Football
ഈ വിജയം നിങ്ങള്‍ക്കുള്ളത്... അന്തിമയുദ്ധത്തിൽ വീണുപോയ സൈന്യാധിപനല്ല, കിരീടവും ചെങ്കോലുമുള്ള രാജാവ്
Football

ഈ വിജയം നിങ്ങള്‍ക്കുള്ളത്... അന്തിമയുദ്ധത്തിൽ വീണുപോയ സൈന്യാധിപനല്ല, കിരീടവും ചെങ്കോലുമുള്ള രാജാവ്

ഷെഫി ഷാജഹാന്‍
|
11 July 2021 3:56 AM GMT

ആരാധക പ്രതീക്ഷകളുടെ അമിതഭാരത്തിൽ ആ ഇടങ്കാൽ തളർന്നില്ല, ഒരിക്കൽ തലകുനിച്ച മാരക്കാനയുടെ പച്ചപ്പിൽ അയാൾ മിശിഹയായി

എല്ലാ പ്രതീക്ഷകളുടെയും അമിത ഭാരവും പേറി നായകന്‍റെ ആം ബാന്‍ഡുമണിഞ്ഞ് മുന്നില്‍ നിന്ന് നയിച്ച മെസിയോട് കാലം ഒടുവില്‍ നീതി കാട്ടി...ഫുട്ബോള്‍ ദൈവങ്ങളും.. അന്തിമയുദ്ധത്തില്‍ വീണുപോയ സൈന്യാധിപനല്ല ഇനിയദ്ദേഹം കിരീടവും ചെങ്കോലുമുള്ള രാജാവാണ്...



സാക്ഷാല്‍ മറഡോണക്ക് സാധിക്കാത്തത് ഫുട്ബോളിന്‍റെ മിശിഹക്ക് സാധ്യമായിരിക്കുന്നു. ഒരു സംശയത്തിനുമിടയുണ്ടാകില്ല, ഈ കിരീടത്തിന്‍റെ അവകാശി ആരാണെന്നതില്‍.. റൊസാരിയോയുടെ ഒരേയൊരു രാജകുമാരന്‍ തന്നെയാണ് അതിന് അര്‍ഹന്‍


വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിരീടത്തിലേക്കുള്ള അർജന്‍റീനയുടെ യാത്രയിൽ ലയണല്‍ മെസ്സിയെന്ന നായകന്‍റെ ബൂട്ടില്‍ നിന്ന് പിറന്നത് എണ്ണം പറഞ്ഞ നാലു ഗോളുകൾ. അഞ്ച് അസിസ്റ്റുകൾ. പ്രതീക്ഷകളുടെ അമിത സമ്മര്‍ദങ്ങളെ അയാള്‍ ഒരു പരിധി വരെ അതിജീവിച്ചു എന്നതിന്‍റെ തെളിവായിരുന്നു അത്. അയാളുടെ വേഗമേറിയ കാലുകളെ അത്രമേല്‍ ആശ്രയിച്ച രാജ്യത്തിന് കിരീടം സമ്മാനിച്ച് മിശിഹ ഇന്ന് ചിരിച്ചു... നിഷ്കളങ്കമായ പുഞ്ചിരി.



കത്രികപ്പൂട്ടുകളെ വെട്ടിയൊഴിഞ്ഞ് നേടിയ വിജയം

കുറേയധികം നാളുകളായി അര്‍ജന്‍റീനയെന്നാല്‍ മെസി എന്നായിരുന്നു എതിര്‍ടീമുകളുടെ പര്യായം. അതുകൊണ്ട് തന്നെ കളത്തില്‍ മെസിയെ തളച്ചാല്‍ അര്‍ജന്‍റീനയെ വീഴ്ത്താമെന്ന ബാലപാഠവുമായാണ് ഒരുവിധം എല്ലാ ടീമുകകളും കളത്തിലിറങ്ങിയത്. അത്രയധികം കത്രികപ്പൂട്ടുകളെ വെട്ടിയൊഴിഞ്ഞാണ് അയാൾ ഗോള്‍മുഖത്തേക്ക് ഇത്രയധികം തവണ നിറയൊഴിച്ചത്. കോട്ടകെട്ടിയ പ്രതിരോധമതിലികളുടെ ഇടയിലൂടെ വഴി തിരിച്ചുവിട്ട എത്ര ഷോട്ടുകളാണ് അയാള്‍ തൊടുത്തത്. ഇത്രയധികം മാര്‍ക്കിങ്ങുകളെയും അതിജീവിച്ച് കിരീടവുമായി കളംവിടുമ്പോള്‍ കോപ്പയിലെ ടോപ് സ്കോററെന്ന നേട്ടവും ടൂര്‍ണമെന്‍റിലെ മികച്ച താരമെന്ന പൊന്‍തൂവലും സ്വന്തം പേരിലാക്കിയാണ് മെസി മടങ്ങുന്നത്.


ഇതുവരെ മേജര്‍ ടൂര്‍ണമെന്‍റില്‍ ഒരു കിരീടനേട്ടം പോലും സ്വന്തമാക്കാന്‍ കഴിയാതെ പോയ നിരവധി ഇതിഹാസ താരങ്ങളുടെ ഒപ്പമായിരുന്നു ഇത്രയും കാലം മെസിയുടെ പേര്. എന്നാല്‍ ഇനി അദ്ദേഹം കിരീടവും ചെങ്കോലും ഇല്ലാത്ത നിര്‍ഭാഗ്യവാനായ രാജാവല്ല, യുദ്ധത്തില്‍ പൊരുതി ജയിച്ച ഫുട്ബോള്‍ ചക്രവര്‍ത്തിയാണ്.

