മെസിയോ എംബാപ്പെയോ ? ഖത്തർ ലോകകപ്പിലെ കണക്കുകൾ ഇങ്ങനെ
|മെസിയും എംബാപ്പെയും ഈ ലോകകപ്പിൽ 5 ഗോളുകളാണ് നേടിയിട്ടുള്ളത്
ദോഹ: ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസും അർജന്റീനയും നേർക്കുനേർ എത്തുകയാണ്. കലാശപ്പോരിൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ലോകം ഉറ്റുനോക്കുക മെസിയുടെയും എംബാപ്പയുടയും പ്രകടനം തന്നെയായിരിക്കും. ലോകകിരീടത്തിൽ ആര് മുത്തമിടും എന്നതിന് പുറമെ ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും ആര് സ്വന്തമാക്കുമെന്ന് ഇന്നത്തെ മത്സരം നിർണയിക്കും.
കണക്കുകൾ പരിശോധിച്ചാൽ മെസിയും എംബാപ്പെയും ഈ ലോകകപ്പിൽ 6 മത്സരങ്ങളാണ് കളിച്ചത്. 5 ഗോളുകളാണ് ഇരുവരും നേടിയിട്ടുള്ളത്. എന്നാൽ, അസിസ്റ്റുകളുടെ എണ്ണത്തിൽ മെസിയാണ് എംബാപ്പയെക്കാൾ മുന്നിൽ. മെസി മൂന്ന് ഗോളവസരങ്ങൾ സൃഷ്ടിച്ചപ്പോൾ എംബാപ്പെ സൃഷ്ടിച്ചത് രണ്ട് അവസരങ്ങളാണ്.
അവസരങ്ങൾ സൃഷ്ടിച്ചതിലും മെസിയാണ് മുന്നിൽ. ആറ് മത്സരങ്ങളിൽ നിന്ന് 18 അവസരങ്ങൾ മെസി സൃഷ്ടിച്ചപ്പോൾ 11 അവസരങ്ങൾ മാത്രമാണ് യുവതാരം എംബാപ്പെയുടെ അക്കൗണ്ടിലുള്ളത്. ലോകകപ്പിനപ്പുറത്തേക്ക് മെസിയെയും എംബാപ്പെയും താരതമ്യം ചെയ്യുക എന്നത് യുക്തിസഹമായിരിക്കില്ല. ലോകഫുട്‌ബോളിൽ പകരക്കാരനില്ലാത്ത താരമാണ് ലയണൽ മെസി. എംബാപ്പെ യുവതലമുറയിലെ കരുത്തനും.
അതേസമയം, കലാശപ്പോരിന് മണിക്കൂറുകൾ ബാക്കി നിൽക്കെ പഴയ കണക്കുകളെടുത്താൽ അർജന്റീന ഒരു പടി മുന്നിൽ തന്നെയാണ്. യൂറോപ്യൻ ശക്തികൾക്കെതിരെ 12 തവണയാണ് ലാറ്റിനമേരിക്കൻ സംഘം ബൂട്ടുകെട്ടിയത്. ഇതിൽ 6 തവണയും വിജയം അർജന്റീനയ്‌ക്കൊപ്പമായിരുന്നു.1930 ൽ ലോകകപ്പ് വേദിയിലെ ആദ്യ കണ്ടുമുട്ടൽ1930 ലെ ലോകകപ്പിൽ എൺപത്തിയൊന്നാം മിനുട്ടിൽ മോൺഡി നേടിയ ഫ്രീകിക്ക് ഗോളിലാണ് അർജന്റീന ജയിച്ചുകയറിയത്. 1965ൽ പിന്നീട് കണ്ടപ്പോൾ സമനില.
1971ൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഫ്രാൻസ് ആദ്യമായി അർജന്റീനയെ തോൽപ്പിച്ചു. അതേ വർഷം തന്നെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന ഫ്രാൻസിനോട് പകരം വീട്ടി. 1974 ലും വിജയം അർജന്റീനയ്ക്കൊപ്പമായിരുന്നു. 1977 ലെ സമനിലയ്ക്ക് ശേഷം ഇരുടീമുകളും പിന്നീട് കണ്ടത് തൊട്ടടുത്ത ലോകകപ്പിലാണ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീന ഫ്രഞ്ച് പടയെ മുട്ടുകുത്തിച്ചു.
എൺപത്തിയാറിൽ ഫ്രാൻസിനായിരുന്നു ജയം. എതിരില്ലാത്ത രണ്ട് ഗോളിന് അന്ന് അർജന്റീന വീണു. പിന്നീട് 20 വർഷങ്ങൾക്ക് ശേഷം 2007 ലും 2008ലും ഇരുവരും ഏറ്റുമുട്ടി. രണ്ട് തവണയും ആൽബിസെലസ്റ്റകൾ ജയിച്ചു. 2008 ലെ വിജയത്തിന് പകിട്ടേകിയത് ലയണൽ മെസ്സിയുടെ ഗോളായിരുന്നു.കഴിഞ്ഞ ലോകകപ്പിലെ പ്രീക്വാർട്ടർ വേദിയിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. പതിമൂന്നാം മിനിട്ടിൽ ഗ്രീസ്മാന്റെ പെനാൽറ്റി ഗോളിൽ ഫ്രാൻസ് മുന്നിലെത്തി.
എയ്ഞ്ചൽ ദി മരിയയുടെ ലോങ് റെയ്ഞ്ചറും മെർകാഡോയുടെ ഗോളും അർജന്റീനയ്ക്ക് ലീഡ് നൽകി. ബെഞ്ചമിൻ പവാർഡ് ഫ്രാൻസിനെ ഒപ്പമെത്തിച്ചു. കിലിയൻ എംബാപ്പെ നാല് മിനുട്ടിനിടെ രണ്ട് തവണ വലകുലുക്കിയതോടെ അർജന്റീനയുടെ പ്രതീക്ഷകൾ അസ്തമിച്ചു.അധികസമയത്ത് സെർജിയോ അഗ്യേറോ ഒരു ഗോൾ മടക്കിയെങ്കിലും മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഫ്രാൻസ് ജയിച്ചു. ഈ തോൽവിയുടെ കണക്കുതീർക്കാൻ കൂടിയാകും അർജന്റീനയിന്നിറങ്ങുന്നത്. എങ്കിലത് ഫുട്ബോൾ ലേകത്തിന് എക്കാലവും ഓർതിരിക്കാനുള്ള മധുരപ്രതികാരം കൂടിയാകും.