Football
നീയില്ലായിരുന്നെങ്കിൽ ഫ്രാൻസ് കപ്പടിച്ചേനെ;യൂറോ തോൽവിക്കുപിറകെ ഡ്രസിങ് റൂമിൽനിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി എംബാപ്പെ
Football

'നീയില്ലായിരുന്നെങ്കിൽ ഫ്രാൻസ് കപ്പടിച്ചേനെ'';യൂറോ തോൽവിക്കുപിറകെ ഡ്രസിങ് റൂമിൽനിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി എംബാപ്പെ

Sports Desk
|
5 Oct 2021 12:26 PM GMT

സ്വിറ്റസർലന്‍റിനെതിരായ മത്സരത്തിൽ താരം നിർണായക പെനാൽട്ടി നഷ്ടപ്പെടുത്തിയിരുന്നു.

യൂറോ 2020 ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർസർലന്‍റിനെതിരായ അപ്രതീക്ഷിത തോൽവിക്ക് ശേഷം ടീമിൽ നിന്ന് തനിക്കുണ്ടായ വേദനാജനകമായ അനുഭവം പങ്കുവച്ച് ഫ്രാൻസ് യുവതാരം കെയ്‌ലിയൻ എംബാപെ. നീയില്ലായിരുന്നെങ്കിൽ ഫ്രാൻസ് യൂറോകപ്പ് നേടിയേനെ എന്ന് ദേശീയടീമിൽ നിന്ന് തനിക്കൊരു സന്ദേശം ലഭിച്ചു എന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ക്വാർട്ടറിൽ സ്വിറ്റ്സർലന്‍റിനെതിരായ മത്സരത്തിൽ താരം പെനാൽട്ടി ഷൂട്ടൗട്ടിൽ നിർണായക പെനാൽട്ടി നഷ്ടപ്പെടുത്തിയിരുന്നു.

'ഒരൊറ്റ പ്രതിഫലവും വാങ്ങാതെ എന്‍റെ രാജ്യത്തിന് വേണ്ടി പന്ത് തട്ടാൻ ഞാനൊരുക്കമായിരുന്നു. ടീമിനകത്ത് ഒരു പ്രശ്‌നമാകാതിരിക്കാൻ ഞാനെപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാൽ യൂറോയിലെ ഫ്രാൻസിന്‍റെ പരാജയത്തിന് ശേഷം ടീമിനകത്ത് ഞാനൊരു പ്രശ്‌നമായിത്തുടങ്ങിയെന്ന് എനിക്ക് തോന്നി. എന്‍റെ ഈഗോയാണ് ടീമിനെ തോൽവിയിലെത്തിച്ചത് എന്നും ഞാനില്ലായിരുന്നെങ്കിൽ ഫ്രാൻസ് ആ മത്സരത്തിൽ വിജയിക്കുമായിരുന്നു എന്നുമെഴുതി ദേശീയ ടീമില്‍ നിന്ന് എനിക്കൊരു സന്ദേശം ലഭിച്ചു ' ഒരു സ്‌പോർട്‌സ് മാസികക്ക് നൽകിയ അഭിമുഖത്തിൽ എംബാപെ പറഞ്ഞു.

ദേശീയടീമിന് തന്നെ ആവശ്യമില്ലെന്ന് തോന്നിയാൽ താന്‍ ടീമിൽ തുടരില്ലെന്നും യൂറോയിൽ പെനാൽട്ടി നഷ്ടപ്പെടുത്തിയതിന് ശേഷം കുരങ്ങുവിളിയടക്കം നിരവധി അധിക്ഷേപങ്ങൾ താൻ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ കരിയറിലെ ഏറ്റവും മോശം നിമിഷമായിരുന്നു സ്വിറ്റ്‌സർലന്റിനെതിരെ പെനാൽട്ടി നഷ്ടപ്പെടുത്തിയ നിമിഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിക്ക് വേണ്ടി കളിക്കുന്ന എംബാപെ 2018 ൽ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിൽ അംഗമായിരുന്നു. ഫ്രാൻസ് ലോകകപ്പ് നേടുന്നതിൽ ടൂർണമെന്‍റിലുടനീളം എംബാപെ പുറത്തെടുത്ത പ്രകടനം നിർണായകമായിരുന്നു.

Similar Posts