Football
ചുവന്ന ചെകുത്താൻമാരോടെ തുടർ പരാജയങ്ങൾക്ക് ആരാണ് ഉത്തരവാദി?
Football

ചുവന്ന ചെകുത്താൻമാരോടെ തുടർ പരാജയങ്ങൾക്ക് ആരാണ് ഉത്തരവാദി?

Sports Desk
|
27 Sep 2024 2:03 PM GMT

സീസൺ തുടങ്ങിയിട്ടേയുള്ളൂ. ഇതിനോടകം തന്നെ മാഞ്ചസ്റ്റർ യുനൈറ്റഡ് ഒരുപാട് വിമർശനങ്ങൾ കേട്ടു. ആരാധകർ സ്വപ്നം കണ്ടതുപോലെ ​പന്തുതട്ടാൻ ഒരു മത്സരത്തിൽ പോലും യുനൈറ്റഡ് സംഘത്തിനായില്ല. ഒരു കാലത്ത് യൂറോപ്പിലെ വമ്പൻ ക്ലബുകളുടെ പേടി സ്വപ്നമായ മാഞ്ചസ്റ്റർ യുനൈറ്റഡ് ഇന്ന് യൂറോപ്പ ലീഗിൽ കുഞ്ഞൻമാരായ ട്വന്റെയോട് വരെ വിറക്കുന്നവരായി മാറിയിരിക്കുന്നു.

ആൻഫീൽഡിലും എത്തിഹാദിലും എമിററ്റേ്സിലും ആരവങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നു. ചെറിയ ഇടവേളക്ക് ശേഷം സ്റ്റാംഫർഡ് ബ്രിഡ്ജിൽ നിന്നും നല്ല വാർത്തകളുണ്ട്. പക്ഷേ എന്താണ് നാം ഓൾഡ് ട്രാഫഡിൽ നിന്നും കേൾക്കുന്നത്?. ഓരോ മത്സരങ്ങൾ തീരുന്തോറും എറിക് ടെൻഹാഗ് ആരാധകരെ കൂടുതൽ നിരാശപ്പെടുത്തുന്നു എന്നതാണ് യാഥാർഥ്യം. എന്താണ് പ്രീമിയർ ലീഗിലെ മോസ്റ്റ് ഗ്ലാമറസ് ക്ലബിന് സംഭവിക്കുന്നത്?

സീസണിന് മുന്നോടിയായി യുനൈറ്റഡ് നല്ല രീതിയിലാണ് വാർത്തകളിൽ നിറഞ്ഞിരുന്നത്. ട്രാൻസ്ഫർ വിപണിയിലെ അവരുടെ നീക്കങ്ങൾ പൊതുവേ പ്രശംസിക്കപ്പെട്ടു. പോയ സീസണിലെ ദൗർബല്യങ്ങൾ പരിഹരിക്കാൻ ഈ ട്രാൻസ്ഫറുകൾ പര്യാപ്തമാണെന്ന് കരുതപ്പെട്ടു. പക്ഷേ ഒന്നും ശരിയാകുന്നില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ കടമെടുത്താൽ യുനൈറ്റഡിന്റെ അടിത്തറമുതൽ പ്രശ്നങ്ങൾ തുടങ്ങുന്നുണ്ട്. പക്ഷേ ഈ സീസണിൽ യുനൈറ്റഡിന് ഏറ്റവും പ്രശ്നമാകുന്നത് മറ്റൊന്നാണ്. പ്രമുഖ ഫുട്ബോൾ അനലറ്റിക്സ് സംഘമായ ഓപ്റ്റ നൽകുന്ന ശാസ്ത്രീയമായ കണക്കുകൾ അതിനെക്കുറിച്ച് വിശദീകരണം നൽകുന്നുണ്ട്.

