Football
എംബാപ്പെക്ക് ഇന്ന് 24 വയസ്; ലോകകപ്പിലെ മികച്ച ഗോൾ വേട്ടക്കാരൻ അടക്കം നിരവധി റെക്കോർഡുകൾ തൊട്ടരികെ
Football

എംബാപ്പെക്ക് ഇന്ന് 24 വയസ്; ലോകകപ്പിലെ മികച്ച ഗോൾ വേട്ടക്കാരൻ അടക്കം നിരവധി റെക്കോർഡുകൾ തൊട്ടരികെ

Web Desk
|
20 Dec 2022 1:31 PM GMT

രണ്ട് ലോകകപ്പുകൾ മാത്രം കളിച്ച താരം ഇതിനകം 12 ഗോളുകൾ നേടിക്കഴിഞ്ഞു. ലോകകപ്പിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡിന് ഇനി അഞ്ച് ഗോളുകൾ കൂടി മതി.

പാരീസ്: ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് ഇന്ന് ജൻമദിനം. 24 വയസ് പൂർത്തിയാകുന്ന താരം ഇതിനകം തന്നെ മെസ്സി-ക്രിസ്റ്റ്യാനോ യുഗത്തിന് ശേഷം ലോക ഫുട്‌ബോൾ തന്റെ ചുറ്റും കറങ്ങുമെന്ന് ഉറപ്പ് നൽകിക്കഴിഞ്ഞു. 2018 റഷ്യൻ ലോകകപ്പിൽ കിരീടം നേടിയ ഫ്രഞ്ച് സംഘത്തിൽ മികച്ച പ്രകടനം നടത്തി വരവറിയിച്ച താരം ഖത്തർ ലോകകപ്പ് ഫൈനലിലെ ഹാട്രിക് നേട്ടമടക്കം അസാമാന്യ പ്രകടനമാണ് നടത്തിയത്.



കരിയറിൽ ഇനിയും ഒരുപാട് വർഷങ്ങൾ ബാക്കിയുള്ള എംബാപ്പെക്ക് മുന്നിൽ നിരവധി റെക്കോർഡുകൾ കടപുഴകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡ് മറികടക്കാൻ എംബാപ്പെക്ക് ഇനി അഞ്ച് ഗോളുകൾ മാത്രം മതി. രണ്ട് ലോകകപ്പുകളിലായി 14 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം ഇതിനകം 12 ഗോളുകൾ നേടിക്കഴിഞ്ഞു. ഖത്തർ ലോകകപ്പിൽ മാത്രം എട്ട് ഗോളുകളാണ് അദ്ദേഹം നേടിയത്. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഹാട്രിക് ഗോളുകളുമായി എംബാപ്പെ നടത്തിയ മികച്ച പ്രകടനം ആരാധകരുടെ ഹൃദയം കവരുന്നതായിരുന്നു. ഏറ്റവും ഗോളുകൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് പുരസ്‌കാരവും എംബാപ്പെക്ക് തന്നെയായിരുന്നു. ജർമൻ താരമായിരുന്ന മിറോസ്ലാവ് ക്ലോസെ ആണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. 16 ഗോളുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.



ഫ്രാൻസിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കാൻ എംബാപ്പെക്ക് ഇനി 18 ഗോളുകൾ മതി. 36 ഗോളുകളാണ് ഇതിനകം എംബാപ്പെ നേടിയത്. 53 ഗോളുകൾ നേടിയ ഒലിവിയർ ജിറൂദ് ആണ് ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ. 51 ഗോളുകളുമായി തിയറി ഹെൻട്രിയാണ് തൊട്ടുപിന്നിലുള്ളത്. അന്റോണിയോ ഗ്രീസ്മാൻ (42 ഗോൾ), മിഷേൽ പ്ലാറ്റിനി (41 ഗോൾ), കരീം ബെൻസെമ (37 ഗോൾ) എന്നിവരാണ് എംബാപ്പെക്ക് മുന്നിലുള്ള ഗോൾ വേട്ടക്കാർ.

നിലവിൽ ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയുടെ താരമായ എംബാപ്പെക്ക് പി.എസ്.ജിയുടെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കാൻ 11 ഗോളുകൾ കൂടി മതി. ഇതിനകം 190 ഗോളുകൾ നേടിയ എംബാപ്പെ രണ്ടാം സ്ഥാനത്താണ്. 200 ഗോളുകൾ നേടിയ എഡിസൻ കവാനി മാത്രമാണ് ഗോൾ വേട്ടയിൽ എംബാപ്പെക്ക് മുന്നിലുള്ളത്.

Similar Posts