മെസി ഇനി ലോകകപ്പിനില്ല
|വ്യക്തിഗത നേട്ടങ്ങള്‍ക്കല്ല, കൂട്ടായ്മയുടെ വിജയത്തിനാണ് പ്രാധാന്യമെന്ന് മെസി
ഖത്തറില്‍ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ തന്‍റെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് ലയണല്‍ മെസി. അർജന്‍റീനയിലെ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം അറിയിച്ചത്. വ്യക്തിഗത നേട്ടങ്ങള്‍ക്കല്ല കൂട്ടായ്മയുടെ വിജയത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലോകകപ്പിന് നാല് വർഷങ്ങളുണ്ട്. ഇനിയും ഇതുപോലെ കളിക്കാനാവുമെന്ന് കരുതുന്നില്ല. ഈ രീതിയിൽ കരിയർ പൂർത്തിയാക്കുന്നതാണ് നല്ലത്. ലോകകപ്പ് എന്ന ലക്ഷ്യം നേടാന്‍ പരമാവധി ശ്രമിക്കും. ഒരു ചുവട് മാത്രം അകലെയാണ് തങ്ങളെന്നും മെസി പറഞ്ഞു.
ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സൌദി അറേബ്യയോട് തോറ്റതോടെ അര്‍ജന്‍റീനയുടെ സാധ്യതകളെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ പരാജയം തങ്ങളെ കൂടുതല്‍ കരുത്തരാക്കിയെന്നാണ് മെസി പറഞ്ഞത്. ഫൈനലിലെത്തിയതിനു പിന്നാലെ മെസിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു- "ശക്തരാണെന്ന് ഞങ്ങൾ തെളിയിച്ചു. മറ്റ് മത്സരങ്ങൾ ജയിച്ചു. വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഓരോ മത്സരവും ഞങ്ങൾക്ക് ഫൈനലായിരുന്നു. മത്സരം തോൽക്കുകയാണെങ്കിൽ സ്ഥിതി സങ്കീര്‍ണമാകുമെന്ന് അറിയാമായിരുന്നു. ഞങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഞങ്ങൾക്ക് ലഭിച്ചതെല്ലാം ഞങ്ങൾ അർഹിക്കുന്നു".
ഖത്തർ ലോകകപ്പ് അവസ്മരണീയമാക്കുന്ന മെസി, റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് ഗോളുകളാണ് അദ്ദേഹം വലയിലെത്തിച്ചത്. സൗദിക്കെതിരായ ആദ്യ മത്സരത്തില്‍ പെനാല്‍റ്റിയോടെയായിരുന്നു തുടക്കം. രണ്ടാം ഗോള്‍ മെക്സിക്കോക്കെതിരെ. നിർണായക മത്സരത്തിന്‍റെ 63ആം മിനിറ്റില്‍ പിറന്ന ഗോള്‍ മെസിയിലെ മാന്ത്രികനെ വെളിവാക്കുന്നതായിരുന്നു. പോളണ്ടിനെതിരെ കിട്ടിയ അവസരം മുതലാക്കാനായില്ല. നോക്കൗട്ടില്‍ ഗോളടിക്കുന്നില്ലെന്ന പോരായ്മ നികത്തിയത് ആസ്ത്രേലിയക്കെതിരെ. മുന്നോട്ടുള്ള പ്രയാണത്തില്‍ നിർണായകമായ ആദ്യ ഗോള്‍. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍സിനെതിരെയും മെസി ഗോളടിച്ചു.
സെമിയില്‍ ക്രൊയേഷ്യക്കെതിരെ നിർണായക ലീഡെടുക്കാനുള്ള ആദ്യ അവസരം. അല്‍വാരസിനെ ക്രൊയേഷ്യയുടെ ഗോളി വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി. പോളണ്ടിനെതിരെ പിഴച്ചതിന്‍റെ ആശങ്കയിലായിരുന്നു ആരാധകർ. പക്ഷെ മെസിക്ക് പിഴച്ചില്ല. ഒരു ലോകകപ്പില്‍ മെസിയുടെ ഏറ്റവും മികച്ച ഗോള്‍വേട്ടയാണ് ഖത്തറിലേത്. 2014ലെ നാല് ഗോള്‍ നേട്ടം മറികടന്ന മെസ്സി 5 ഗോളുമായി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മുന്നിലാണ്.
Summary- Lionel Messi confirms retirement, says Qatar World Cup 2022 final will be his last for Argentina