ഈ സീസണിൽ യുനൈറ്റഡ് വിവിധ രൂപങ്ങളിലായി എട്ട് മത്സരങ്ങളാണ് കളിച്ചത്. ഇതിൽ നിന്നും നേടിയത് 14 ഗോളുകൾ. അഥവാ ശരാശരി ഒരുമത്സരത്തിൽ 1.75 ഗോളുകൾ വീതം നേടി. മോശമല്ലാത്ത കണക്കാണ്. എന്നാൽ ഇതിൽ നിന്നും ഇ.എഫ്.എൽ കപ്പിൽ കുഞ്ഞൻമാരായ ബേൺസ്ലിക്കെതിരെ നേടിയ 7-0ത്തിന്റെ വിജയം ഒന്ന് മൈനസ് ചെയ്താൽ യുനൈറ്റഡിന്റെ യഥാർഥ ​പ്രശ്നം മനസ്സിലാകും. അ​പ്പോൾ നമുക്ക് കിട്ടുന്ന കണക്ക് യുനൈറ്റഡ് ഒരു മത്സരത്തിൽ ശരാശരി ഒരു ഗോൾ വീതം നേടി എന്നതാണ്. പ്രീമിയർ ലീഗിൽ ഇതിലും മോശം ഗോൾ ശരാശരിയുള്ളത് ക്രിസ്റ്റൽപാലസ്, ഇപ്സിച്ച്, സതാംപ്ടൺ എന്നിവർക്ക് മാത്രമാണ്.

ഒപ്റ്റ തയ്യാറാക്കിയ ഈ ഡാറ്റ നോക്കൂ.


യുനൈറ്റഡ് 68 ഷോട്ടുകൾ എതിർടീം ഗോൾമുഖത്തേക്ക് പായിച്ചിട്ടുണ്ട്. പക്ഷേ പിറന്നത് അഞ്ചുഗോൾ മാത്രം.ഇതിൽ കാണുന്ന വട്ടങ്ങളുടെ വലുപ്പം ഗോൾസാധ്യതക്കനുസരിച്ചാണ് നിർണയിച്ചിരിക്കുന്നത്. അഥവാ വട്ടത്തിന്റെ വലുപ്പം കൂടുന്നതിന് അനുസരിച്ച് ഗോൾ സാധ്യതയും കൂടി വരുന്നു. യുനൈറ്റഡിന് സീസണിൽ ഇതുവരെയും ഒരു പെനൽറ്റി പോലും കിട്ടിയിട്ടില്ല. എന്നിട്ടും അവർക്ക് 9.59 എന്ന മികച്ച എക്സ്​പെക്റ്റെഡ് ഗോൾ ശരാശരിയുണ്ട്. ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നീ വമ്പൻമാർക്ക് മാ​ത്രമാണ് ഇതിനേക്കാൾ മികച്ച ശരാശരിയുള്ളത്. ഇതിൽ നിന്നും നമ്മൾ എന്ത് മനസ്സിലാക്കണം?. യുനൈറ്റഡ് ചാൻസുകൾ ക്രിയേറ്റ് ചെയ്യുന്നു. പക്ഷേ അത് ഫലപ്രദമായി വി​നിയോഗിക്കുന്നതിൽ പരാജയമാകുന്നു.

ഒരു ടീം തൊടുത്ത ഷോട്ടുകൾ അടിസ്ഥാനമാക്കിയാണ് XG അഥവാ എക്സ്​പെക്റ്റഡ് ഗോളുകൾ കണക്കാക്കുന്നത്. ഓരോ ഷോട്ടിനും ഒരു XG മൂല്യമുണ്ട്. ഷോട്ട് ഗോളാകാനുള്ള സാധ്യതയനുസരിച്ചാണ് ഇതു നിർണയിച്ചിരിക്കുന്നത്. ഗോളിലേക്കുള്ള ദൂരം, ഗോളടിക്കുന്ന ആംഗിൾ, എതിർ ടീമിലെ കളിക്കാരുടെ സാന്നിധ്യം, അസിസ്റ്റിന്റെ സ്വഭാവം, സെറ്റ് പീസുകൾ എന്നിവയെല്ലാം പരിഗണിക്കും. പ്രീമിയർലീഗ് ടീമുകളുടെ എക്സ്പെക്റ്റഡ് ഗോൾസ് കൺവേർഷൻ ഗ്രാഫാണിത്. യുനൈറ്റഡ് എവിടെ നിൽക്കുന്നെന്ന് ഈ ഗ്രാഫ് നമുക്ക് പറഞ്ഞുതരുന്നുണ്ട്.


