മെസ്സി തുടക്കമിട്ടു, മാര്‍ട്ടീനസ് പൂര്‍ത്തിയാക്കി; ഉറുഗ്വേയെ മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്റീന
|കളിയുടെ 38ആം മിനിട്ടിൽ അർജീൻറീനയ്ക്കായി മെസിയുടെ ബൂട്ട് ആദ്യ വെടിപൊട്ടിച്ചു...
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉറുഗ്വേയെ മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്റീന. ദക്ഷിണ അമേരിക്കൻ ക്വാളിഫയർ പോരാട്ടത്തിലായിരുന്നു അര്‍ജന്റീനയുടെ തകര്‍പ്പന്‍ വിജയം. കോപ്പ ജേതാക്കള്‍ക്കായി ലയണൽ മെസി, റോഡ്രിഗോ ഡിപോൾ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ സ്കോര്‍ ചെയ്തു.
കളിയുടെ ചുക്കാന്‍ മുഴുവന്‍ സമയത്തും അർജൻ്റീനയുടെ കൈകളിലായിരുന്നു. പന്ത് കൈവശം വെക്കുന്നതിലടക്കം ബഹുദൂരം മുന്നില്‍നിന്ന അര്‍ജന്റീന അർഹിച്ച ജയമാണ് സ്വന്തമാക്കിയത്. പ്രതിരോധനിരയില്‍ അഞ്ച് താരങ്ങളുമായി ഇറങ്ങിയിട്ടും അർജന്റീനയുടെ മുന്നേറ്റത്തെ ചെറുക്കാൻ ഉറുഗ്വെയ്ക്ക് സാധിച്ചില്ല. കളിയുടെ 38ആം മിനിട്ടിൽ അര്‍ജീന്റീനയ്ക്കായി മെസിയുടെ ബൂട്ട് ആദ്യ വെടിപൊട്ടിച്ചു. ബോക്സിന് പുറത്തുനിന്ന് നിരുപദ്രവകാരമായ പാസ് നല്കുകയാണെന്നേ എല്ലാവരും കരുതിയുള്ളൂ... പക്ഷേ ആ ഷോട്ട് ചെന്നുനിന്നത് ഉറുഗ്വെ ഗോളിയെയും മറികടന്ന് വലയിലായിരുന്നു എന്ന് മാത്രം. തികച്ചും അപ്രതീക്ഷിത ഗോള്‍... ലൊ സെൽസോയുടെ അസിസ്റ്റിൽ നിന്നായിരുന്നു മെസി ഉറുഗ്വെയുടെ പ്രതിരോധ വലയം കീറിമുറിച്ച് ഗോള്‍ കണ്ടെത്തിയത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുൻപ് ഡിപോളിലൂടെ അർജൻ്റീന രണ്ട് ഗോള്‍ മുന്നിലെത്തി. ലൗട്ടാരോ മാർട്ടിനസാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ കവാനിയെക്കൂടിയിറക്കി ഉറുഗ്വെ ആക്രമണം കനപ്പിച്ചെങ്കിലും 62ആം മിനിട്ടിൽ നേടിയ ഗോളോടെ അർജൻ്റീന കളിയിൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. ലൊ സെൽസോയുടെ അസിസ്റ്റിൽ നിന്ന് ലൗട്ടാരോ മാർട്ടിനസാണ് അര്‍ജന്റീനയുടെ ഗോൾ പട്ടിക തികച്ചത്. 10 മത്സരങ്ങളിൽ നിന്ന് 6 ജയവും 4 സമനിലയുമുള്ള അർജൻ്റീന 22 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
അതേസമയം മറ്റൊരു ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീൽ കൊളംബിയയോട് ഗോൾരഹിത സമനില വഴങ്ങി. ലോകകപ്പ് യോഗ്യതാ ഘട്ടത്തിൽ 9 മത്സരങ്ങളില്‍ തുടര്‍ച്ചയായ വിജയം കൊയ്ത ബ്രസീലിന്റെ ആദ്യ സമനിലയായിരുന്നു. ബ്രസീൽ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞുനിർത്തിയ കൊളംബിയ ഇടക്കിടെ കൗണ്ടർ അറ്റാക്കുകളിലൂടെ ബ്രസീലിനെ ഞെട്ടിക്കുകയും ചെയ്തിരുന്നു. എങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. 10 മത്സരങ്ങളിൽ നിന്ന് ഒരു സമനിലയും 9 ജയവും സഹിതം 28 പോയിന്റോടെ ബ്രസീല്‍ തന്നെയാണ് പോയിൻ്റ് പട്ടികയിൽ ഒന്നാമത്.