ഫൈനലുകളിലെ നിര്‍ഭാഗ്യം

ഇതിന് മുമ്പ് നാലു തവയാണ് മെസ്സി അർജന്‍റീനിയന്‍ ജഴ്സിയില്‍ മേജർ ഫൈനൽ കളിച്ചത്. അന്നെല്ലാം പരാജയത്തിന്‍റെ കയ്പ്പുനീരുമായി തലകുനിച്ച് മടങ്ങാനായിരുന്നു അദ്ദേഹത്തിന്‍റെ വിധി. 2007ലെ കോപ്പ അമേരിക്ക ഫൈനൽ ആയിരുന്നു മെസ്സിയുടെ ആദ്യത്തെ ഫൈനൽ. റോബര്‍ട്ടോ അയാളയും റിക്വില്‍മിയും മെസിയുമെല്ലാം അടങ്ങിയ അര്‍ജന്‍റീനയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ അന്ന് കിരീടവുമായി മടങ്ങിയത്.

എന്നും കണ്ണീരോടെ മാത്രം ഓര്‍ത്തെടുക്കാന്‍ കഴിയുന്ന 2014ലെ ലോകകപ്പ് ഫൈനൽ ആയിരുന്നു മെസ്സിയുടെ കരിയറിലെ രണ്ടാമത്തെ ഫൈനൽ. അന്ന് അര്‍ജന്‍റീനയുടെ ഘാതകനായത് ഗോട്സെയാണ്. മെസിയുടേയും അര്‍ജന്‍റീനയുടേയും ഇടനെഞ്ചിലേക്ക് നിറയൊഴിച്ച മരിയോ ഗോട്സെയുടെ ഒറ്റ ഗോളില്‍ അന്ന് ജര്‍മനി കിരീടം ചൂടി.

പിന്നീട് 2015ലും 2016ലും കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് തോല്‍വി. രണ്ടും പെനാല്‍റ്റി ഷൂട്ടൌട്ടില്‍. അന്ന് പാഴാക്കിയ പെനാല്‍റ്റി മെസിയുടെ കരിയറിലുടനീടം വേട്ടായാടിയിരുന്നു. മറ്റൊരു വേദനിപ്പിക്കുന്ന ഘടകം അര്‍ജന്‍റീന ഈറനണിഞ്ഞ ഈ നാലു ഫൈനലുകളിലും ഒരുതവണ പോലും വല കുലുക്കാന്‍ മെസിക്കായില്ല എന്നതാണ്. അന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത് ബാർസിലോനയുടെ ജഴ്സിയിൽ മെസി സമാനതകളില്ലാത്ത കിരീടനേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതിനെക്കുറിച്ചായിരുന്നു. ബാഴ്സക്കൊപ്പമുള്ള മെസിയുടെ 17 ഫൈനലുകളില്‍ 13ലും ടീം ജയം നേടി. അതില്‍ വിജയിച്ച പതിമൂന്ന് ഫൈനലുകളിലും മെസി ഗോളുമടിച്ചിരുന്നു.

പക്ഷേ ഇന്ന് കോപ്പയില്‍ ബ്രസീലിനെ കീഴടക്കി കിരീടം ചൂടുമ്പോഴും മെസിയുടെ ബൂട്ടില്‍ നിന്ന് ഗോള്‍ പിറന്നില്ല. എങ്കിലും ഈ കിരീടം അദ്ദേഹം മുന്നിൽ നിന്ന് നയിച്ചതാണെന്നതിന് മറ്റൊരു തെളിവിന്‍റെയും ആവശ്യമില്ല. ഈ ടൂര്‍ണമെന്‍റിന്‍റെ താരം, ടോപ് സ്കോറര്‍ പട്ടം ഇതുരണ്ടും മെസിയുടെ ഷോക്കേസില്‍ ഭദ്രമായിരുന്നു. എല്ലാത്തിനുമുപരി 'മെസി ഫാക്ടര്‍' എന്ന ദൃശ്യമായ ശക്തി അര്‍ജന്‍റീനയുടെ വിജയക്കതിപ്പിന്‍റെ ഇന്ധനമായിരുന്നു.



ഖത്തറില്‍ അടുത്ത ഫുട്ബോള്‍ ലോകകപ്പിന് ആദ്യ വിസില്‍ മുഴങ്ങാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കൌണ്ട്ഡൌണ്‍ ആരംഭിച്ചുകഴിഞ്ഞു. കോപ്പയില്‍ മുത്തമിട്ട് ആരാധകരുടെ കണ്ണും മനസും നിറച്ച ഫുട്ബോള്‍ മിശിഹ ഒരു ലോകകപ്പ് കിരീടം കൂടി ഉയര്‍ത്തി നേടി തന്‍റെ കരിയർ അവസാനിപ്പിക്കുമോ..? ആരാധക പ്രതീക്ഷകളുടെ ഭാരത്താൽ ആ ഇടങ്കാൽ തളരാതിരിക്കണം... എങ്കില്‍ കിരീടം മെസ്സിക്ക് മാത്രമല്ല ഫുട്ബോള്‍ ലോകത്തിനാകെ അലങ്കാരമാവും.

Similar Posts