Football
Sandesh Jhingan, FC GOA

സന്ദേശ് ജിങ്കന്‍

Football

ബംഗളൂരു എഫ്.സി വിട്ട് സന്ദേശ് ജിങ്കൻ, ഇനി പുതിയ തട്ടകം

Web Desk
|
2 April 2023 2:39 AM GMT

2020ൽ കേരള ബ്ലാസ്റ്റേഴ്‌സുമായി പിരിഞ്ഞ് സ്വതന്ത്ര താരമായപ്പോൾ തന്നെ ജിങ്കനെ സ്വന്തമാക്കാന്‍ ഗോവ ശ്രമിച്ചിരുന്നു

ബംഗളൂരു: ഐ.എസ്.എല്ലിൽ ബംഗളൂരു എഫ്.സി വിട്ട് സന്ദേശ് ജിങ്കൻ. അടുത്ത സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ താരം എഫ്.സി ഗോവയില്‍ ചേരും. ജിങ്കനും എഫ്.സി ഗോവയും തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത സീസണിൽ എ.ടി.കെ മോഹൻ ബഗാനുമായി നാല് വർഷത്തെ കരാറിൽ ഒപ്പുവെച്ച അൻവർ അലിയുടെ പകരക്കാരനായി പരിചയസമ്പന്നനായ സെൻട്രൽ ഡിഫൻഡറെ ഗോവ തെരയുന്നുണ്ടായിരന്നു. ഇതിനിടയിലാണ് ജിങ്കനിലേക്ക് കണ്ണെത്തുന്നത്. തുടക്കത്തിൽ നിരവധി പേരെ പരിഗണിച്ചിരുന്നുവെങ്കിലും ജിങ്കനില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയായിരുന്നു. സൂപ്പർ കപ്പിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം വരിക. ബെംഗളുരുവുമായി നിലവിൽ ഒരു വർഷത്തെ കരാറാണ് ജിങ്കനുള്ളത്, അത് അവസാനിക്കാറായി.

ബംഗളൂരുവില്‍ തന്നെ തുടരാന്‍ ജിങ്കന്‍ ക്ലബ്ബ് മാനേജ്മെന്റുമായി സംസാരിച്ചിരുന്നു. എന്നാൽ ചർച്ചകൾക്ക് കൂടുതൽ സമയമെടുത്തു. ഇരു പാർട്ടികൾക്കും സമവായത്തിലെത്താൻ കഴിഞ്ഞതുമില്ല. തുടർന്നാണ് ഇന്ത്യൻ ഡിഫൻഡറെ സൈൻ ചെയ്യാനുള്ള പോരാട്ടത്തിൽ ഗോവയും രംഗത്തെത്തിയത്. ഗോവയെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ രണ്ട് സീസണുകളിലും വിശ്വസ്തനായ സെൻട്രൽ ഡിഫൻഡർമാരിൽ ഒരാളായിരുന്നു അൻവർ. ആ ശൂന്യത ജിങ്കന് നികത്താൻ കഴിയുമെന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്.

2020ൽ കേരള ബ്ലാസ്റ്റേഴ്‌സുമായി പിരിഞ്ഞ് സ്വതന്ത്ര താരമായപ്പോൾ തന്നെ ജിങ്കനെ സ്വന്തമാക്കാന്‍ ഗോവ ശ്രമിച്ചിരുന്നുവെങ്കിലും അന്നത് നടന്നില്ല. 29 കാരനായ ജിങ്കന്‍, ഈ സീസണിൽ ബെംഗളൂരുവിനെ ഫൈനലിലെത്തിക്കുന്നതില്‍ നിർണായക പങ്കുവഹിച്ചിരുന്നു. ഈ സീസണിലെ ഐഎസ്എല്‍ മത്സരങ്ങളില്‍ ക്ലബ്ബിന്റെ 24 കളികളിൽ 22ലും അദ്ദേഹം ഭാഗമായി. ഇക്കഴിഞ്ഞ ത്രിരാഷ്ട്ര ഫുട്ബോളില്‍ ജിങ്കന്‍ ഇന്ത്യക്കായി ഗോള്‍ നേടിയിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടം ഉയര്‍ത്തുകയും ചെയ്തു.

Summary-Sandesh Jhingan set to join FC Goa

Similar Posts