പകരക്കാരനായി ഇറക്കം ഗോൾ നേടി മടക്കം: മെസി മാജിക് വീണ്ടും, മയാമിക്ക് ജയം
|ന്യൂയോര്‍ക്ക് റെഡ്ബുൾസിനെതിരെയായിരുന്നു മെസിയുടെ ഗോള്‍. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റെഡ്ബുള്‍സിനെ മയാമി പരാജയപ്പെടുത്തി
ന്യൂയോർക്ക്: മയാമിക്കായി ഇതുവരെ കളിച്ച മത്സരങ്ങളിലെ ഗോൾ വേട്ടക്ക് പിന്നാലെ അമേരിക്കൻ മേജർ ലീഗ് സോക്കറിലും(എം.എൽ.എസ്) ഗോൾ നേടി സൂപ്പർ താരം ലയണൽ മെസി. ന്യൂയോര്‍ക്ക് റെഡ്ബുൾസിനെതിരെയായിരുന്നു മെസിയുടെ ഗോള്‍.
മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റെഡ്ബുള്‍സിനെ മയാമി പരാജയപ്പെടുത്തി. ഡിയാഗോ ഗോമസ്, ലയണൽ മെസി എന്നിവരാണ് മയാമിക്കായി ഗോൾ നേടിയത്. അമേരിക്കൻ മേജർ ലീഗ് സോക്കറിലെ മെസയുടെ അരങ്ങേറ്റ മത്സരമായിരുന്നു.
ആദ്യ ഇലവനിൽ മെസി ഇല്ലായിരുന്നു. എതിർ തട്ടകമായ റെഡ്ബുൾ അരീനയിൽ മെസിക്ക് വേണ്ടിയുള്ള നിലവിളിയായിരുന്നു സ്റ്റേഡിയം എങ്ങും. ഒടുവിൽ 60ാം മിനുറ്റിൽ പകരക്കാരനായാണ് താരം കളത്തിൽ എത്തിയത്. ഇതോടെ മെസിക്ക് വേണ്ടി ആർപ്പുവിളിച്ചവർ ഒന്നു അമർന്നു. പിന്നാലെ മെസിയുടെ കാലിൽ പന്ത് കിട്ടുമ്പോഴെല്ലാം സ്റ്റേഡിയം ഇളകി മറിഞ്ഞു. ഒടുവിൽ റെഗുലർ ടൈം തീരാൻ ഒരു മിനുറ്റ് ബാക്കിയിരിക്കെ(89) മെസിയുടെ ഗോളും. അതോടെ 2-0ത്തിന്റെ തകർപ്പൻ ജയവും. മയാമിയുടെ ആദ്യഗോള്‍ 37ാം മിനുറ്റിലായിരുന്നു.
നേരത്തെ ലീഗ് കപ്പ് കിരീടം ഉൾപ്പെടെ മയാമിക്കായി മെസി നേടിക്കൊടുത്തിരുന്നു. ആ ടൂർണമെന്റിൽ പത്ത് ഗോളുകളുമായി കളിയിലെ താരമായി തെരഞ്ഞടുത്തതും മെസിയെയായിരുന്നു. അതേസമയം മയാമി ജഴ്സിയിൽ ഇതുവരെ ഒൻപത് മത്സരങ്ങൾ കളിച്ച മെസി, 11 ഗോളുകളാണ് നേടിയത്.
മേജർ ലീഗ് സോക്കറിൽ മയാമി ( ഈസ്റ്റേൺ കോൺഫറൻസിൽ) 14ാം സ്ഥാനത്താണ്. വെസ്റ്റേൺ-ഈസ്റ്റേൺ എന്നീ രണ്ട് മേഖലകളായി തിരിച്ചാണ് എം.എൽ.എസിലെ മത്സരങ്ങൾ. പ്ലേഓഫിലേക്ക് പ്രവേശിക്കാൻ മയാമിക്ക് ഇനിയും ജയങ്ങൾ വേണം. അതിന്റെ ആദ്യ ചവിട്ടുപടിയാണ് ഈ വിജയം.