റയലിന്‍റെ വെള്ളക്കുപ്പായത്തില്‍ ഇനി മാഴ്സലോയില്ല; പൊട്ടിക്കരഞ്ഞ് താരം
|16 വർഷത്തിനുള്ളിൽ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടമടക്കം റയൽ മാഡ്രിഡിന്‍റെ 25 കിരീട നേട്ടങ്ങളിൽ മാഴ്സലോ നിർണ്ണായക സാന്നിധ്യമായിരുന്നു
മാഡ്രിഡ്: റയൽ മാഡ്രിഡിന്‍റെ എക്കാലത്തേയും വിശ്വസ്തനായ വിങ് ബാക്ക് മാഴ്‌സലോ വിയേറ ലോസ് ബ്ലാങ്കോസിന്‍റെ വെള്ളക്കുപ്പായമഴിച്ചു. റയലിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവിൽ ടീം മാഴ്‌സലോക്ക് ഔദ്യോഗിക യാത്രയയപ്പ് നൽകി.യാത്രയയപ്പ് ചടങ്ങില്‍ അത്യന്തം വൈകാരികമായ രംഗങ്ങള്‍ക്കാണ് ബെര്‍ണബ്യൂ വേദിയായയത് . വിടവാങ്ങല്‍ പ്രസംഗത്തിനിടെ താരം പൊട്ടിക്കരഞ്ഞു.
ഒന്നരപ്പതിറ്റാണ്ടു കാലം റയലിന്‍റെ പ്രതിരോധക്കോട്ടയിലെ വിശ്വസ്തനായ കാവൽഭടനായിരുന്നു മാഴ്‌സലോ. 16 വർഷത്തിനിടെ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടമടക്കം റയൽ മാഡ്രിഡിന്‍റെ 25 കിരീട നേട്ടങ്ങളിൽ താരം നിർണ്ണായക സാന്നിധ്യമായി.
ഒരേ സമയം മാഡ്രിഡിൽ ഒരു വിങ് ബാക്കറുടേയും പ്ലേമേക്കറുടേയും റോളിൽ മാഴ്‌സലോ ഒന്നരപ്പതിറ്റാണ്ടു കാലം കളംനിറഞ്ഞു കളിച്ചു. അതിശയിപ്പിക്കുന്ന പന്തടക്കവും വേഗതയും മാഴ്‌സലോയെ മറ്റു കളിക്കാരിൽ നിന്ന് വ്യത്യസ്തനാക്കി. 545 മത്സരങ്ങളിൽ മാഴ്‌സലോ റയലിനായി ബൂട്ടു കെട്ടി. ഇതിൽ നിന്ന് 38 ഗോളുകളും 103 അസിസ്റ്റുകളും തന്‍റെ പേരിൽ താരം കുറിച്ചു. ഏറ്റവുമൊടുവിൽ റയൽ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടുമ്പോൾ ക്യാപ്റ്റൻ ആം ബാന്‍റ് അണിഞ്ഞ് കിരീടമേറ്റു വാങ്ങിയത് മാഴ്‌സലോയായിരുന്നു. റയലിനൊപ്പം ഏറ്റവുമധികം കിരീടം നേടിയ താരമെന്ന റെക്കോർഡും മാഴ്‌സലോക്ക് സ്വന്തമാണ്.
റയലിനൊപ്പം മാഴ്‌സലോയുടെ കിരീട നേട്ടങ്ങള്‍
ലാലീഗ- 6
ചാമ്പ്യൻസ് ലീഗ്- 5
കോപ്പ ഡെൽ റേ- 2
സ്പാനിഷ് സൂപ്പർ കപ്പ് - 5
യുവേഫ സൂപ്പർ കപ്പ് - 3
ക്ലബ്ബ് ലോകകപ്പ്-4