ബ്രസീൽ ഫുട്‌ബോളിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം; വലയിൽ പ്രമുഖ താരങ്ങളും
|കഴിഞ്ഞ വർഷം നടന്ന 11 മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്
ബ്രസീലിയ: ബ്രസീൽ ഫുട്‌ബോളിനെ പിടിച്ചുകുലുക്കി വാതുവയ്പ്പ് വിവാദം. കഴിഞ്ഞ വർഷം നടന്ന മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. സംശയനിഴലിൽ പ്രമുഖ താരങ്ങളുമുണ്ട്.
ബ്രസീൽ ഫുട്‌ബോൾ ലീഗിലെ വിവിധ ക്ലബുകൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ആറ് ബ്രസീൽ സംസ്ഥാനങ്ങളിലും 16 നഗരങ്ങളിലുമുള്ള നിരവധി വ്യവസായികളുടെയും താരങ്ങളുടെയും വസതികളിൽ റെയ്ഡ് നടന്നു. ഒൻപത് താരങ്ങളെ പൊലീസ് ചോദ്യംചെയ്തിട്ടുണ്ട്. താരങ്ങളുടെ പേരുവിവരങ്ങൾ ഇതുവരെ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ നവംബറിലാണ് വാതുവയ്പ്പ് ആരോപണങ്ങളിൽ അന്വേഷണം ആരംഭിക്കുന്നത്. തുടക്കത്തിൽ മൂന്നു മത്സരങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. കൂടുതൽ ചോദ്യംചെയ്യലിൽനിന്നാണ് 11 മത്സരങ്ങളിൽ വാതുവയ്പ്പ് നടന്നതായി കണ്ടെത്തിയത്.
ഓരോ മത്സരങ്ങളിലും വാതുവെപ്പ് സംഘം ആവശ്യപ്പെടുന്ന നീക്കങ്ങൾ നടത്താനാണ് താരങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. മഞ്ഞക്കാർഡിനായുള്ള ഫൗളുകൾ മുതൽ കോർണർ കിക്കുകൾ പുറത്തേക്കടിക്കൽ വരെ ഇതിൽ ഉൾപ്പെടും. ഇതിനായി 10,000 യു.എസ് ഡോളർ(ഏകേദശം എട്ടു ലക്ഷം രൂപ) മുതൽ 20,000 ഡോളർ വരെ വിവിധ താരങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.
Summary: Probe finds evidence of match fixing in Brazil's top football league