പി.എസ്.ജിയിൽ നിന്നും മെസിക്ക് അർഹമായ ബഹുമാനം ലഭിച്ചില്ലെന്ന് എംബാപ്പെ
|'വ്യക്തിപരമായി, എന്തുകൊണ്ടാണ് അദ്ദേഹം പോയതില്‍ ഇത്രയധികം ആളുകള്‍ ആശ്വസിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല'
പാരിസ്: ഫ്രാൻസിൽ നിന്ന് അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസിക്ക് അർഹമായ ബഹുമാനം ലഭിച്ചില്ലെന്ന് കിലിയൻ എംബപ്പെ. മെസി പി.എസ്.ജി വിട്ടതിന് പിന്നാലെയാായിരുന്നു എംബാപ്പയുടെ പ്രതികരണം. അതേസമയം എംബാപ്പെയും പിഎസ്ജി വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ സജീവമാണ്.
'നമ്മള്‍ സംസാരിക്കുന്നത് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെക്കുറിച്ചാണ്. മെസ്സിയെപ്പോലൊരാള്‍ വിട്ടുപോകുന്നത് ഒരിക്കലും സന്തോഷകരമായ വാര്‍ത്തയല്ല. വ്യക്തിപരമായി, എന്തുകൊണ്ടാണ് അദ്ദേഹം പോയതില്‍ ഇത്രയധികം ആളുകള്‍ ആശ്വസിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നമ്മള്‍ സംസാരിക്കുന്നത് മെസ്സിയെ കുറിച്ചാണ്. അദ്ദേഹത്തിന് ബഹുമാനം കിട്ടേണ്ടതുണ്ട്. എന്നാല്‍ ഫ്രാന്‍സില്‍ നിന്ന് അദ്ദേഹത്തിന് അര്‍ഹമായ ബഹുമാനം ലഭിച്ചില്ല. ഇത് മോശം കാര്യമാണ്. പക്ഷേ അങ്ങനെയാണ് സംഭവിച്ചത്' എംബാപ്പെ പറഞ്ഞു.
ഒരു ഇറ്റാലിയന്‍ കായിക വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 24-കാരനായ ഫ്രഞ്ച് സ്റ്റാര്‍ ഫോര്‍വാര്‍ഡിന്റെ തുറന്ന് പറച്ചില്‍. അതേസമയം വരുന്ന സീസണിൽ സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകൾ കിലിയൻ എംബാപ്പെ തള്ളി. വാര്‍ത്തകൾ അസത്യമെന്ന് താരം ട്വീറ്റ് ചെയ്‌തു. കരീം ബെൻസേമ ക്ലബ് വിട്ട ഒഴിവിൽ എംബാപ്പെ റയലിലെത്തുമെന്നും ക്ലബ് പ്രസിഡന്‍റ് ഫ്ലോറന്‍റീനോ പെരേസുമായി ചര്‍ച്ച നടത്തിയെന്നും ഒരു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
എന്നാല്‍ മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന് ഉടമസ്ഥാവകാശമുള്ള ക്ലബ് കൂടിയാണ് ലിയോണല്‍ മെസി ചേക്കേറിയിരിക്കുന്ന ഇന്‍റര്‍ മിയാമി. ലിയോണല്‍ മെസിയുടെ വരവോടെ അമേരിക്കന്‍ ഫുട്‌ബോളിന്‍റെ മുഖച്ഛായമാറുമെന്ന പ്രതീക്ഷയിലാണ് മേജര്‍ ലീഗ് സോക്കര്‍ അധികൃതര്‍. ലീഗില്‍ നിലവില്‍ പതിനഞ്ചാം സ്ഥാനത്താണ് ഇന്‍റര്‍ മിയാമി. മെസിയുടെ വരവ് കാണികളുടെ എണ്ണത്തിലും ടിക്കറ്റ് നിരക്കിലും വലിയ മാറ്റമുണ്ടാക്കും.