Football
നിങ്ങൾ ആംബാൻഡ്‌ ധരിക്കൂ, ട്രോഫി വാങ്ങൂ; മയാമി മുൻ നായകനോട് മെസി
Football

'നിങ്ങൾ ആംബാൻഡ്‌ ധരിക്കൂ, ട്രോഫി വാങ്ങൂ'; മയാമി മുൻ നായകനോട് മെസി

Web Desk
|
20 Aug 2023 2:27 PM GMT

കിരീടം ഉയർത്താൻ പഴയ നായകൻ ഡിആന്ദ്രെ യെഡ്‌ലിനെ മെസി നിർബന്ധിച്ച് ക്ഷണിക്കുന്നതാണത്

മയാമി: ലീഗ് കപ്പിൽ ഇന്റർമയാമിയെ വിജയിപ്പിച്ചതിന് പിന്നാലെ സൂപ്പർതാരം ലയണൽ മെസിയുടെ ഒരു 'ഇടപെടൽ' ഫുട്‌ബോൾ പ്രേമികളുടെ മനം കവരുന്നു. കിരീടം ഉയർത്താൻ പഴയ നായകൻ ഡിആന്ദ്രെ യെഡ്‌ലിനെ നിർബന്ധിച്ച് ക്ഷണിക്കുന്നതാണത്.

ക്യാപ്റ്റൻ ആം ബാൻഡ് യെഡ്‌ലിക്ക് നൽകിക്കൊണ്ടായിരുന്നു മെസിയുടെ സ്‌നേഹപ്രകടനം. താരം നിഷേധിക്കുന്നുണ്ടെങ്കിലും മെസി നിർബന്ധിച്ച് അദ്ദേഹത്തെ അണിയിപ്പിക്കുന്നുണ്ട്. മെസിയും യെഡ്‌ലിയും ചേർന്നാണ് ട്രോഫി വാങ്ങുന്നത്. പിന്നാലെ മെസി ട്രോഫി യെഡ്‌ലിക്ക് പൂർണമായും വിട്ടുകൊടുക്കുന്നു. യെഡ്‌ലിയാണ് കിരീടവുമായി ടീം അംഗങ്ങളുടെ നടുവിലേക്ക് പോകുന്നത്.

മെസി എത്തുന്നതിന് മുമ്പ് വരെ യെഡ്‌ലിൻ ആയിരുന്നു ടീമിനെ നയിച്ചിരുന്നത്. മെസിയടെ ഈ ആംബാൻഡ് കൈമാറ്റവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. 'ഒരു കളിക്കാരൻ എന്നതിലുപരി ഒപ്പമുള്ളവരെ കൂടി പരിഗണിക്കുകയും അവരെ ചേർത്തുനിർത്തുകയും ചെയ്യുന്ന വ്യക്തിത്വമാണ് മെസിയുടെത് എന്നായിരുന്നു ഒരാൾ ട്വിറ്ററിൽ കുറിച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ നാഷ്‌വിലിനെ പെനൽറ്റി ഷൂട്ടൗട്ടിലാണ് മെസിയും സംഘവും തോൽപ്പിക്കുന്നത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് പെനൽറ്റിയിലേക്ക് എത്തിയത്.

23ാം മിനുറ്റിൽ മെസിയാണ് മയാമിക്കായി ഗോൾ നേടിയത്. രണ്ടാം പകുതിയുടെ 57ാം മിനുറ്റിൽ ഫഫ പിക്ക്വാൾഡ് ഗോൾ മടക്കിയതോടെയാണ് കളി ആവേശത്തിലെത്തിയത്. പിന്നീട് ആർക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. ഇതോടെ പെനൽറ്റിയിലേക്കും അവിടെ നിന്ന് സഡന്‍ഡെത്തിലേക്കും. കിരീട നേട്ടത്തോടെ മെസിയുടെ കരിയറിൽ മറ്റൊരു പൊൻതൂവലാണ് ചാർത്തപ്പെട്ടത്. ലീഗിലെ ഏഴ് മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകളാണ് മെസി നേടിയത്.

Similar Posts