കസമിറോയെ ലക്ഷ്യമിട്ട് സൗദി ക്ലബ്; ട്രാൻസ്ഫർ വിപണിയിൽ ഒരുമുഴംമുൻപേ യുണൈറ്റഡ്
|ജനുവരി ട്രാൻസ്ഫറിൽ മികച്ചൊരു സ്ട്രൈക്കറെ ടീമിലെത്തിക്കാനാണ് യുണൈറ്റഡ് തയാറെടുക്കുന്നത്
ലണ്ടൻ:ചാമ്പ്യൻസ് ലീഗിൽ ആദ്യറൗണ്ടിൽ പുറത്താകുകയും പ്രീമിയർലീഗിൽ തുടർതോൽവികൾ നേരിടുകയും ചെയ്യുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരി ട്രാൻസ്ഫർ വിപണിയിൽ വൻ അഴിച്ചുപണിക്കൊരുങ്ങുന്നു. ബ്രസീൽതാരം കസമിറോ, ഫ്രഞ്ച് താരം റാഫേൽവരാനെ, ഇംഗ്ലീഷ് താരം ജോഡാൻ സാഞ്ചോ എന്നിവരെ ഒഴിവാക്കാനൊരുങ്ങുന്നതായാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രീമിയർലീഗ് പാതിവഴിയിലേക്കെത്തുമ്പോൾ ഈ മൂന്ന് താരങ്ങൾക്കും ടീമിൽ സ്ഥിരമായി അവസരം ലഭിക്കാറില്ല. കാസമിറോ പരിക്കിന്റെ പിടിയിലാണെങ്കിൽ വരാനേയ്ക്ക് പലപ്പോഴും ബെഞ്ചിലായിരുന്നു സ്ഥാനം.
കോച്ച് എറിക് ടെൻ ഹാഗുമായി വരാനെ നല്ലബന്ധത്തിലല്ലെന്ന തരത്തിലും വാർത്തകളുണ്ട്. ഇതിന് പുറമെ ഇംഗ്ലീഷ് ക്ലബ് ഡ്രസിംഗ് റൂമിൽ കളിക്കാർ തമ്മിൽ അഭിപ്രായ ഭിന്നതയുള്ളതും പുതിയതാരങ്ങളെയെത്തിക്കുന്നതിലേക്ക് ടീമിനെ നിർബന്ധിതമാക്കുന്നു.കസമിറോയടക്കമുള്ള പ്രധാനതാരങ്ങൾക്കായി സൗദി ക്ലബുകൾ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ജനുവരി ട്രാൻസ്ഫറിൽ മികച്ചൊരു സ്ട്രൈക്കറെ ടീമിലെത്തിക്കാനാണ് യുണൈറ്റഡ് തയാറെടുക്കുന്നത്. ജർമ്മൻതാരവും മുൻ ചെൽസിതാരവുമായ തിമോ വെർണറെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിൽ നാല് വർഷകരാറാണ് കസമിറോയുമായി ഇംഗ്ലീഷ് ക്ലബിനുള്ളത്. റാഫേൽ വരാനെയുമായും ദീർഘകരാറുണ്ട്.
നിലവിൽ യൂറോപ്പിൽ തുടരാനാണ് താരങ്ങളുടെ തീരുമാനമെങ്കിലും അവസാന നിമിഷത്തെ അട്ടിമറിയിലാണ് സൗദി ക്ലബ് പ്രതീക്ഷയർപ്പിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസെമ, എൻകോളോ കാന്റെ അടക്കമുള്ള നിരവധി താരങ്ങളാണ് നിലവിൽ സൗദിക്ലബിൽ കളിക്കുന്നത്.