നേറ്റ നിരയിൽ എർലിങ് ഹാളണ്ടിന് അവസരങ്ങൾ മുതലെടുക്കാനായില്ല. മത്സരത്തിനിടെ സൂപ്പർതാരം കെവിൻ ഡിബ്രൂയ്നെക്ക് പരിക്കേറ്റതും സിറ്റിക്ക് തിരിച്ചടിയായി.
മത്സരത്തിന്റെ 76ാം മിനുറ്റ് വരെ ഡോർട്ട്മുണ്ടും ബെൽജിയൻ ക്ലബായ ബ്രൂഗും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരം ഒടുവിൽ ജർമൻ ക്ലബ് സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്റെ 76,86 മിനുറ്റുകളിൽ ജാമി ബൈനോ ഗിറ്റൻസ് നേടിയ ഇരട്ട ഗോളുകളാണ് ഡോർട്ട് മുണ്ടിന് തുണയായത്. മത്സരം അവസാനിക്കാനിരിക്കേ പെനൽറ്റിയിലൂടെ സെർഹോ ഗ്വരാസി ഗോൾപട്ടിക പൂർത്തിയാക്കി.
മത്സരത്തിന്റെ 90 മിനുറ്റ് വരെ പി.എസ്.ജിയെ തടുത്തുനിർത്തിയ ശേഷം സെൽഫ് ഗോളിലാണ് ജിറൂണ പരാജയപ്പെട്ടത്. മറ്റുമത്സരങ്ങളിൽ സ്കോട്ടിഷ് ക്ലബായ സെൽറ്റിക് സ്ളൊവാക്യൻ ക്ലബായ സ്ളോവൻ ബ്രാറ്റിസ്ളാവയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കും ചെക്ക് ക്ലബായ സ്പാർട്ട് പ്രഹ ആർ.ബി ലെപ്സിഷിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും തോൽപ്പിച്ചു. ബൊലോഗ്ന-ഷാക്തർ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.