Football
ഹാട്രിക്കിനരികിൽ മെസ്സി പെനാൽട്ടി വിട്ടുനൽകി; എംബാപ്പെ അത് മിസ്സാക്കി
Football

ഹാട്രിക്കിനരികിൽ മെസ്സി പെനാൽട്ടി വിട്ടുനൽകി; എംബാപ്പെ അത് മിസ്സാക്കി

Web Desk
|
20 Oct 2021 5:39 AM GMT

എംബാപ്പെ പെനാൽട്ടി നഷ്ടപ്പെടുത്തിയതിനേക്കാൾ മെസ്സിക്ക് ഹാട്രിക് നഷ്ടമായതാണ് ആരാധകരെ വിഷമിപ്പിച്ചത്

യുവേഫ ചാമ്പ്യൻസ് ലീഗിലെ വാശിയേറിയ ഗ്രൂപ്പ്ഘട്ട പോരിൽ പി.എസ്.ജി ജർമൻ ക്ലബ്ബ് ആർ.ബി ലീപ്‌സിഷിനെ 3-2 തകർത്തപ്പോൾ ലയണൽ മെസ്സിയുടെ ഇരട്ട ഗോളിനൊപ്പം ചർച്ചയാവുകയാണ് കെയ്‌ലിയൻ എംബാപ്പെയുടെ പെനാൽട്ടി മിസ്സും. മെസ്സി ഹാട്രിക്കിന് അരികിൽ നിൽക്കെ കളിയുടെ അവസാന ഘട്ടത്തിൽ പി.എസ്.ജിക്ക് പെനാൽട്ടി ലഭിച്ചപ്പോൾ എല്ലാവരും കരുതിയത് കിക്കെടുക്കുക ർജന്റീനാ താരമായിരിക്കുമെന്നാണ്. എന്നാൽ, മെസ്സി ആരാധകരെ നിരാശപ്പെടുത്തി കിക്കെടുക്കാൻ വന്ന എംബാപ്പെ പന്ത് ക്രോസ്ബാറിനു മുകളിലൂടെ അടിച്ചുപറത്തുകയാണുണ്ടായത്. പി.എസ്.ജിയുടെ വിജയമാർജിൻ കുറഞ്ഞതിനേക്കാൾ മെസ്സിക്ക് ചാമ്പ്യൻസ് ലീഗ് ഹാട്രിക് നിഷേധിക്കപ്പെട്ടത് ആരാധകരെ വിഷമിപ്പിച്ചു എന്നത് സത്യം.

സൂപ്പർ താരങ്ങളുടെ അതിപ്രസരമുള്ള പി.എസ്.ജിയിലെ പല പ്രതിസന്ധികളിലൊന്നിന്റെ ഫലമാണ് ഇന്നലെ രാത്രി പാർക് ദെ പ്രിൻസിൽ കണ്ടത് എന്നതാണ് യാഥാർത്ഥ്യം. സാധാരണ ഗതിയിൽ പെനാൽട്ടി കിക്കെടുക്കാൻ കോച്ച് ടീമിലെ ഒരു കളിക്കാരനെയാണ് ചുമതലപ്പെടുത്താറുള്ളത്. ബാഴ്‌സലോണയിൽ പെനാൽട്ടിയും ഫ്രീകിക്കും എടുക്കാനുള്ള ഉത്തരവാദിത്തം മെസ്സിക്കായിരുന്നു. എന്നാൽ, മെസ്സി, എംബാപ്പെ, നെയ്മർ എന്നിവരടങ്ങുന്ന സൂപ്പർ ടീമിൽ ആരെ ആ ചുമതയലേൽപ്പിക്കുമെന്ന കാര്യത്തിൽ പി.എസ്.ജി കോച്ച് മൗറിഷ്യോ പൊചെറ്റിനോ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ സന്ദർഭത്തിനനുസരിച്ച് കളിക്കാരാണ് മൈതാനത്തു വെച്ച് തീരുമാനമെടുക്കേണ്ടത് എന്നാണ് പൊചെറ്റിനോയുടെ പക്ഷം.

