യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലില്‍ യുണൈറ്റഡിന് സമനില കുരുക്ക്
|ഇഞ്ചുറി സമയത്ത് സെവിയ്യക്ക് സമനില ഗോൾ സമ്മാനിച്ച് ഹാരി മഗ്വയർ
മാഞ്ചസ്റ്റർ: ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില കുരുക്ക്. സ്പാനിഷ് ക്ലബ്ബായ സെവിയ്യയാണ് യുണൈറ്റഡിനെ 2-2 എന്ന സ്കോറിന് സമനിലയിൽ കുരുക്കിയത്. മാർസെൽ സാബിറ്റ്സർ (14,21) മിനുട്ടുകളിൽ യുണൈറ്റഡിനായി ഇരട്ട ഗോളുകൾ നേടിയപ്പോൾ 84 മിനുട്ടിൽ മലാസ്യയുടെയും ഇഞ്ചുറി സമയത്ത് ഹാരി മഗ്വയറിൻ്റെയും ഓൺ ഗോളുകൾ സെവില്ലക്ക് സമനില സമ്മാനിച്ചു.
ആദ്യ പകുതിയിൽ തന്നെ മാർസെൽ സാബിറ്റ്സർ നേടിയ ഇരട്ട ഗോളുകളുടെ മികവിൽ ഇംഗ്ലീഷ് ടീമിന് മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്താൻ കഴിഞ്ഞിരുന്നു. എന്നാൽ പ്രതിരോധനിരയുടെ വീഴ്ച്ച യുണൈറ്റഡിൻ്റെ അർഹിച്ച വിജയം തട്ടിയകറ്റി. 84 മിനുട്ടിൽ സെവില്ല താരമായ നവാസിൻ്റെ ക്രോസ് തടയുന്നതിനിടെ മലാസ്യയുടെ കാലിൽ തട്ടിയ പന്ത് പെട്ടെന്ന് ഗോൾ കീപ്പർ ഡിഹിയയുടെ നേരോട്ട്, പന്തിനെ തടയുവാൻ ഡിഹിയ ശ്രമിച്ചെങ്കിലും പന്തിൻ്റെ അപ്രതീക്ഷിത വരവ് താരത്തിന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. സെവിയ്യ ആദ്യ ഗോൾ നേടി.
ഒരു ഗോൾ നേടിയ ശേഷം സമനില ഗോളിനായി പ്രയത്നിച്ചു കളിച്ച സെവിയ്യക്ക് തൊണ്ണൂറ് മിനുട്ടിന് ശേഷം കിട്ടിയ സമ്മാനമായിരുന്നു ഹാരി മഗ്വയറിൻ്റെ ഓൺ ഗോൾ. ഓകാമ്പോസിൻ്റെ ക്രോസ് യൂസഫ് എൻ-നെസിരി ശക്തിയായി ഹെഡ് ചെയ്തപ്പോൾ തലക്കൊണ്ട് തടയാൻ ശ്രമിച്ച മഗ്വയറിന് പിഴച്ചു. പന്ത് ഡിഹിയക്ക് അവസരം നൽകാതെ പോസ്റ്റിലേക്ക്. ഈ ഗോളോടെ ഓൾഡ് ട്രാഫോർഡിൽ ആരാധകർക്ക് മുന്നിൽ വിജയം ഉറപ്പിച്ച മത്സരം യുണൈറ്റഡിന് സമനിലക്കൊണ്ട് സംതൃപ്തിപ്പെടേണ്ടി വന്നു.
അടുത്ത വെള്ളിയഴ്ച്ച സെവിയ്യയുടെ ഹോം ഗ്രൗണ്ടിലാണ് രണ്ടാം പാദ മത്സരം നടക്കുക. യുണൈറ്റഡിനെതിരെ സമനില നേടാനായത് സ്വന്തം ഗ്രൗണ്ടിൽ സ്പാനിഷ് ടീമിന് ആത്മവിശ്വാസം പകരും. എന്നാൽ സമനിലക്കു പുറമെ ബ്രൂണോ ഫെർണാണ്ടസിൻ്റെ സസ്പെൻഷനും ലിസാൻഡ്രോ മാർട്ടിനെസിൻ്റെ പരിക്കും റാഫേൽ വരാനെയുടെ മോശം ഫിറ്റ്നസും അടുത്ത പാദ മത്സരത്തിൽ യുണൈറ്റഡിന് തിരിച്ചടിയാണ്.