മാഞ്ചസ്റ്ററിന് ചുവപ്പടിച്ച് യുനൈറ്റഡ്; ഹൃദയ വേദനയിൽ സിറ്റി
|ലണ്ടൻ: സീസണിലുടനീളം മോശം പ്രകടനത്തിന്റെ പേരിൽ പഴികേട്ടിരുന്ന യുനൈറ്റഡ് എഫ്.എ കപ്പ് കിരീടത്തിൽ മുത്തമിട്ട് നിറഞ്ഞാടുമ്പോൾ നഗരവൈരികളായ സിറ്റിക്ക് ഹൃദയവേദന. ഫുട്ബോളിലെ പൈതൃക വേദികളൊന്നായ വെംബ്ലി സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് യുനൈറ്റഡിന്റെ കിരീട വിജയം.
പതിവുപോലെ പൊസിഷനിലും പാസിങ്ങിലുമെല്ലാം സിറ്റി മുന്നിട്ടുനിന്നെങ്കിലും കിട്ടിയ അവസരങ്ങളിൽ സിറ്റി ഗോൾമുഖത്തേക്ക് പാഞ്ഞുകയറി യുനൈറ്റഡും ഭീതി പരത്തി. 30ാം മിനുറ്റിൽ സിറ്റി പ്രതിരോധഭടൻ ഗ്വാർഡിയോളിന്റെ പിഴവിൽ നിന്നായിരുന്നുഅലക്സാണ്ട്രോ ഗാർണോച്ചോയുടെ ഗോൾ. അധികം വൈകാതെ 39ാം മിനുറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ മനോഹര പാസിൽ മൈനോയിലൂടെയായിരുന്നു യുനൈറ്റഡിന്റെ രണ്ടാംഗോൾ.
രണ്ടുഗോളിന് മുന്നിലെത്തിയതോടെ പ്രതിരോധത്തിലൂന്നി മത്സരം പൂർത്തിയാക്കാനായിരുന്നു യുനൈറ്റഡിന്റെ ശ്രമം. യുനൈറ്റഡ് പ്രതിരോധനിരയെ വെട്ടിച്ചുകയറാനുളള സിറ്റിയുടെ ശ്രമങ്ങളെല്ലാം പാഴായി. ഒടുവിൽ 87ാം മിനുറ്റിൽ ജെർമി ഡോകുവിലൂടെയായിരുന്നു സിറ്റിയുടെ തിരിച്ചടി. പെനൽറ്റി ബോക്സിന് വെളിയിൽ നിന്നും തൊടുത്ത ഷോട്ട് അളന്നെടുക്കുന്നതിൽ യുനൈറ്റഡ് ഗോൾകീപ്പർ ഒനാനക്ക് പിഴച്ചു.
സീസണിലുടനീളം മോശം പ്രകടനത്തിന് പഴികേണ്ട യുനൈറ്റഡ് പരിശീലകൻ എറിക് ടെൻഹാഗിന് ഏറെ ആശ്വാസം നൽകുന്നതാണ് എഫ്.എ കപ്പ് വിജയം. പ്രീമിയർ ലീഗിന് പിന്നാലെ എഫ്.എ കപ്പിലും മുത്തമിട്ട് രാജാക്കൻമാരാകാനുള്ള സിറ്റിയുടെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ് നഗരവൈരികൾ നൽകിയത്.