വെറും അഞ്ചുമത്സരങ്ങളിലെ ഡാറ്റ മാത്രമാണിത്. ഇതേ രീതിയിലാണ് യുനൈറ്റഡ് തുടരുന്നതെങ്കിൽ സീസൺ യുനൈറ്റഡ് ചരിത്രത്തിലെത്തന്നെ ഏറ്റവും മോശമായി മാറാൻ സാധ്യതയുണ്ട്.

ബ്രൂണോ ഫെർണാണ്ടസിന്റെ കാര്യമാണ് കഷ്ടം. ഈ സീസണിൽ ബ്രൂണോ 17 ഷോട്ടുകൾ ഉതിർത്തിട്ടുണ്ട്. പക്ഷേ അതിൽ ഒന്നുപോലും ഗോളായിട്ടില്ല. യൂറോപ്പിലെ പ്രധാനപ്പെട്ട അഞ്ചുലീഗുകളുടെ കാര്യമെടുത്താൽ ഇത്രയും ഷോട്ടടിച്ചിട്ടും ഒരു ഗോൾപോലും നേടാത്ത മറ്റൊരു താരവുമില്ല. കൂടാതെ സിർക്സിയും ഗാർണാച്ചോയും പ്രതീക്ഷക്കൊത്ത് ഉയരുന്നുമില്ല. റാഷ്ഫോഡ് ടീമിന് ഒരു ബാധ്യതയായി മാറിത്തുടങ്ങുന്നു. ട്വന്റെക്കെതി​രായ മത്സരത്തിന് പിന്നാലെ ഗോളുകൾ ​നേടാനാത്തത് തന്നെയാണ് തങ്ങളുടെ പ്രശ്നമെന്ന് ടെൻഹാഗ് തുറന്ന് പറഞ്ഞിരുന്നു. ഞങ്ങൾ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പക്ഷേ വേണ്ട വിധത്തിൽ സ്കോർ ചെയ്യാനാകാത്തതാണ് പ്രശ്നമെന്നാണ് ടെൻഹാഗ് പറഞ്ഞത്.

മുന്നേറ്റം മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം പെർഫെക്ട് ആണെന്നല്ല പറഞ്ഞുവരുന്നത്. ഏറ്റവും പ്രശ്നമുള്ളത് മുന്നേറ്റത്തിലാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. ഇതിനിടയിൽ ആർ.ബി ലെപ്സിഗിന്റെ ​​​െസ്ലാവേനിയൻ താരം ബെഞ്ചമിൻ സെസ്കോക്ക് പിന്നാലെ യുനൈറ്റഡുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. പോയ സീസണിൽ ബുണ്ടസ് ലിഗയിൽ 18​ ഗോളുകൾ നേടിയ സെസ്കോയിൽ പി.എസ്.ജിക്കും കണ്ണുണ്ട്.

സീസൺ തുടങ്ങിയിട്ടേയുള്ളൂ. ഒന്നിനും വിധിപറയാൻ നേരമായിട്ടില്ല. എന്തുകൊണ്ടാണ് ടെൻഹാഗിൽ ക്ലബ് ഇത്രയും വിശ്വാസമർപ്പിക്കുന്നത്. കാത്തിരുന്ന് കാണാം.

Similar Posts