ക്രിസ്റ്റ്യാനോയ്ക്ക് മൂന്നു കളിയിൽ നാലു ഗോൾ, മെസ്സി പൂജ്യം; സിറ്റിക്കെതിരെ നിർണായകം
|ബാഴ്‌സലോണ കുപ്പായത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച റെക്കോർഡാണ് അർജന്റീനൻ സൂപ്പർ താരത്തിനുള്ളത്
ലിവർപൂൾ, റയൽ മാഡ്രിഡ്, ഇന്റർമിലാൻ, അയാക്‌സ്, ലൈപ്‌സിഷ്, ബൊറൂഷ്യ ഡോട്മുണ്ട്... ലോക ഫുട്‌ബോളിലെ വമ്പന്മാരെല്ലാം അണി നിരക്കുന്നുണ്ട് ഇന്നത്തെ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളിൽ. എന്നാൽ അതൊന്നുമല്ല പെരും പോര്. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയും പ്രീമിയർ ലീഗ് സൂപ്പർ ക്ലബായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള പോരാട്ടമാണ് ഫുട്‌ബോൾ ആരാധകർ ആവേശത്തോടെ ഉറ്റുനോക്കുന്നത്. അതിന് ഒരേയൊരു കാരണം, ലയൺ മെസ്സി!
ബാഴ്‌സലോണയിൽനിന്ന് ഈ ട്രാൻഫസ്ഫർ ജാലകത്തിൽ പിഎസ്ജിയിലെത്തിയ മെസ്സിക്ക് ഇതുവരെ ഗോൾ കണ്ടെത്താനായിട്ടില്ല. മൂന്ന് കളികളിലാണ് താരം ബൂട്ടണിഞ്ഞത്. ഇതിൽ ഗോളുമില്ല, അസിസ്റ്റുമില്ല. ഇന്ന് ടീമിൽ മെസ്സിയുണ്ടാകുമെന്ന് കോച്ച് പൊച്ചറ്റിനോ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മെസ്സിയെ പോലെ ക്ലബ് മാറിയ മറ്റൊരു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നു കളികളിൽ നിന്ന് നാലു ഗോളാണ് സ്‌കോർ ചെയ്തത്.
സംഗതി ഇങ്ങനെയാണ് എങ്കിലും ബാഴ്‌സലോണ കുപ്പായത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച റെക്കോർഡാണ് അർജന്റീനൻ സൂപ്പർ താരത്തിനുള്ളത്. ആറു കളികളിൽ നിന്ന് ഒരു ഹാട്രിക് ഉൾപ്പെടെ ആറു ഗോളുകളാണ് താരം നേടിയത്. മൂന്നു അസിസ്റ്റും സ്വന്തം പേരിലുണ്ട്.
മെസ്സിയുടെ മുൻ കോച്ചായ പെപ് ഗ്വാർഡിയോളയാണ് സിറ്റിയെ പരിശീലിപ്പിക്കുന്നത്. ശിഷ്യനെ പൂട്ടാൻ ആശാൻ എന്ത് തന്ത്രമാണ് കരുതിവച്ചിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് പിഎസ്ജി ആരാധകർ. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ക്ലബ് ബ്രുഗയ്‌ക്കെതിരെ പിഎസ്ജി സമനില വഴങ്ങിയിരുന്നു.