'മെസി അവിടെ നിൽക്കട്ടെ', ആ പണം കൊണ്ട് ഇവിടെ ഗ്രൗണ്ട് നിർമിക്കൂ: ആഷിഖ് കുരുണിയൻ
|''ഒഡീഷയിലായിരുന്നു ഇന്റർകോണ്ടിനന്റൽ ടൂർണമെന്റ് നടന്നത്, അവിടുത്തെ പരിശീലന കേന്ദ്രങ്ങളൊക്കെ യൂറോപ്പ് മാതൃകയിലാണ്''
സുല്‍ത്താന്‍ബത്തേരി: അർജന്റീനയെ കളിപ്പിക്കാൻ കോടികൾ ചെലവാക്കുന്നതിന് പകരം പരിശീലന ഗ്രൗണ്ടുകൾ തയ്യാറാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ഇന്ത്യൻ താരം ആഷിഖ് കുരുണിയൻ. രാജ്യാന്തര താരങ്ങൾക്ക് പോലും പരിശീലനം നടത്താൻ ഗ്രൗണ്ടില്ലാത്ത അവസ്ഥയാണ് കേരളത്തിൽ. സാഫ് കപ്പ് വിജയത്തിന് ശേഷം മീഡിയവണിനോട് സംസാരിക്കുകയായിരുന്നു ആഷിഖ്.
'ഇവിടെ പ്രാക്ടീസ് ചെയ്യാൻ ഒരു ഗ്രൗണ്ടില്ല. ഒരുപാട് ഐ.എസ്.എൽ കളിക്കാർ എന്റെ നാടായ മലപ്പുറത്ത് ഉണ്ട്. അണ്ടർ 19യിലുൾപ്പെടെ ഇന്ത്യക്ക് വേണ്ടി കളിക്കുന്നവരും ഉണ്ട്. സെവൻസ് കളിക്കുന്ന ടർഫിലാണ് അതും വാടക്ക് എടുത്ത് ഞങ്ങളൊക്കെ പ്രാക്ടീസ് ചെയ്യുന്നത്. സെവൻസ് കളിക്കുന്ന ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്തത് കൊണ്ട് ഒരു ഗുണവും ഇല്ല- ആഷിഖ് പറഞ്ഞു.
മലപ്പുറത്ത് ആകെ രണ്ട് സ്റ്റേഡിയങ്ങളാണ് ഉള്ളത്, മഞ്ചേരിയും കോട്ടപ്പടിയും ഈ രണ്ട് സ്റ്റേഡിയങ്ങളും ടൂർണമന്റിനല്ലാതെ തുറക്കില്ല. ഏത് സർക്കാറാണെങ്കിലും കാലങ്ങളായി ഇങ്ങനെയാണ്. ഫുട്‌ബോളിനെ വളർത്താൻ ശരിക്കും ലക്ഷ്യമിടുന്നെങ്കിൽ ആദ്യം കളിക്കാർക്ക് വളർന്നുവരാനുള്ള സൗകര്യങ്ങളാണ് ഒരുക്കേണ്ടത്- ആഷിഖ് വ്യക്തമാക്കി. ഇഗോർ സ്റ്റിമാച്ച് പരിശീലകനായി വന്ന സമയത്ത് ഓഫ് സീസണിൽ നാട്ടിൽപോയി പരിശീലിക്കാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഗ്രൗണ്ടില്ലാത്തതിനാൽ എനിക്കതിന് കഴിഞ്ഞില്ല- ആഷിഖ് പറഞ്ഞു.
മലപ്പുറത്തെ അവസ്ഥ മാത്രമല്ല കേരളത്തിലെ എല്ലാ ജില്ലകളിലും അവസ്ഥ ഇതാണ്, പ്രാക്ടീസ് ചെയ്യാൻ പാകത്തിൽ നിലവാരമുള്ള ഒരു ഗ്രൗണ്ടും എവിടെയുമില്ല. ഒഡീഷയിലായിരുന്നു ഇന്റർകോണ്ടിനന്റൽ ടൂർണമെന്റ് നടന്നത്, അവിടുത്തെ പരിശീലന കേന്ദ്രങ്ങളൊക്കെ യൂറോപ്പ് മാതൃകയിലാണ്. ഒരു കോമ്പൗണ്ടിനുള്ളിൽ തന്നെ മൂന്നിലധികം ക്വാളിറ്റിയുള്ള മൈതാനങ്ങൾ ഉണ്ട്. അവിടുന്ന് ഒരൊറ്റ ഐ.എസ്.എൽ കളിക്കാർ പോലും ഇല്ലെന്ന് ഓർക്കണം, കേരളത്തിൽ നിന്ന് എത്ര കളിക്കാർ ദേശീയ ടീമിലും ഐ.എസ്.എല്ലിലും കളിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾക്ക് അത്തരത്തിലുള്ളൊരു സൗകര്യമില്ലെന്നും ആഷിഖ് കൂട്ടിച്ചേര്‍ത്തു.
Watch Video