മെസിയോ റൊണാൾഡോയോ? 2023ൽ കൂടുതൽ ഗോളടിച്ചതാര്?
|റൊണാൾഡോ സൗദി ക്ലബ് അൽ നസ്റിലേക്കും മെസി യു.എസ് ക്ലബ് ഇൻറർ മിയാമിയിലേക്കും കൂടുമാറിയത് വലിയ വാർത്തയായിരുന്നു
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ നസ്റിലേക്കും ലയണൽ മെസി യു.എസ് ക്ലബ് ഇൻറർ മിയാമിയിലേക്കും കൂടുമാറിയത് വലിയ വാർത്തയായിരുന്നു. റൊണാൾഡോ മാഞ്ചസ്റ്റർ യൂണൈറ്റഡിൽ നിന്നും മെസി പിഎസ്ജിയിൽ നിന്നുമാണ് വൻ തുകയ്ക്ക് കൂടുമാറിയത്. ഇരുവരും തങ്ങളുടെ ക്ലബുകൾക്ക് വേണ്ടി ഗോളടിച്ചു കൂട്ടിക്കൊണ്ടിരിക്കുകയാണ്. 2023ൽ ഇതുവരെയായി റൊണാൾഡോയാണ് കൂടുതൽ ഗോളടിച്ചിട്ടുള്ളത്. സൗദി പ്രോ ലീഗിൽ അൽനസ്റിനായി കളിക്കുന്ന 38കാരനായ താരം ടീമിനും ദേശീയ ടീമിനുമായി 26 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് നേടിയത്. കളിച്ച എല്ലാ 106 മിനുട്ടിലും ഒരു ഗോളെങ്കിലും സിആർ സെവൻ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ 36കാരനായ മെസി പിഎസ്ജി, അർജൻറീന, ഇൻറർ മിയാമി എന്നിവക്കായി 28 മത്സരങ്ങളിൽ നിന്ന് 19 ഗോളാണ് നേടിയത്. എല്ലാ 129 മിനുട്ടിലും ഒരു ഗോളെന്നതാണ് താരത്തിന്റെ ശരാശരി.
2023ൽ പോർച്ചുഗീസ് സൂപ്പർ താരത്തിന് രണ്ട് അസിസ്റ്റാണുള്ളത്. എന്നാൽ മെസിക്ക് എട്ട് അസിസ്റ്റുണ്ട്. പ്രായം ഏറിവരികയാണെങ്കിലും ഇരു താരങ്ങളുമാണ് ഇന്നും ഫുട്ബോൾ ലോകത്തിന്റെ നെറുകയിലുള്ളത്. ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരും ഇവരാണ്. 15 വർഷമായി ഈ നില തുടരുകയാണ്. നിലവിൽ കളത്തിലുള്ളവരിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയാണ് മൂന്നാമനായി ഇവർക്ക് പിറകിലുള്ളത്. ആരാധകർ തമ്മിൽ പോര് സ്ഥിരമാണെങ്കിലും മെസിയും റൊണാൾഡോയും നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ലാ ലീഗയിൽ റൊണാൾഡോ റയൽ മാഡ്രിഡിനും മെസി ബാഴ്സലോണക്കും കളിച്ച കാലം ആരാധകർക്ക് നിരവധി മനോഹര മുഹൂർത്തങ്ങളാണ് നൽകിയത്.
കഴിഞ്ഞ ജനുവരിയിലാണ് ക്രിസ്റ്റ്യാനോ സൗദി അറേബ്യൻ ക്ലബിലെത്തുന്നത്. 1,700 കോടി വാർഷിക പ്രതിഫലമുള്ള അൽനസ്റുമായുള്ള കരാറിൽ രണ്ടര വർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. കോച്ച് ടെൻ ഹാഗിനെക്കുറിച്ചുള്ള പരസ്യപ്രതികരണത്തിനു പിന്നാലെ മുൻ ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡ് ക്രിസ്റ്റ്യാനോയുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നാലെയായിരുന്നു സൗദി ക്ലബ് അദ്ദേഹത്തെ സ്വന്തമാക്കിയത്.
അതേസമയം, മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മിയാമി 492 കോടി രൂപ വാർഷിക പ്രതിഫലത്തിലാണ് ലയണൽ മെസ്സിയെ സ്വന്തമാക്കിയത്. ഇന്റർ മയാമിയിലെ ആദ്യ മത്സരം മുതൽ മെസി തകർത്ത് കളിക്കുകയാണ്. മയാമി ജേഴ്സിയിൽ മൂന്നാം മത്സരത്തിലും ഗോൾ നേടിയതോടെ മെസിയുടെ ഗോൾ നേട്ടം അഞ്ചായി.
ലീഗ് കപ്പിൽ ഒർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകളാണ് മെസി നേടിയത്. മത്സരത്തിൽ മയാമിയുടെ ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു. ഗോൾ വേട്ടക്ക് തുടക്കം കുറിച്ചതും അവസാനിപ്പിച്ചതും മെസിയായിരുന്നു.ഇടിയും മിന്നലും മൂലം വൈകി തുടങ്ങിയ മത്സരത്തിൽ ഏഴാം മിനുറ്റിൽ തന്നെ മെസി വലകുലുക്കി. മയാമിയുടെ മൂന്നാം ഗോൾ വന്നത് 72ാം മിനുറ്റിലായിരുന്നു. ഈ ഗോൾ നേടിയതും മെസി.
മയാമിക്കായി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മെസി ഗോളുകൾ നേടിയിരുന്നു. മെസിയുടെ വരവിന് ശേഷം ഇന്റർമയാമി ടീമിലും മാറ്റം പ്രകടമാണ്. മെസി വരുന്നതിന് മുമ്പത്തെ അവസാന പന്ത്രണ്ട് മത്സരങ്ങൾ നോക്കുകയാണെങ്കിൽ തോൽവിയും സമനിലയും ആയിരുന്നു ഏറെയും.
Messi or Ronaldo? Who scored more goals in 2023?