Football
വിവാദങ്ങളുടെ വഴിയിലേക്കില്ല; പി.എസ്.ജിയിൽ പരിശീലനത്തിനിറങ്ങി എംബാപ്പെ
Football

വിവാദങ്ങളുടെ വഴിയിലേക്കില്ല; പി.എസ്.ജിയിൽ പരിശീലനത്തിനിറങ്ങി എംബാപ്പെ

Sports Desk
|
21 Dec 2022 12:38 PM GMT

ഫൈനലിൽ ജയിച്ച ശേഷമുള്ള ആഘോഷങ്ങളിലും പിന്നീടും എമി മാർട്ടിനെസടക്കമുള്ളവർ എംബാപ്പെയെ പരിഹസിക്കുകയാണ്

ഫ്രാൻസിനെ പരാജയപ്പെടുത്തി അർജൻറീന ലോകകപ്പിൽ മുത്തമിട്ടതോടെ തുടങ്ങിയ പരിഹാസങ്ങൾക്കിടെ പരിശീലനത്തിനിറങ്ങി ഫ്രഞ്ച്‌ സൂപ്പർ താരം കിലിയൻ എംബാപ്പെ. തന്റെ ക്ലബായ പാരിസ് സെയ്ൻറ് ജെർമയ്ൻ കേന്ദ്രത്തിലാണ് ലോകകപ്പിൽ ഗോൾഡൻ ബൂട്ട് ജേതാവായ താരം പരിശീലനത്തിന് എത്തിയത്. ലോകകപ്പ് ഫൈനൽ കഴിഞ്ഞ് മൂന്നു ദിവസത്തിനകമാണ് എംബാപ്പെ പരിശീലനത്തിനിറങ്ങിയിരിക്കുന്നത്. അർജൻറീനൻ നായകൻ ലയണൽ മെസിയും ബ്രസീൽ സൂപ്പർതാരം നെയ്മറുമൊക്കെ കളിക്കുന്ന ക്ലബാണ് പി.എസ്.ജി.

ക്ലബിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് താരം പരിശീലനത്തിന് എത്തിയ വിവരം പങ്കുവെച്ചത്. ഖത്തറിൽ നിന്ന് തിരിച്ചെത്തിയ എംബാപ്പെ തിങ്കളാഴ്ച പാരീസിലെ പബ്ലിക് സ്‌ക്വയറായ പ്ലേസ് ഡെ ലാ കോൻകോർഡിൽ നടന്ന ലോകകപ്പ് ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ശേഷം പത്തു ദിവസമെങ്കിലും അവധിയെടുക്കുമെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും 24 കാരനായ താരം ക്ലബിലേക്ക് വരികയായിരുന്നു. ലീഗ് വണ്ണിൽ ഡിസംബർ 28ന് സ്ട്രാസ്ബർഗിനെതിരെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം. മത്സരത്തിൽ താരം പങ്കെടുക്കാനാണ് സാധ്യത. ലോകകപ്പിൽ ഏഴുമത്സരങ്ങളിലായി എട്ടു ഗോളുകളാണ് എംബാപ്പെ അടിച്ചുകൂട്ടിയത്. രണ്ട് അസിസ്റ്റും താരം കാഴ്ചവെച്ചു. ഫ്രാൻസ് ലോകചാമ്പ്യന്മാരായ 2018ലേതടക്കം 12 ലോകകപ്പ് ഗോളുകളാണ് എംബാപ്പെയുടെ പേരിലുള്ളത്. ലോകകപ്പിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായ ജർമനിയുടെ മുൻ ഫോർവേഡ് മിറോസ്ലേവ് ക്ലോസെയേക്കാൾ നാലു ഗോൾ മാത്രമാണ് താരം പിറകിലുള്ളത്. 24 വയസ്സ് മാത്രമുള്ള താരം ഈ റെക്കോർഡ് മറികടക്കാനാണ് സാധ്യത.

ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജിയുള്ളത്. 15 മത്സരങ്ങളിൽ തോൽവിയറിയാതെ ടീം മുന്നേറുകയാണ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലും പിഎസ്ജി തോൽവിയറിഞ്ഞിരുന്നില്ല. എന്നാൽ കൂടുതൽ എവേ ഗോളുകൾ നേടിയ ബെൻഫിക്കയ്ക്ക് പിറകിൽ രണ്ടാമതാണ് ടീം. ചാമ്പ്യൻസ് ലീഗിൽ ബയേൺ മൂണിച്ചിനെതിരയെടക്കം മത്സരം നടക്കാനിരിക്കെ എംബാപ്പെ ക്ലബിന് മികച്ച സംഭാവനകൾ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അർജൻറീനക്കെതിരെ ഏറെനേരം പിന്നിട്ട് നിന്ന ശേഷം 94 സെക്കൻഡുകളുടെ ഇടവേളയിൽ രണ്ടുഗോളടിച്ച് എംബാപ്പെ ഫ്രാൻസിന് സമനില സമ്മാനിച്ചിരുന്നു. പിന്നീട് മെസി ഒരു ഗോൾ നേടിയപ്പോൾ അവസാന നിമിഷത്തിൽ ലഭിച്ച പെനാൽറ്റി അനായാസം ഗോളാക്കി താരം ഹാട്രിക് നേടി. ഇതോടെ 3-3 സമനിലയിലായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലെത്തി. തുടർന്ന് 4-2ന് ഫ്രഞ്ച് പട തോൽക്കുകയായിരുന്നു. എമിലിയാനോ മാർട്ടിനെസ് കൂമാന്റെ ഷോട്ട് തടയുകയും ഷുവാമെനി കിക്ക് പുറത്തേക്കടിക്കുകയും ചെയ്തതോടെയാണ് ഫ്രാൻസുകാർ തോറ്റത്.

