മെസി ജനുവരിയിൽ ബാഴ്സയിലേക്ക്?; കാരണമിതാണ്
|മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ പ്ലേ ഓഫിലേക്ക് അഞ്ച് പോയിന്റ് അകലെയാണ് ഇന്റർ മയാമി.
അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ നിന്ന് മെസി മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ഇന്റർ മയാമി ഈസ്റ്റേൺ കോൺഫറൻസ് പ്ലേ ഓഫിൽ എത്തിയില്ലെങ്കിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരം ലോണിൽ ബാഴ്‌സലോണയിലെത്തുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ പ്ലേ ഓഫിലേക്ക് അഞ്ച് പോയിന്റ് അകലെയാണ് ഇന്റർ മയാമി. എം.എൽ.എസ് സീസൺ ഒക്‌ടോബർ 21ന് അവസാനിക്കും. ഇന്റര്‍ മയാമിക്ക് പ്ലേ ഓഫുകൾ നഷ്ടമായാൽ മെസിയുടെ സീസൺ ഇതോടെ അവസാനിക്കും.
17 വർഷം ചെലവഴിച്ച ബാഴ്സയിൽ നിന്ന് ശരിയായ വിടവാങ്ങൽ മെസി ആഗ്രഹിക്കുന്നുണ്ട്. നേരത്തെ ബെക്കാം എ.സി മിലാനിലേക്കും തിയറി ഹെൻട്രി ആഴ്സനലിലേക്കും എം.എൽ.എസിൽ നിന്ന് ഇത്തരത്തിൽ ലോണിൽ പോയിരുന്നു.
2021ൽ പിഎസ്ജിയിലേക്ക് പോയത് മുതൽ ബാഴ്സയിലേക്കുള്ള മടക്കം മെസി ആഗ്രഹിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്റർ മിയാമിയിലേക്ക് മാറുന്നതിന് മുമ്പ്, ബാഴ്‌സയുമായി താൻ ചർച്ച നടത്തിയിരുന്നതായി മെസി സമ്മതിച്ചിരുന്നു. എന്നാൽ ക്ലബ്ബിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ നീക്കം വളരെ സങ്കീർണമാക്കുകയായിരുന്നു.
തുടർന്നാണ് ഈ വർഷം 36കാരനായ താരം മയാമിയിലേക്ക് ചേക്കേറിയത്. പിഎസ്ജി വിട്ട് മയാമിയിലെത്തിയ മെസിക്ക് 150 ദശലക്ഷം ഡോളർ (ഏകദേശം 1230 കോടി രൂപ) പ്രതിഫലമാണ് കരാർ. ശമ്പളം, ബോണസ്, ക്ലബ്ബിൽ ലഭിക്കുന്ന ഓഹരി പങ്കാളിത്തം എന്നിവയെല്ലാം കൂടിച്ചേരുന്നതാണ് ഈ തുക.
അമേരിക്കയിലെത്തിയ മെസി ഇതുവരെ 11 ഗോളുകളും എട്ട് അസിസ്റ്റുകളും ടീമിനായി സംഭാവന ചെയ്തു. മെസി വീരനായകനായപ്പോൾ അടുത്തിടെ നടന്ന മേജർ ലീഗ് കപ്പിൽ മയാമി കിരീടത്തിൽ മുത്തമിടുകയും ചെയ്തിരുന്നു. ക്ലബ് ചരിത്രത്തില്‍ ഇന്‍റര്‍ മയാമിയുടെ കന്നിക്കിരീടമായിരുന്നു ഇത്.