പാരിസിൽ ഇനി എംബാപ്പേ രാവുകളില്ല
|‘‘ഇത് പി.എസ്.ജിയിലെ എന്റെ അവസാന വർഷമാണ്. ഈ ജേഴ്സിയിലെ എന്റെ അവസാന ഹോം മത്സരം ഈ ഞായർ നടക്കും.
എന്റെ രാജ്യവും ലിഗ് വണും വിടുകയെന്ന ഈ പ്രഖ്യാപനം വളരെ ബുദ്ധിമുട്ടേറിയതാണ്. പക്ഷേ ഇത് അനിവാര്യമാണെന്ന് ഞാൻ കരുതുന്നു. ഏഴുവർഷങ്ങൾക്ക് ശേഷം ഒരുപുതിയ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു. നിങ്ങളെല്ലാം നൽകിയ സ്നേഹത്തിലാണ് ഞാൻ ജീവിച്ചത്’’
സമൂഹമാധ്യമങ്ങളിലൂടെ കിലിയൻ എംബാപ്പേയുടെ പ്രഖ്യാപനം കണ്ടവരൊന്നും ഞെട്ടിയില്ല. കാരണം ഏതാണ്ടെല്ലാം നേരത്തെ തീരുമാനമായതാണ്. പോയ വർഷം ജൂണിൽ തന്നെ കരാർ തുടരാൻ താൽപര്യമില്ലെന്ന് എംബാപ്പേ പി.എസ്.ജിയെ അറിയിച്ചിരുന്നു. പോയ സമ്മറിൽ സൗദി ക്ലബായ അൽഹിലാൽ 259 മില്യണെന്ന ലോക റെക്കോർഡ് തുക മുന്നിൽ വെച്ചെങ്കിലും താരം നിരസിച്ചിരുന്നു. സാന്റിയാഗോ ബെർണബ്യൂവിലെ രാവുകളും മാഡ്രിഡിന്റെ തുവെള്ള ജേഴ്സിയുമാണ് അയാളുടെ കനവുകളിലെന്ന് അന്നേ വ്യക്തമായിരുന്നു.
2017ൽ മൊണോക്കോയിൽ നിന്നാണ് ഈ അത്ഭുത ബാലനെ പി.എസ്.ജി കൊണ്ടുവരുന്നത്. 306 മത്സരങ്ങളിൽ പി.എസ്.ജിയുടെ കുപ്പായമിട്ട എംബാപ്പേ 255 ഗോളുകളും 108 അസിസ്റ്റുകളും നേടി. കാര്യമായ വെല്ലുവിളികളൊന്നുമില്ലൊതെ ആറ് ലീഗ് കിരീടങ്ങൾ പാരിസിലെത്തിച്ചെങ്കിലും തങ്ങളുടെ സ്വപ്ന കിരീടമായ ചാമ്പ്യൻസ് ലീഗിൽ മുത്തമിടാൻ പി.എസ്.ജിക്കായിരുന്നില്ല. ഈ വർഷം പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും ബൊറൂഷ്യ ഡോർട്ട്മുണ്ടിന് മുന്നിൽ വീണു. വലിയ സാധ്യതകളുണ്ടായിരുന്നുവെങ്കിലും 2020ൽ ബയേണിന് മുന്നിൽ തോൽവി.
മിന്നുന്നതെല്ലാം ബെർണബ്യൂവിൽ എത്തിക്കുന്ന മാഡ്രിഡിന് എംബാപ്പേയിൽ പണ്ടേ കണ്ണുള്ളതാണ്. മൊണോക്കോയിൽ കളിക്കുന്ന കാലേത്തേ റയൽ കണ്ണുവെച്ചിരുന്നെങ്കിലും താരത്തിന് അന്ന് പാരിസായിരുന്നു താൽപര്യം. അവിടെ അയാൾ രാജകുമാരനായി വാണു. പക്ഷേ അയാളുടെ ലക്ഷ്യം അതിലും വലുതായിരുന്നു. പലകുറി ക്ലബ് വിടാൻ ഒരുങ്ങിയ നേരത്തെല്ലാം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വരെ ഇടപെട്ടാണ് താരത്തെ ഉറപ്പിച്ചുനിർത്തിയത്.
എംബാപ്പെയില്ലാതെ കളി ജയിക്കാനുള്ള പദ്ധതികളിലാണ് പി.എസ്.ജിയുള്ളത്. പരിശീലകൻ ലൂയസ് എന്റിക്വ അത് തുറന്ന് പറയുകയും ചെയ്തു. റെന്നസുമായുള്ള മത്സരത്തിനിടെ എംബാപ്പെയെ 65ാം മിനുറ്റിൽ എന്റിക്വ തിരിച്ചുവിളിച്ചിരുന്നു. പകരക്കാരനായെത്തിയ ഗോൻസാലോ റോമസ് ഇഞ്ച്വറി ടൈം പെനൽറ്റിയിലൂടെ മത്സരം സമനിലയിലുമാക്കി. മത്സരശേഷം എംബാപ്പെയില്ലാതെ കളിക്കുന്നത് ശീലമാക്കുകയാണെന്നാണ് മാധ്യമങ്ങളോട് എന്റിക്വ പറഞ്ഞത്.
2024 ഒളിമ്പിക്സ് നടക്കുന്നത് പാരിസിലാണ്. ഒളിമ്പിക്സ് ഗ്ലാമറുള്ളതാക്കാൻ എംബാപ്പേ ഫ്രാൻസ് ജഴ്സിയിൽ പന്തുതട്ടണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ഏത് ക്ലബ്ബ് താരത്തെയെടുത്താലും പരമാവധി സമ്മർദ്ദം ചെലുത്തി ഫ്രഞ്ച് ജഴ്സിയിൽ പന്തുതട്ടിക്കുമെന്നും മാക്രാൺ പറയുന്നു.