ഫൈനലിൽ ജയിച്ച ശേഷമുള്ള ആഘോഷങ്ങളിലും പിന്നീടും പലവട്ടം എമി മാർട്ടിനെസടക്കമുള്ള അർജൻറീനൻ താരങ്ങൾ എംബാപ്പെയെ പരിഹസിച്ചുകൊണ്ടിരിക്കുകയാണ്. ലോകകപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ അർജൻറീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ അർജൻൈറൻ താരങ്ങൾക്കൊരുക്കിയ സ്വീകരണത്തിനിടെയാണ് മാർട്ടീനസ് പുതിയ വെടിപൊട്ടിച്ചിരുന്നു. ടീമംഗങ്ങൾക്കൊപ്പം തുറന്ന ബസിൽ ആരാധകരെ അഭിവാദ്യം ചെയ്ത് സഞ്ചരിക്കവെ മാർട്ടീനസ് ഒക്കത്ത് വെച്ച പാവയിലേക്ക് നോക്കുമ്പോൾ കാര്യം മനസിലാകും. പാവയുടെ മുഖത്തിന് പകരം കിലിയൻ എംബാപ്പെയുടെ ചിത്രം!. എംബാപ്പെയുടെ ചിത്രത്തിൽ നിന്ന് തല വെട്ടിയെടുത്ത് പാവയുടെ മുഖത്ത് ഒട്ടിച്ചതാണ്. ആ പാവയുമായാണ് എമിലിയാനോ മാർട്ടീനസ് ടീമിൻറെ വിജയാഘോഷ പരിപാടിയിൽ പങ്കെടുത്തത്.

മാർട്ടീനസ് ഇത്തരത്തിൽ ആഘോഷം നടത്തുമ്പോൾ തുറന്ന ബസിൽ ഒപ്പം ലയണൽ മെസ്സിയുമുണ്ടായിരുന്നു. പി.എസ്.ജിയിൽ മെസ്സിയുടെ സഹതാരം കൂടിയാണ് എംബാപ്പെ. എന്നിട്ടും മാർട്ടീനസിൻറെ എംബാപ്പെയെ ലക്ഷ്യം വെച്ചുള്ള വിചിത്രമായ ആഘോഷങ്ങളെ തടയാനോ തള്ളിപ്പറയാനോ മെസ്സി തയ്യാറായിട്ടില്ല.

മുൻപ് നടന്നത്...

ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വീകരിക്കുന്നതിനിടെയായിരുന്നു ഖത്തർ ഭരണാധികാരികളുടെയും ഫിഫ തലവന്മാർക്കും മുന്നിൽ ഗോൾഡൻ ഗ്ലൗവുമായി മാർട്ടിനസിന്റെ വിവാദ 'അംഗവിക്ഷേപം'. ഏറെ വിവാദമായ 'അംഗവിക്ഷേപ' ആഘോഷത്തിൽ പിന്നീട് താരം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഫ്രാൻസുകാരുടെ അപഹാസമാണ് പ്രകോപനമായി താരം ചൂണ്ടിക്കാട്ടിയത്. ഫിഫ നടപടിയുണ്ടായേക്കുമെന്ന വാർത്തകൾ വരുന്നതിനിടെയാണ് മാർട്ടിനസ് നേരിട്ട് വിശദീകരണം നൽകിയത്.

ഫ്രഞ്ച് സംഘം എന്നെ കൂക്കിവിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിനാലാണ് ഞാനത് ചെയ്തത്. അഹങ്കാരം എന്നോട് നടക്കില്ല-അർജന്റീന റേഡിയോയായ 'ലാ റെഡി'നോട് എമിലിയാനോ മാർട്ടിനസ് പ്രതികരിച്ചു. 'ഞങ്ങൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കളി ഞങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കരുതിയ ശേഷമാണ് അവർ തിരിച്ചുവന്നത്. വളരെ സങ്കീർണമായൊരു മത്സരമായിരുന്നു ഇത്. അനുഭവിക്കാനായിരുന്നു ഞങ്ങളുടെ വിധി. വിജയിക്കാനുള്ള അവസാന അവസരംകൂടി അവർക്ക് ലഭിച്ചു. ഭാഗ്യത്തിന് എന്റെ കാലുകൊണ്ട് അതു തടുത്തിടാനായി.'- മാർട്ടീനസ് പറഞ്ഞു.