ഇന്നലെ സ്‌കോർ 2-2 ൽ നിൽക്കെ എതിർബോക്‌സിൽ ഒരു പെനാൽട്ടി സമ്പാദിച്ച എംബാപ്പെ കിക്കെടുക്കാൻ മെസ്സിയോട് ആവശ്യപ്പെടുകയാണുണ്ടായത്. ഒമ്പതാം മിനുട്ടിൽ ടീമിന്റെ ഒന്നാം ഗോൾ നേടുകയും നന്നായി കളിക്കുകയും ചെയ്തുകൊണ്ടിരുന്ന എംബാപ്പെക്ക് ആ കിക്കെടുക്കാൻ അവകാശമുണ്ടായിരുന്നെങ്കിലും താരം മെസ്സിയെ കിക്കെടുക്കാൻ ക്ഷണിച്ചു. സമ്മർദ ഘട്ടത്തിൽ മനോഹരമായ കുറ്റമറ്റ ഒരു പനേങ്ക കിക്കിലൂടെ മെസ്സി ടീമിന് ലീഡ് നേടിക്കൊടുക്കുകയും ചെയ്തു. മത്സരത്തിൽ മെസ്സിയുടെ രണ്ടാം ഗോളായിരുന്നു അത്. നേരത്തെ ടീം 1-2 ന് പിന്നിൽ നിൽക്കെ 67-ാം മിനുട്ടിലായിരുന്നു മെസ്സിയുടെ ഒന്നാമത്തെ ഗോൾ.

93-ാം മിനുട്ടിൽ ലീപ്‌സിഷിന്റെ ഗ്വാർഡിയോൾ പി.എസ്.ജി താരം അഷ്‌റഫ് ഹകീമിയെ ബോക്‌സിൽ ഫൗൾ ചെയ്തതിനാണ് വി.എ.ആർ സഹായത്തോടെ റഫറി പെനാൽട്ടി വിധിച്ചത്. ഇത്തവണ തീരുമാനമെടുക്കാനുള്ള അവസരം മെസ്സിക്കായിരുന്നു. ഈ സീസണിൽ ടീമിലെത്തിയ 30-ാം നമ്പർ താരം കിക്കെടുക്കാനുള്ള അവസരം എംബാപ്പെക്ക് വെച്ചുനീട്ടി. ഫ്രഞ്ച് താരം അത് വേണ്ടെന്നു വെച്ചില്ല. കിക്കെടുത്തപ്പോൾ പക്ഷേ, പൂർണമായും പിഴച്ചു. ക്രോസ്ബാറിനു മുകളിലൂടെ പറന്ന പന്ത് ഗാലറിയിലാണ് ചെന്നുവീണത്. പരിക്കു കാരണം ഇന്നലെ കളിച്ചിക്കാത്ത, ഗാലറിയിരുന്ന് കളി കാണുകയായിരുന്ന നെയ്മർ തലയിൽ കൈവെച്ചാണ് ആ പെനാൽട്ടി മിസ്സിനോട് പ്രതികരിച്ചത്.

ഇതാദ്യമായല്ല ഹാട്രിക്കിനു തൊട്ടരികിൽ നിൽക്കെ മെസ്സി സഹതാരങ്ങൾക്ക് പെനാൽട്ടി കിക്കെടുക്കാൻ അവസരം നൽകുന്നത്. കരിയറിലുടനീളം 29 പെനാൽട്ടികൾ അദ്ദേഹം സഹതാരങ്ങൾക്ക് നൽകിയിട്ടുണ്ട്. ബാഴ്‌സലോണയിലായിരിക്കെ നെയ്മറിനും (11 തവണ) സുവാരസിനും (9) ആണ് ഇങ്ങനെ ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകിയിട്ടുള്ളത്. സാമുവൽ എറ്റു, ആന്റോയ്ൻ ഗ്രീസ്മൻ, കുട്ടിന്യോ, ഇബ്രാഹിമോവിച്ച് എന്നിവർക്കും വേണ്ടി മെസ്സി വഴിമാറിക്കൊടുത്തിട്ടുണ്ട്. ഈ 29-ൽ ഒമ്പത് അവസരങ്ങളിലും, ആ പെനാൽട്ടി മെസ്സി എടുത്തിരുന്നെങ്കിൽ ഹാട്രിക് നേടാനുള്ള അവസരം താരത്തിനുണ്ടായിരുന്നു.

Similar Posts