പ്രീമിയർ ലീഗിൽ ഫുൾഹാം കടന്ന് മാഞ്ചസ്റ്റർ സിറ്റി; മൂന്നടിച്ച് ഗണ്ണേഴ്സ് ജയം
|ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് സിറ്റിയും ആർസനലും വിജയം പിടിച്ചത്.
ലണ്ടൻ: പ്രീമിയർ ലീഗിൽ വമ്പൻ ക്ലബുകൾക്ക് ജയം.നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി രണ്ടിനെതിരെ മൂന്ന് ഗോളിന് ഫുൾഹാമിനെ കീഴടക്കി.ആർസനൽ 3-1ന് സതാംപ്ടണെ തകർത്തു. മറ്റു മത്സരങ്ങളിൽ ലെസ്റ്റർ സിറ്റിയും വെസ്റ്റാഹാം യുണൈറ്റഡും ബ്രെൻഡ്ഫോർഡും ജയം സ്വന്തമാക്കി.
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആദ്യാവസാനം പോരാടിയാണ് ഫുൾഹാം കീഴടങ്ങിയത്. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ സ്റ്റാർട്ടിങ് വിസിൽ മുതൽ ആക്രമിച്ചുകളിച്ച പെപ് ഗ്വാർഡിയോളയുടെ സംഘം ഫുൾഹാം ഹാഫിലേക്ക് കളിമാറ്റി. എന്നാൽ സിറ്റിയെ അതേനാണയത്തിൽ തിരിച്ചടിച്ച സന്ദർശകർ അതിവേഗ കൗണ്ടർ അറ്റാക്കിലൂടെ കളംനിറഞ്ഞു. 26ാം മിനിറ്റിൽ സിറ്റിയെ ഞെട്ടിച്ച് ഫുൾഹാം മത്സരത്തിൽ ആദ്യഗോൾനേടി. ബോക്സിൽ നിന്ന് റൗൾ ജിമിനസ് നൽകിയ മികച്ചൊരു ബാക് ഹീൽ ആന്ദ്രെസ് പെരേരെ കൃത്യമായി വലയിലാക്കി. ആറുമിനിറ്റിനകം സിറ്റി സമനിലപിടിച്ചു. 32ാം മിനിറ്റിൽ മതേയോ കൊവാസിചിന്റെ ഷോട്ട് ഗോൾകീപ്പറെ മറികടന്ന് വലയിൽ കയറി.
രണ്ടാം പകുതി ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ കൊവാസിച് വീണ്ടും ലക്ഷ്യംകണ്ടു. 82ാം മിനിറ്റിൽ ജെർമി ഡോകുവിന്റെ മികച്ചൊരു ഷോട്ടിലൂടെ സിറ്റി മൂന്നാം ഗോളുംനേടി. എന്നാൽ 88ാം മിനിറ്റിൽ ഫുൾഹാം ഒരുഗോൾ മടക്കി കളിയിലേക്ക് മടങ്ങിവന്നു. റോഡ്രിഗോ മ്യൂനിസാണ് ലക്ഷ്യംകണ്ടത്. എന്നാൽ സമനില ഗോളിനായി അവസാന നിമിഷംവരെ ശ്രമം നടത്തിയെങ്കിലും സന്ദർശകർക്ക് സിറ്റി പ്രതിരോധം ഭേദിക്കാനായില്ല. മത്സരത്തിലുടനീളം ഫുൾഹാമിന്റെ നിരവധി ഗോൾ അവസരങ്ങളാണ് സിറ്റി ഗോൾകീപ്പർ എഡേർസൺ തട്ടിയകറ്റിയത്.
മറ്റൊരു മത്സരത്തിൽ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് ആർസനൽ തിരിച്ചുവന്നത്. ആദ്യപകുതി ഗോൾ രഹിതമായി പിരിഞ്ഞു. എന്നാൽ രണ്ടാം പകുതിയുടെ 55ാം മിനിറ്റിൽ കാമറൂൺ ആർച്ചറിലൂടെ സതാംപ്ടൺ ആദ്യ ഗോൾനേടി. എന്നാൽ മൂന്ന് മിനിറ്റിനുള്ളിൽ കായ് ഹാവെർട്സിലൂടെ ഗണ്ണേഴ്സ് സമനില പിടിച്ചു. ഗബ്രിയേൽ മാർട്ടിനലി(68), ബുക്കായോ സാക്ക(88) എന്നിവരാണ് മറ്റു സ്കോറർമാർ. ജയത്തോടെ സിറ്റി 17 പോയന്റുമായി രണ്ടാമതെത്തി. അത്രതന്നെ പോയന്റുള്ള ആർസനൽ ഗോൾശരാശരിയിൽ മൂന്നാമതായി. 18 പോയന്റുള്ള ലിവർപൂളാണ് ഒന്നാമത്.