Football
പ്രതിഫലത്തിൽ മെസി മുന്നിൽ; രണ്ടാം സ്ഥാനത്ത് നെയ്മർ, പി.എസ്.ജിയിലെ ശമ്പളക്രമം ഇങ്ങനെ
Football

പ്രതിഫലത്തിൽ മെസി മുന്നിൽ; രണ്ടാം സ്ഥാനത്ത് നെയ്മർ, പി.എസ്.ജിയിലെ ശമ്പളക്രമം ഇങ്ങനെ

André
|
11 Aug 2021 1:34 PM GMT

ബോണസ്, പ്രതിച്ഛായാ പ്രതിഫലം, ജഴ്‌സി വിൽപനയിലെ പങ്ക്, പരസ്യവരുമാനം എന്നിങ്ങനെ വാർഷിക പ്രതിഫലത്തിലേറെ തുക അർജന്റീനക്കാരന് ലഭിക്കും

ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജർമനിലെത്തിയ സൂപ്പർ താരം ലയണൽ മെസി തന്റെ പുതിയ ക്ലബ്ബിൽ ഏറ്റവുമധികം വാർഷിക പ്രതിഫലം വാങ്ങുന്ന കളിക്കാരനാവും. നാല് വർഷം മുമ്പ് പാരിസിലെത്തിയ ബ്രസീൽ താരം നെയ്മറിനെയും യുവ സെൻസേഷൻ കെയ്‌ലിയൻ എംബാപ്പെയെയുമാണ് അർജന്റീനക്കാരൻ പിന്നിലാക്കിയത്. ബാഴ്‌സയിൽ വാങ്ങിയതിനേക്കാൾ കുറവായിരിക്കും പി.എസ്.ജിയിൽ മെസിയുടെ ശമ്പളമെങ്കിലും, നിലവിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഫുട്‌ബോൾ താരമെന്ന പദവിയിൽ നിന്ന് മെസി താഴേക്കിറങ്ങിയിട്ടില്ല.

ഫ്രീ ഏജന്റായി എത്തിയ മെസ്സിക്ക് വാർഷിക ശമ്പളയിനത്തിൽ മാത്രം 40 ദശലക്ഷം യൂറോ (ഏകദേശം 350 കോടി രൂപ) നൽകാമെന്നാണ് പി.എസ്.ജി സമ്മതിച്ചിരിക്കുന്നത് എന്ന് സ്പാനിഷ് ഫുട്ബോൾ പ്രസിദ്ധീകരണം മാർക്ക റിപ്പോർട്ട് ചെയ്യുന്നു. ബാഴ്‌സയുമായുള്ള അവസാന കരാറിൽ 70 ദശലക്ഷം (610 കോടി) ആയിരുന്നു പ്രതിവർഷ വേതനം. ക്ലബ്ബിലെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് ഇത് പകുതിയായി കുറക്കാൻ താരം സന്നദ്ധനുമായിരുന്നു. എന്നാൽ, ആ തുകയും നൽകാൻ കഴിയില്ലെന്നതിനാലാണ് ബാഴ്‌സ കരാർ പുതുക്കാൻ വിസമ്മതിച്ചത്.

2017-ൽ ബാഴ്‌സയിൽ നിന്ന് 222 ദശലക്ഷം യൂറോ നൽകി സ്വന്തമാക്കിയ നെയ്മറിനാണ് ഇതുവരെ പി.എസ്.ജി കൂടുതൽ ശമ്പളം നൽകിയിരുന്നത്. നിലവിലുള്ള കരാറിൽ നെയ്മറിന് വാർഷിക ശമ്പളമായി ലഭിക്കുന്നത് 36 ദശലക്ഷം യൂറോ (313 കോടി രൂപ) ആണ്. 25 ദശലക്ഷമാണ് (218 കോടി രൂപ) കെയ്‌ലിയൻ എംബാപ്പെയുടെ വാർഷിക ശമ്പളം.

റയൽ മാഡ്രിഡ് വിട്ടെത്തിയ സ്പാനിഷ് പ്രതിരോധതാരം സെർജിയോ റാമോസിനാണ് പ്രതിഫലക്കാര്യത്തിൽ നാലാം സ്ഥാനം. 20 ദശലക്ഷം യൂറോയാണ് റാമോസിന് ലഭിക്കുക. ഇറ്റാലിയൻ ലീഗിൽ നിന്നെത്തിയ ഗോൾകീപ്പർ ഗ്യാൻലുഗി ഡോണറുമ്മ, ടീമിലെ പ്രധാന താരങ്ങളായ മാർക്വിഞ്ഞോസ്, മാർകോ വെരാറ്റി, എയ്ഞ്ചൽ ഡിമരിയ, കെയ്‌ലർ നവാസ്, പ്രസ്‌നൽ കിംപെംബെ, മൗറോ ഇക്കാർഡി എന്നിവർക്ക് 10 ദശലക്ഷത്തിനും 15 ദശലത്തിനുമിടയിൽ യൂറോ ആണ് വാർഷിക വേതനം.

വാർഷിക ശമ്പളത്തിനു പുറമെ മറ്റു വഴികളിലൂടെയും കോടികൾ മെസിയുടെ അക്കൗണ്ടിലെത്തും. ബോണസ്, പ്രതിച്ഛായാ പ്രതിഫലം, ജഴ്‌സി വിൽപനയിലെ പങ്ക്, പരസ്യവരുമാനം എന്നിങ്ങനെ വാർഷിക പ്രതിഫലത്തിലേറെ തുക അർജന്റീനക്കാരന് ലഭിക്കും. 130 ദശലക്ഷം ഡോളർ (965 കോടി രൂപ) ആയിരിക്കും അടുത്ത ഒരു വർഷത്തിൽ മെസിക്ക് ലഭിക്കുന്ന മൊത്തം വരുമാനമെന്ന് ഫോർബ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ലോക ഫുട്‌ബോളർമാരിലെ വരുമാനക്കാര്യത്തിൽ മെസിക്കു പിന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്നും ഫോർബ്‌സ് പറയുന്നു. 120 ദശലക്ഷം ഡോളർ (890 കോടി രൂപ) ആണ് ക്രിസ്റ്റ്യാനോയുടെ വാർഷിക വരുമാനം. ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ 31 ദശലക്ഷം യൂറോ (270 കോടി രൂപ) ആണ് ക്രിസ്റ്റിയാനോയുടെ വാർഷിക സമ്പാദ്യം.

Related Tags :
Similar Posts