എക്കാലവും സ്വപ്നം കണ്ടൊരു നിമിഷമാണിതെന്നം താരം വെളിപ്പെടുത്തി. പറയാൻ വാക്കുകളില്ല. വളരെ ചെറുപ്പത്തിൽ തന്നെ ഇംഗ്ലണ്ടിൽ പോയവനാണ് ഞാൻ. ഈ വിജയം കുടുംബത്തിനു സമർപ്പിക്കുന്നുവെന്ന് താരം കൂട്ടിച്ചേർത്തു. അർജന്റീനയുടെ കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരം കൂടിയാണ് മാർട്ടീനസ്. ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ പെനാൽറ്റി ഷൂട്ടൗട്ടിലടക്കം പലതവണ നീലപ്പടയുടെ രക്ഷകനായി 30കാരൻ. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിലും അർജന്റീനയുടെ രക്ഷകനായ മാർട്ടിനസിനാണ് ഇത്തവണ ഗോൾഡൻ ഗ്ലൗ ലഭിച്ചത്. ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ അർജന്റീനക്കാരൻ കൂടിയാണ് മാർട്ടീനസ്.

മെസ്സിയെയും സംഘത്തെയും ഹെലികോപ്ടറിൽ രക്ഷിച്ച് അർജന്റീനൻ ഭരണകൂടം

തെരുവിൽ തിങ്ങിനിറഞ്ഞ ആരാധകരിൽനിന്ന് ലയണൽ മെസ്സിയെയും സംഘത്തെയും ഹെലികോപ്ടറിൽ രക്ഷിച്ച് അർജന്റീനൻ ഭരണകൂടം. തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ലോകകപ്പ് വിജയാഘോഷം അതിരുവിട്ടതോടെയാണ് കളിക്കാരെ തുറന്ന ബസ്സിൽനിന്ന് കോപ്ടറിലേക്ക് മാറ്റിയത്. 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീന നേടിയ കിരീടനേട്ടം ആഘോഷിക്കാൻ നാൽപ്പത് ലക്ഷം പേരാണ് നഗരത്തിൽ ഒത്തുകൂടിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിക്കാണ് മെസ്സിയും സംഘവും ഖത്തറിൽനിന്ന് ജന്മനാട്ടിലെത്തിയത്. വിമാനത്താവളത്തിൽ നിന്ന് തുറന്ന ബസ്സിലാണ് കളിക്കാർ ആരാധകർക്കിടയിലേക്ക് നീങ്ങിയത്. ബസ് നീങ്ങുന്നതിനിടെ ചില ആരാധകർ പാലത്തിൽനിന്ന് തുറന്ന ബസ്സിലേക്ക് ചാടി. ചിലർ ബസ്സിലെത്താതെ താഴേക്കും വീണു. അതിനിടെ, ബസുമായുള്ള അധികൃതരുടെ നിയന്ത്രണം നഷ്ടമായി. ഇതോടെയാണ് ടീമിനെ ഹെലികോപ്ടറിലേക്ക് മാറ്റിയത്. പിന്നീട് കോപ്ടറിൽ ടീം നഗരം വലംവച്ചു. കളിക്കാരുടെ യാത്ര ഇടയ്ക്കു വച്ച് മാറ്റേണ്ടി വന്നതിൽ ആരാധകരോട് ക്ഷമ ചോദിക്കുന്നതായി അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ക്ലാഡിയോ താപിയ പറഞ്ഞു.

ജനങ്ങൾക്കിടയിലെ 'ആഹ്‌ളാദ വിസ്ഫോടനം' കൊണ്ടാണ് ടീമിന്റെ യാത്ര തടസ്സപ്പെട്ടെന്നും അതുമൂലം താരങ്ങളെ കോപ്ടറിലേക്ക് മാറ്റേണ്ടി വരികയായിരുന്നു എന്നുമാണ് അർജൻറൈൻ പ്രസിഡണ്ടിന്റെ വക്താവ് ഗെബ്രിയേല സെറുറ്റി വിശദീകരിച്ചു. മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് കോപ്ടറിലിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

കിരീടനേട്ടം ആഘോഷിക്കുന്നതിനായി പ്രസിഡണ്ട് ആൽബർട്ടോ ഫെർണാണ്ടസ് ചൊവ്വാഴ്ച രാജ്യത്ത് ദേശീയ അവധി പ്രഖ്യാപിച്ചിരുന്നു. നഗരപ്രാന്തങ്ങളിലേത് അടക്കമുള്ള പൊതുവിടങ്ങളിലെല്ലാം വൻതോതിലുള്ള ജനക്കൂട്ടമാണ് ജഴ്സിയൂരിയും ദേശീയഗാനം ചൊല്ലിയും പ്രിയതാരങ്ങളെ വരവേൽക്കാനായി എത്തിയിരുന്നത്. ആസൂത്രണത്തിലെ പാളിച്ചയും സുരക്ഷാ പിഴവുമാണ് ടീമിനെ പെരുവഴിയിലാക്കിയത്.

Mbappe started training at PSG

Similar Posts