Football
മെസി ഇറങ്ങിയിട്ടും രക്ഷയില്ല; ജപ്പാനിലും തോറ്റ് ഇന്റർ മയാമി
Football

മെസി ഇറങ്ങിയിട്ടും രക്ഷയില്ല; ജപ്പാനിലും തോറ്റ് ഇന്റർ മയാമി

Web Desk
|
7 Feb 2024 4:02 PM GMT

60ാം മിനിറ്റിൽ ഡേവിഡ് റൂയിസിന് പകരക്കാരനായാണ് മെസി കളത്തിലിറങ്ങിയത്

ടോക്കിയോ: മേജർ ലീഗ് സോക്കറിന് മുന്നോടിയായുള്ള അവസാന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് തോൽവി. പെനാൽറ്റി ഷൂട്ടൗട്ടിൽ ജാപ്പനീസ് ക്ലബ് വിസെൽ കോബെയാണ് (4-3) കീഴടക്കിയത്. മുഴുവൻ സമയവും ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. ഡേവിഡ് റൂയിസിന് പകരക്കാരനായി 60ാം മിനിറ്റിൽ ലയണൽ മെസി മൈതാനത്തിറങ്ങി. എന്നാൽ അരമണിക്കൂർ കളത്തിലുണ്ടായിട്ടും ഗോൾ നേടാൻ അർജന്റൈൻ താരത്തിനായില്ല. സെർജിയോ ബുസ്‌കെറ്റ്‌സ്,ലൂയി സുവാരസ്, ജോഡി ആൽബ അടക്കം പ്രധാന താരങ്ങളെല്ലാം മയാമി നിരയിൽ ഇടം പിടിച്ചിരുന്നു.

ഹോങ്കോങ് ഇലവനെതിരായ മത്സരത്തിൽ പേശി വലിവ് കാരണം മെസി ഇറങ്ങിയിരുന്നില്ല. എന്നാൽ ജപ്പാനെതിരെ കളിച്ചത് ആരാധകർക്ക് ആവേശമായി. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ച് ജാപ്പനീസ് ക്ലബ് മുന്നേറിയെങ്കിലും നിർണായക ലീഡ് നേടാനായില്ല. അഞ്ച് തവണയണ് ആതിഥേയർ ലക്ഷ്യത്തിലേക്ക് പന്തടിച്ചത്.

79-ാം മിനിറ്റിൽ ഗോളിലേക്ക് നീങ്ങിയ മെസ്സിയുടെ രണ്ട് ഷോട്ടുകൾ വീസെൽ പ്രതിരോധം തട്ടിയകറ്റി. നേരത്തെ അറേബ്യൻ സീസൺ കപ്പിൽ അൽ ഹിലാലിനോടും ക്രിസ്റ്റിയാനോയുടെ അൽ നസറിനോടും മെസിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ടീം തോൽവി വഴങ്ങിയിരുന്നു.

Similar Posts